ഇത്തവണ ലയണല്‍ മെസിയും എര്‍ലിങ് ഹാലണ്ടും ബാലണ്‍ ഡി ഓര്‍ അര്‍ഹിക്കുന്നുണ്ടെന്ന് മാഞ്ചസ്റ്റര്‍ സിറ്റി പരിശീലകന്‍ പെപ് ഗ്വാര്‍ഡിയോള. ഇരുവര്‍ക്കും അവാര്‍ഡ് നല്‍കുന്ന കാര്യം ഫ്രാന്‍സ് ഫുട്‌ബോള്‍ പരിഗണിക്കണമെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ദിവസം മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെതിരെ നടന്ന മത്സരത്തിന് പിന്നാലെ മാധ്യമങ്ങളോട് സംസാരിക്കുമ്പോഴാണ് ഗ്വാര്‍ഡിയോള ഇക്കാര്യം പങ്കുവെച്ചത്. മത്സരത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റി എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് വിജയിച്ചിരുന്നു. സിറ്റിക്കായി ഹാലണ്ട് ഇരട്ട ഗോളുകള്‍ നേടി മത്സരത്തില്‍ തിളങ്ങിയിരുന്നു.
‘മെസിയോടും ഹാലണ്ടിനോടും എനിക്ക് വലിയ സ്‌നേഹമാണ്. മെസിയാണ് ബാലണ്‍ ഡി ഓറിന് അര്‍ഹനാകുന്നതെങ്കില്‍ ലോകകപ്പില്‍ മികച്ച പ്രകടനം കാഴ്ചവെച്ചുവെന്ന നിലയില്‍ അത് അര്‍ഹിക്കുന്ന അംഗീകാരമായിരിക്കും. ഇനി ഹാലണ്ടാണ് പുരസ്‌കാര ജേതാവാകുന്നതെങ്കില്‍ അത് കഴിഞ്ഞ സീസണിലെ തകര്‍പ്പന്‍ പ്രകടനത്തിന് അവന് കിട്ടുന്ന അംഗീകാരമാകും.
ഈ വര്‍ഷം അവര്‍ രണ്ട് അവാര്‍ഡുകള്‍ നല്‍കണമെന്നാണ് എനിക്ക് പറയാനുള്ളത്. മെസിയും ഹാലണ്ടും ഒരുപോലെ ബാലണ്‍ ഡി ഓറിന് അര്‍ഹരാണ്,’ ഗ്വാര്‍ഡിയോള പറഞ്ഞു.
അതേസമയം ഒക്ടോബര്‍ 30നാണ് ഫ്രാന്‍സ് ഫുട്‌ബോള്‍ നല്‍കുന്ന ബാലണ്‍ ഡി ഓര്‍ പുരസ്‌കാര ജേതാവിനെ പ്രഖ്യാപിക്കുക. മെസിയാകും ഇത്തവണത്തെ ബാലണ്‍ ഡി ഓര്‍ ജേതാവ് എന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍. കോപ്പ അമേരിക്കയും ഫൈനലിസിമയും ഫിഫ ലോകകപ്പുമുള്‍പ്പെടെ അര്‍ജന്റൈന്‍ ദേശീയ ടീമിനെ ട്രിപ്പിള്‍ ക്രൗണ്‍ ജേതാക്കളാക്കിയതാണ് ആല്‍ബിസെലസ്റ്റിന്റെ ക്യാപ്റ്റന് തുണയായിരിക്കുന്നത്.
അര്‍ജന്റൈന്‍ നായകന് ശക്തമായ പോരാട്ടം നല്‍കുന്നത് എര്‍ലിങ് ഹാലണ്ടാണ്. ദേശീയ ടീമിന് വേണ്ടി മെസി നേടിയ നേട്ടങ്ങളെല്ലാം തന്നെ മാഞ്ചസ്റ്റര്‍ സിറ്റിക്ക് വേണ്ടി ഹാലണ്ട് നേടിയിട്ടുണ്ട്. പ്രീമിയര്‍ ലീഗില്‍ ഒരു സീസണില്‍ ഏറ്റവുമധികം ഗോള്‍ നേട്ടത്തിന്റെ കിരീടം ഇതിനോടകം സ്വന്തമാക്കിയ ഹാലണ്ട് സിറ്റിക്ക് ക്വാഡ്രാപ്പിള്‍ കിരീടവും നേടിക്കൊടുത്തിട്ടുണ്ട്.
ലോകകപ്പില്‍ മികച്ച പ്രകടനം പുറത്തെടുത്ത് അര്‍ജന്റീനക്കായി കിരീടമുയര്‍ത്തിയതിന് പുറമെ ഫ്രഞ്ച് വമ്പന്‍ ക്ലബ്ബായ പി.എസ്.ജിക്കായി 20 ഗോളുകളും 21 അസിസ്റ്റുകളും മെസി അക്കൗണ്ടിലാക്കിയിട്ടുണ്ട്. പാരീസിയന്‍സിനായി ലീഗ് വണ്‍ ടൈറ്റില്‍ നേടുന്നതിലും താരം നിര്‍ണായക പങ്കുവഹിച്ചിരുന്നു. ഖത്തര്‍ ലോകകപ്പില്‍ ഏഴ് മത്സരങ്ങളില്‍ നിന്ന് ഏഴ് ഗോളുകളും മൂന്ന് അസിസ്റ്റുകളും അക്കൗണ്ടിലാക്കിയ മെസി ഗോള്‍ഡന്‍ ബോളും സ്വന്തമാക്കിയിരുന്നു.
Content Highlights: This time there are two Ballon d’Ors to be awarded; Both are great players: Pep Guardiola