ലാ പാസ്: മത്സരത്തിനിടെ ഏറ്റവും കൂടുതല്‍ സംഘര്‍ഷമുണ്ടാകുന്ന കായിക ഇനങ്ങളിലൊന്നാണ് ഫുട്‌ബോള്‍. മത്സരത്തിനിടെ ഫൗള്‍ ചെയ്യുന്നതിന്റെ പേരിലും പ്രകോപിപ്പിക്കുന്നതിന്റെ പേരിലും താരങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടുന്നതും റഫറി ചുവപ്പ് കാര്‍ഡ് കാണിക്കുന്നതും ഫുട്‌ബോള്‍ മൈതാനത്തെ പതിവു കാഴ്ചയാണ്.
താരങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടുന്നതിനു പുറമേ, എതിര്‍ ടീമിന്റെ കോച്ചിങ്ങ് സ്റ്റാഫിനോടും പരിശീലകനോടും താരങ്ങള്‍ ഏറ്റുമുട്ടാറുണ്ട്. എന്നാല്‍ മൈതാനത്ത് നിന്നു സ്വന്തം ടീമിന്റെ പരിശീലകനെ തല്ലുന്ന അപൂര്‍വ്വ കാഴ്ചയ്ക്ക സാക്ഷിയായിരിക്കുകയാണ് ബൊളീവിയന്‍ ഫുട്‌ബോള്‍. മത്സരത്തിനിടെ തന്നെ പിന്‍വലിച്ചതിനായിരുന്നു ബ്രസീലിയന്‍ താരം തിയാഗോ ഡോസ് സാന്റോസ് പരിശീലകനുമായി ഏറ്റുമുട്ടിയത്.
കഴിഞ്ഞദിവസം ബൊളിവിയയില്‍ നാഷണല്‍ പൊട്ടോസിയും സ്പോര്‍ട്ട് ബോയ്സും തമ്മിലുള്ള മല്‍സരത്തിനിടെയായിരുന്നു പൊട്ടോസിയുടെ താരമായ തിയാഗോ പരിശീലക സംഘത്തെ നേരിട്ടത്. മത്സരത്തിന്റെ 32 ാം മിനിട്ടില്‍ പരിശീലകന്‍ തന്നെ പിന്‍വലിച്ചതാണ് താരത്തെ പ്രകോപിപ്പിച്ചത്. ഗ്രൗണ്ടിനു പുറത്തെത്തിയ താരം ആക്രോശിുകൊണ്ട് പരിശീലകനെ പിടിച്ച് തള്ളുകയായിരുന്നു.
ഉടന്‍ തന്നെ സഹതാരങ്ങളെത്തി തിയാഗോയെ പിടിച്ച മാറ്റിയെങ്കിലും തന്റെയടുത്തെത്തിയ സഹ പരിശീലകന്റെ മേലെയും തിയാഗോ തന്റെ പ്രതിഷേധമറിയിച്ചു. സഹതാരങ്ങള്‍ ഏറെ പണിപ്പെട്ടാണ് താരത്തെ ഇവിടെ നിന്നും നീക്കിയത്.
ഫുട്‌ബോള്‍ ലോകത്തിനു ഒന്നാകെ നാണക്കേടുണ്ടാക്കിയ സംഭവത്തിനു പിന്നാലെ താരം ടീം വിട്ടതായാണ് റിപ്പോര്‍ട്ടുകള്‍. മത്സരത്തില്‍ നാഷണല്‍ പൊട്ടോസി പരാജയപ്പെടുകയും ചെയ്തിരുന്നു.