| Friday, 10th May 2019, 12:47 pm

തൊടുപുഴയില്‍ ഏഴുവയസ്സുകാരനെ മര്‍ദിച്ചുകൊന്ന കേസില്‍ അമ്മ അറസ്റ്റില്‍; ചുമത്തിയിരിക്കുന്നത് 10 വര്‍ഷം തടവുശിക്ഷ ലഭിക്കാവുന്ന കുറ്റം

ഡൂള്‍ന്യൂസ് ഡെസ്‌ക്

തൊടുപുഴ: കുമാരമംഗലത്ത് ഏഴുവയസ്സുകാരനെ മര്‍ദിച്ചുകൊന്ന കേസില്‍ അമ്മ അറസ്റ്റില്‍. കുറ്റകൃത്യം മറച്ചുവെയ്ക്കല്‍, തെളിവ് നശിപ്പിക്കല്‍ എന്നീ കുറ്റങ്ങള്‍ കുട്ടിയുടെ അമ്മയ്‌ക്കെതിരേ ചുമത്തും.

എറണാകുളത്തു മാനസിക ചികിത്സയിലായിരുന്നു അവര്‍. ബാലനീതി നിയമം 75-ാം വകുപ്പുപ്രകാരം ഇവര്‍ക്കെതിരേ കേസെടുക്കാന്‍ ശിശുക്ഷേമ സമിതിയാണ് പൊലീസിനു നിര്‍ദേശം നല്‍കിയത്. കുട്ടികളെ ആക്രമിക്കുകയോ ഉപദ്രവിക്കുകയോ അല്ലെങ്കില്‍ അതിനു കൂട്ടുനില്‍ക്കുകയോ ചെയ്യുക, ബോധപൂര്‍വം കുട്ടികളെ അവഗണിക്കുകയും അതിലൂടെ അവരില്‍ മാനസിക, ശാരീരിക സമ്മര്‍ദം എല്‍പ്പിക്കുക തുടങ്ങിയവയാണ് 75-ാം വകുപ്പിന്റെ പരിധിയില്‍ വരുന്ന കുറ്റങ്ങള്‍. 10 വര്‍ഷം വരെ തടവും അഞ്ചുലക്ഷം രൂപ പിഴയും ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണിത്.

അമ്മയുടെ സുഹൃത്തിന്റെ മര്‍ദനത്തിനിരയായാണ് കുട്ടി മരിച്ചത്. ഇതേത്തുടര്‍ന്നു തിരുവനന്തപുരം സ്വദേശി അരുണ്‍ ആനന്ദിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാളിപ്പോള്‍ റിമാന്‍ഡിലാണ്.

മര്‍ദനത്തെത്തുടര്‍ന്നു കുട്ടിയുടെ തലച്ചോറില്‍ രക്തസ്രാവം ഉണ്ടാകുകയും മസ്തിഷ്‌കമരണം സംഭവിക്കുകയും ചെയ്തിരുന്നു.

കഴിഞ്ഞദിവസം കുട്ടിയുടെ ഇളയ സഹോദരന്റെ സംരക്ഷണം കുട്ടിയുടെ അച്ഛന്റെ മാതാപിതാക്കള്‍ക്കു നല്‍കിയിരുന്നു. ഇടുക്കി ജില്ലാ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി മുമ്പാകെ നടന്ന ഹിയറിംഗിലായിരുന്നു തീരുമാനം. ഒരു മാസത്തേക്കാണു താത്കാലികസംരക്ഷണം തിരുവനന്തപുരം സ്വദേശികളായ മുത്തശ്ശനും മുത്തശ്ശിക്കും നല്‍കിയിരിക്കുന്നത്.

We use cookies to give you the best possible experience. Learn more