ദൃശ്യം 2 നായി സര്‍ക്കാര്‍ സംരക്ഷിത പച്ചത്തുരുത്ത് കയ്യേറി സെറ്റ് നിര്‍മ്മിച്ചെന്ന് പരാതി; നിര്‍മാണം തടഞ്ഞ് ഹരിതമിഷന്‍; ഇടപെട്ട് കളക്ടര്‍
Kerala
ദൃശ്യം 2 നായി സര്‍ക്കാര്‍ സംരക്ഷിത പച്ചത്തുരുത്ത് കയ്യേറി സെറ്റ് നിര്‍മ്മിച്ചെന്ന് പരാതി; നിര്‍മാണം തടഞ്ഞ് ഹരിതമിഷന്‍; ഇടപെട്ട് കളക്ടര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 17th October 2020, 10:57 am

തൊടുപുഴ: ദൃശ്യം 2 സിനിമയുടെ ചിത്രീകരണത്തിനായി സര്‍ക്കാര്‍ സംരക്ഷിത പച്ചത്തുരുത്ത് കയ്യേറി സെറ്റ് നിര്‍മിച്ചെന്ന് പരാതി. കുടയത്തൂര്‍ കൈപ്പകവലയില്‍ ഒരുക്കുന്ന സെറ്റിനെപ്പറ്റിയാണ് പരാതി ഉയര്‍ന്നത്.

തൊടുപുഴ കുടയത്തൂര്‍ പഞ്ചായത്തിന്റെ പരാതിയെ തുടര്‍ന്ന് ജില്ലാ കളക്ടര്‍ ഇടപെടുകയും 25000 രൂപ കെട്ടിവെച്ച് ചിത്രീകരണം നടത്താന്‍ അനുമതി നല്‍കുകയുമായിരുന്നു.

ഹരിതകേരളം പദ്ധതിക്ക് കീഴില്‍ കുടുംബശ്രീ അംഗങ്ങളുടെ സഹായത്തോടെ സര്‍ക്കാര്‍ ഭൂമിയില്‍ തൈകള്‍ നട്ട് വനമാക്കുന്ന പച്ചതുരുത്ത് പദ്ധതി പ്രദേശത്താണ് സിനിമാസംഘം സെറ്റിട്ടത്. എന്നാല്‍ സംസ്ഥാനത്തെ 1261 പച്ചതുരുത്തുകളില്‍ ഒന്നാണിതെന്നറിയാതെയായിരുന്നു സിനിമാ സെറ്റ് തയ്യാറാക്കിയത്.

കഴിഞ്ഞ ദിവസം പദ്ധതി ഉദ്ഘാടനത്തിന് ശേഷം കേരള സര്‍ക്കാര്‍ പച്ചതുരുത്ത് എന്ന ബോര്‍ഡ് ഇവിടെ സ്ഥാപിച്ചിരുന്നെങ്കിലും അത് അണിയറ പ്രവര്‍ത്തകര്‍ ശ്രദ്ധിച്ചിരുന്നില്ല. നിര്‍മാണം തുടര്‍ന്നതോടെ കുടയത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ സ്ഥലത്ത് എത്തിയ ഹരിത മിഷന്‍ പ്രവര്‍ത്തകര്‍ ഇത് തടഞ്ഞു.

പഞ്ചായത്തിന്റെ അനുമതിയില്ലാതെയാണ് ദൃശ്യം സിനിമയുടെ ഷൂട്ടിങ് ആരംഭിച്ചതെന്ന് പഞ്ചായത്ത് പ്രസിഡന്റ് പുഷ്പ വിജയന്‍ പറഞ്ഞു. തൈകള്‍ സംരക്ഷിക്കുമെന്ന് അവര്‍ പറഞ്ഞെങ്കിലും പഞ്ചായത്തിന് ഇക്കാര്യത്തില്‍ ആശങ്കയുണ്ടെന്നായിരുന്നു പ്രസിഡന്റ് അറിയിച്ചത്.

പഞ്ചായത്തിന്റെ പരാതിയെ തുടര്‍ന്ന് ജില്ലാ കളക്ടര്‍ വിഷയത്തില്‍ ഇടപെടുകയും 25000 രൂപ ബോണ്ടിന്മേല്‍ പഞ്ചായത്തിന്റെ മേല്‍നോട്ടത്തില്‍ ചിത്രീകരണം തുടരാന്‍ അനുവദിക്കുകയുമായിരുന്നു.

ദൃശ്യം സിനിമയുടെ ആദ്യഭാഗത്തിനും ഈ പ്രദേശത്ത് സെറ്റ് ഇട്ടിരുന്നു. അന്ന് പക്ഷേ പച്ചതുരുത്ത് ഉണ്ടായിരുന്നില്ല. ദൃശ്യം ആദ്യ ഭാഗത്തിലെ പൊലീസ് സ്റ്റേഷന്‍ ഉള്‍പ്പടെയുള്ള ലൊക്കേഷന്റെ സെറ്റ് ഇവിടെയായിരുന്നു.

മുവാറ്റുപുഴ വാലി ഇറിഗേഷന്‍ പദ്ധതി പ്രദേശത്ത് നേരത്തെ തന്നെ ചിത്രീകരണ അനുമതി വാങ്ങിയിരുന്നതായി ദൃശ്യം 2 സിനിമാ സംഘം വ്യക്തമാക്കി. പച്ചതുരുത്ത് നശിപ്പിക്കാതെ ചിത്രീകരണം തുടരുമെന്നും അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Thodupuzha Drishyam 2 film shooting complaint by haritha mission