ന്യൂദല്‍ഹി: മാതൃഭൂമി പത്രം മരണ ഇന്‍ഷുറന്‍സ് പരസ്യത്തിലൂടെ ലവ് ജിഹാദ് പ്രചരിപ്പിക്കുന്നുവെന്ന വിദ്വേഷ പ്രചരണവുമായി സംഘി നോര്‍ത്ത് ഇന്ത്യന്‍ പ്രൊഫൈലുകള്‍. ട്വിറ്ററിലൂടെയാണ് ഹിന്ദുത്വവാദികള്‍ ഇത്തരം പ്രചരണം നടത്തുന്നത്.
‘കേരളത്തിലെ ഏറ്റവും പ്രചാരമുള്ള രണ്ടാമത്തെ പത്രമായ മാതൃഭൂമി പത്രം മരണ ഇന്‍ഷുറന്‍സുമായി ബന്ധപ്പെട്ട പരസ്യത്തിലൂടെ ദിവസേന ലവ് ജിഹാദ് പ്രചരിപ്പിക്കുന്നു. പരസ്യത്തില്‍ മീശയില്ലാത്ത, താടിയുള്ള പുരുഷന്‍ (ഒരു സലഫിയാണെന്ന് സൂചിപ്പിക്കുന്നു) ഹിജാബ് ധരിക്കാത്ത കുങ്കുമം തൊട്ടിരിക്കുന്ന പെണ്‍കുട്ടിയെ കെട്ടിപ്പിടിച്ചിരിക്കുന്നു.
ടാഗ്‌ലൈനില്‍ നാളെ നമ്മുടെ വിവാഹമാണെന്ന് നല്‍കിയിരിക്കുന്നു. മാതൃഭൂമി കമ്മ്യൂണിസ്റ്റ് ആശയങ്ങള്‍ പ്രചരിപ്പിക്കാന്‍ വ്യാജവാര്‍ത്തകള്‍ നല്‍കുന്നു. ഹിന്ദു വിരുദ്ധ നിലപാടുള്ളത് പോലെ മാതൃഭൂമി മാതൃരാജ്യത്തിന് എതിരാണ്,’ എന്നാണ് രാകേഷ് കൃഷ്ണന്‍ സിംഹയുടെ അക്കൗണ്ടില്‍ പങ്കുവെച്ചിരിക്കുന്നത്. 47300 ഫോളോവേഴ്‌സുള്ള ഈ അക്കൗണ്ടിന് ബ്ലൂ ടിക്ക് വെരിഫിക്കേഷനുമുണ്ട്.
യുവതിക്ക് നേരെ നഗ്നതാ പ്രദര്‍ശനം നടത്തിയ കേസില്‍ അറസ്റ്റിലായ സവാദ് ജാമ്യം നേടി പുറത്തിറങ്ങിയപ്പോള്‍ ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ സ്വീകരണം നല്‍കിയതുമായി ബന്ധപ്പെട്ട് ട്വിറ്ററില്‍ വ്യാജ പ്രചരണം നടന്നിരുന്നു. ഹിന്ദു പെണ്‍കുട്ടിയെ ഉപദ്രവിച്ചതിന് മുസ്‌ലിം സമുദായത്തിലുള്ള ആളുകള്‍ സവാദിന് വീരോചിത സ്വീകരണം നല്‍കുന്നുവെന്നാണ് പ്രചരണം. ഈ പ്രചരണവും രാകേഷ് കൃഷ്ണയുടെ അക്കൗണ്ടില്‍ കാണാവുന്നതാണ്.
ബാല എന്ന പേരുള്ള വെരിഫൈഡ് ബ്ലൂ ടിക്കുള്ള അക്കൗണ്ടിലെ പ്രചരണമാണ് രാകേഷ് പങ്കുവെച്ചത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയടക്കം 1,61,000 പേര്‍ ഈ അക്കൗണ്ട് ഫോളോ ചെയ്യുന്നുണ്ട്.
‘ഇവന്‍ സവാദ് ഷാ, നിങ്ങള്‍ ഇവനെ നേരത്തെ ഒരു വീഡിയോയില്‍ കണ്ടിരിക്കാം, ഒരു ബസില്‍വെച്ച് ഇവനോടൊപ്പം ഇരുന്ന ഹിന്ദു പെണ്‍കുട്ടികളെ സ്വയംഭോഗം ചെയ്തുകൊണ്ട് ഇവന്‍ ശല്യപ്പെടുത്തിയിരുന്നു. തുടര്‍ന്ന് ഇതിന്റെ പേരില്‍ അറസ്റ്റ് ചെയ്യപ്പെട്ടെങ്കിലും അടുത്തിടെ ജാമ്യത്തില്‍ പുറത്തിറങ്ങുകയും ചെയ്തും.
