| Saturday, 16th March 2019, 12:25 pm

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മോദി ജയിച്ചാല്‍ രാജ്യത്ത് ഇനിയൊരു തെരഞ്ഞെടുപ്പ് ഉണ്ടാവില്ലെന്ന് സാക്ഷി മഹാരാജ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഇത്തവണ പ്രധാനമന്ത്രി നരേന്ദ്രമോദി തെരഞ്ഞെടുപ്പില്‍ ജയിച്ചാല്‍ രാജ്യത്ത് ഇനിയൊരു പൊതുതെരഞ്ഞെടുപ്പ് ഉണ്ടാവില്ലെന്ന് ബി.ജെ.പി എം.പി സാക്ഷി മഹാരാജ്.

“എല്ലാവരും വോട്ടു ചെയ്യാന്‍ മുന്നോട്ടുവരണമെന്നാണ് എനിക്ക് പറയാനു്‌ളത്. കാരണം 2024ല്‍ മറ്റൊരു പൊതുതെരഞ്ഞെടുപ്പ് ഉണ്ടാവില്ല.” വ്യാഴാഴ്ച വൈകുന്നേരം ഉന്നാവോയില്‍ നടന്ന യോഗത്തില്‍ അദ്ദേഹം പറഞ്ഞു.

“ഞാനൊരു സന്യാസിയാണ്. എനിക്ക് ഭാവികാണാം. ഇത് ഈ രാജ്യത്തെ അവസാന തെരഞ്ഞെടുപ്പാണ്.” അദ്ദേഹം പറഞ്ഞു.

അതേസമയം, സാക്ഷി മഹാരാജിന്റെ പ്രസ്താവനയെ ആരും ഗൗരവത്തിലെടുക്കാറില്ലെന്നു പറഞ്ഞ് ബി.ജെ.പി തള്ളി. ” തോന്നിയ നേരത്ത് അദ്ദേഹത്തിന് തോന്നിയത് പറയാം. പിന്നീട് അതില്‍ നിന്ന് പിന്മാറാം. അദ്ദേഹം പറയുന്നത് ഞങ്ങള്‍ കാര്യമാക്കാറില്ല.” എന്നാണ് യു.പിയിലെ ഒരു ബി.ജെ.പി നേതാവ് പറഞ്ഞത്.

Also read:“”ദൈവത്തിന് പോലും നിങ്ങളുടെ ആവശ്യങ്ങള്‍ പൂര്‍ത്തീകരിക്കാനാവുന്നില്ല; പിന്നെയാണോ എം.പിക്ക്””: വിചിത്ര പ്രസ്താവനയുമായി കേന്ദ്രമന്ത്രി മഹേഷ് ശര്‍മ

ഏതുമതക്കാരായാലും മരിച്ചവരെ സംസ്‌കരിക്കണമെന്ന സാക്ഷി മഹാരാജാവിന്റെ പ്രസ്താവന ഏറെ വിവാദമായിരുന്നു. രാജ്യത്തെ ജനസംഖ്യാ വര്‍ധനവിന് ഉത്തരവാദികള്‍ നാല് ഭാര്യമാരും നാല്‍പ്പതു മക്കളുമുള്ളവരാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.

തനിക്ക് തെരഞ്ഞെടുപ്പില്‍ സീറ്റ് നല്‍കിയില്ലെങ്കില്‍ ബി.ജെ.പിക്ക് കനത്ത തിരിച്ചടി നേരിടേണ്ടിവരുമെന്ന് കഴിഞ്ഞയാഴ്ച സാക്ഷി മഹാരാജ് ഭീഷണി മുഴക്കിയിരുന്നു. എന്നാല്‍ ഉന്നാവോയില്‍ നിന്നും വീണ്ടും നാമനിര്‍ദേശം ചെയ്യപ്പെടുമെന്ന് ഉറപ്പുള്ളതിനാല്‍ താന്‍ പാര്‍ട്ടിക്കുവേണ്ടി കാമ്പെയ്ന്‍ ചെയ്യുമെന്ന് വ്യാഴാഴ്ച അദ്ദേഹം തിരുത്തിയിരുന്നു.

“നരേന്ദ്രമോദി അധികാരത്തിലിരിക്കുന്നിടത്തോളം കാലം രാജ്യം അഭിവൃദ്ധി പ്രാപിക്കുമെന്ന് എല്ലാവര്‍ക്കും അറിയാം. ചിലയാളുകള്‍ ഉത്കണ്ഠയിലാണ്. അവര്‍ പ്രിയങ്കാ ഗാന്ധിയേയും എസ്.പി-ബി.എസ്.പി സഖ്യവും കൊണ്ടുവന്നു. പക്ഷേ ആര്‍ക്കും മോദിയെ പരാജയപ്പെടുത്താനാവില്ല.” എന്നും സാക്ഷി മഹാരാജ് പറഞ്ഞിരുന്നു.

2019ലെ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി ജയിച്ചാല്‍ 50 വര്‍ഷത്തിനുള്ളില്‍ ആര്‍ക്കും ബി.ജെ.പിയെ താഴെയിറക്കാന്‍ കഴിയില്ലെന്ന് ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ പാര്‍ട്ടി ദേശീയ എക്‌സിക്യുട്ടീവില്‍ പറഞ്ഞിരുന്നു.

We use cookies to give you the best possible experience. Learn more