ഇനി രണ്ടാമത്തെ ചിത്രം നോക്കൂ. അവന്റെ സമുദായത്തില്‍ നിന്ന് അയാള്‍ക്ക് എത്ര വീരോചിതമായ സ്വീകരണമാണ് ലഭിക്കുന്നത്. താന്‍ പീഡിപ്പിച്ച പെണ്‍കുട്ടികള്‍ ഹിന്ദുക്കളായതിനാല്‍ അവര്‍ ഒരു ക്രിമിനലിനെ പരസ്യമായി ആഘോഷിക്കുന്നു. എന്തൊരവസ്ഥയാണിത്. എത്ര ശിക്ഷ നല്‍കിയാലും ഈ മാനസികാവസ്ഥ ഇല്ലാതാക്കാന്‍ കഴിയില്ല,’ എന്ന സവാദ് ഷായെ മെന്‍സ് അസോസിയോഷന് ഭാരവാഹികള്‍ പൂമാലയിട്ട് സ്വീകരിക്കുന്ന ചിത്രം പങ്കുവെക്കുന്ന ട്വീറ്റാണ് രാകേഷ് കൃഷ്ണ പ്രചരിപ്പിച്ചത്.
രാകേഷ് കൃഷ്ണയെ കൂടാതെ അഗ്‌ളി ട്രൂത്ത് എന്ന ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്നും മാതൃഭൂമിക്കെതിരെ ഇതേ പ്രചരണം നടക്കുന്നുണ്ട്.
നേരത്തേ നടന്‍ മോഹന്‍ലാലിനെതിരെയും ട്വിറ്ററില്‍ വിദ്വേഷ പ്രചരണമുണ്ടായിരുന്നു. മോഹന്‍ലാല്‍ ഹിന്ദുക്കളെ അവഹേളിക്കാനുള്ള ഒരു അവസരവും പാഴാക്കില്ലെന്നാണ് തീവ്ര ഹിന്ദുത്വ പ്രൊഫൈലുകള്‍ പ്രചരണം നടത്തിയത്.
മോഹന്‍ലാലിന്റെ മകന്‍ പ്രണവ് മോഹന്‍ലാല്‍ അഭിനയിച്ച ഹൃദയം സിനിമയില്‍
നഗുമോ എന്ന പാട്ടില്‍ വാഴയിലയില്‍ ബീഫും പൊറോട്ടയും കഴിക്കുന്ന സീന്‍ ഉണ്ടെന്നാണ് ഒരു ട്വീറ്റ്.
ഹൈന്ദവ സംസ്‌കാരം നശിപ്പിക്കാന്‍ ആരാണ് ‘മല്ലുവുഡിന്’ അവകാശം നല്‍കിയതെന്നും, വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത ഹൃദയത്തില്‍ മോഹന്‍ലാലിന്റെ മകനും സംവിധായകന്‍ പ്രിയദര്‍ശന്റെ മകളുമാണ് അഭിനയിക്കുന്നതെന്നും സ്വാതി ബെല്ലം എന്ന പ്രൊഫൈല്‍ പറയുന്നു.
14,000ത്തോളം ഫോളോവേഴ്സുള്ള ഈ അക്കൗണ്ടിന് വെരിഫൈഡ് ബ്ലൂ ടിക്ക് ഉണ്ട്. തെലുങ്ക്, കന്നഡ ഹിന്ദുക്കള്‍ ഇപ്പോഴും സനാതന സംസ്‌കാരം നിലനിര്‍ത്തുമ്പോള്‍ മലയാളികള്‍ അതിന് തയ്യാറല്ലെന്നും ഇയാളുടെ ട്വീറ്റില്‍ പറയുന്നു.
‘ബീഫ് കേരളത്തിന്റെ ദേശീയ വിഭവമാണെന്ന് ഞാന്‍ സമ്മതിക്കുന്നു. അവര്‍ അത് എല്ലാ സിനിമയിലും കാണിക്കണം. അല്ലെങ്കില്‍ അവരുടെ സര്‍ക്കാര്‍ സിനിമ നിരോധിക്കും.
എന്നാല്‍ പവിത്രമായ തെലുങ്ക് രാമ സങ്കീര്‍ത്തനം പശ്ചാത്തലമായി ബീഫ് കഴിക്കുന്നത് കാണിക്കുന്നതിന്റെ ആവശ്യകത എന്താണ്?,’ സ്വാതി ബെല്ലത്തിന്റെ ട്വീറ്റില്‍ പറയുന്നു.
ഈ ട്വീറ്റ് പുറത്തുവന്നതിന് പിന്നാലെയാണ് മോഹന്‍ലാലിന് നേരെ സൈബര്‍ ആക്രമണം വരുന്നത്. ‘മോഹന്‍ലാല്‍ മുസ്ലിങ്ങളോട് അടുത്ത ബന്ധം കാത്തുസൂക്ഷിക്കുന്നയാളാണ്. ഹിന്ദുക്കളെ അവഹേളിക്കാനുള്ള ഒരു അവസരവും അദ്ദേഹം ഉപേക്ഷിക്കില്ല. മതഭ്രാന്തന്‍,’ എന്നാണ് അപര്‍ണ എന്ന ഒരു പ്രൊഫൈല്‍ എഴുതിയത്.
content highlight: This time Matrubhumi; North Indian Sanghi Profiles Saying It Gives Advertisement Spreading Love Jihad