| Tuesday, 27th December 2022, 10:33 am

കപ്പ്‌ ഇത്തവണ ആഴ്സണലിന് തന്നെ; പരാജയം സമ്മതിച്ച് എതിർ ടീമംഗം

സ്പോര്‍ട്സ് ഡെസ്‌ക്

ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഒരു ഇടവേളക്ക് ശേഷം തിങ്കളാഴ്ച വീണ്ടും ആരംഭിച്ചിരിക്കുകയാണ്. ലോകകപ്പ് ഫുട്ബോളിനോടനുബന്ധിച്ച് നിർത്തി വെച്ചിരുന്ന വിവിധ ലീഗ് മത്സരങ്ങളെല്ലാം ഡിസംബർ, ജനുവരി മാസങ്ങളോടെ വീണ്ടും പുനരാരംഭിക്കും.

യൂറോപ്പിലെ ബിഗ് ഫൈവ് ക്ലബ്ബ് ലീഗുകളിൽ കളിയുടെ വേഗത കൊണ്ടും, കളി ശൈലി കൊണ്ടും എന്റർടെയ്നിങ് ലീഗ് എന്നറിയപ്പെടുന്ന ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ മത്സരങ്ങൾ ആരംഭിച്ചപ്പോൾ നിലവിലെ ടേബിൾ ടോപ്പറായ ആഴ്സണൽ വെസ്റ്റ് ഹാമിനെ 3-1ന് തകർത്ത് തങ്ങളുടെ ജൈത്രയാത്ര തുടരുകയാണ്.

ഗണ്ണേഴ്സിനായി ബുക്കായൊ സാക്ക, ഗബ്രിയേൽ മാർട്ടിനെല്ലി, എഡ്‌ഡി എൻഖെറ്റിയ എന്നിവർ ഗോളുകൾ നേടിയപ്പോൾ വെസ്റ്റ് ഹാമിന്റെ ആശ്വാസ ഗോൾ കണ്ടെത്തിയത് സയിദ് ബെൻഹറമയാണ്.

ഈ സീസണിൽ പതിനഞ്ച് മത്സരങ്ങൾ കളിച്ച ആഴ്‌സണൽ വെസ്റ്റ് ഹാമിനെതിരെ യുള്ള മത്സരത്തോടെ പതിമൂന്ന് മത്സരങ്ങളിൽ വിജയം നേടി ടേബിളിൽ രണ്ടാം സ്ഥാനത്തുള്ള ന്യൂകാസിലിനേക്കാൾ ഏഴു പോയിന്റ് മുന്നിലാണ്. ആഴ്സണലിന് 40 പോയിന്റുള്ളപ്പോൾ 33 പോയിന്റാണ് ന്യൂകാസിൽ യുണൈറ്റഡ് സ്വന്തമാക്കിയിരിക്കുന്നത്.

അതേസമയം മത്സരത്തിൽ പരാജയപ്പെട്ട ശേഷം ആഴ്സണലിന്റെ കളി മികവിനെ പ്രശംസിച്ചു രംഗത്ത് വന്നിരിക്കുകയാണ് വെസ്റ്റ് ഹാം താരമായ ഡിക്ലൻ റൈസ്.

ആഴ്സണൽ നൂറു ശതമാനം ലീഗ് ചാമ്പ്യൻമാരാവാൻ സാധ്യതയുള്ള ടീമാണ് . മനോഹരമായി പരിശീലിപ്പിക്കപ്പെട്ട ടോപ് ലെവൽ ടീമാണവർ. ആക്രമണനിരയിൽ നിരവധി പ്രതിഭകൾ അവർക്കുണ്ട്. യുവതാരങ്ങൾ അടങ്ങിയ അവർക്ക് ഒരുപാട് ദൂരം മുന്നോട്ടു പോകാൻ കഴിയും.

ആദ്യപകുതിയിൽ ഞങ്ങൾ വളരെയേറെ ബുദ്ധിമുട്ടിയാണ് അവരെ തടഞ്ഞു നിർത്തിയത്. എന്നാൽ രണ്ടാം പകുതിയിൽ കളി കൈവിട്ട് പോയത് വളരെ നിരാശകരമായി,’മത്സരത്തിനു ശേഷം മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് ഇംഗ്ലീഷ് താരമായ റൈസ് മറുപടി പറഞ്ഞു.

“ആദ്യപകുതിയിൽ പന്ത് കൈവശം ഇല്ലെങ്കിലും ഞങ്ങൾ നന്നായി പ്രതിരോധിച്ചു കളിച്ചു, അത് വളരെ ബുദ്ധിമുട്ടേറിയ കാര്യമായിരുന്നു. ഞങ്ങളുടെ പ്ലാനിന് അനുസരിച്ച് ഒരു ഗോളിന് മുന്നിലെത്താനായെങ്കിലും ആഴ്‌സണലിനെ പോലൊരു ടീമിനെതിരെ അത് തൊണ്ണൂറു മിനിട്ടും നിലനിർത്തുക സാധ്യമല്ല. സിറ്റിയോടും അങ്ങിനെ തന്നെയാണ്.

അവസാനം ഞങ്ങളുടെ ഏതെങ്കിലും ഒരു പിഴവ് അവർ ഗോളാക്കിമാറ്റും. അവരുടെ ഒഴുക്കുള്ള ഫുട്ബോൾ ഞങ്ങളെ തകർത്തു കളഞ്ഞു,’ റൈസ് കൂട്ടിച്ചേർത്തു.

അതേസമയം ഡിസംബർ 31ന് ബ്രൈട്ടനെതിരെയാണ് ഗണ്ണേഴ്സിന്റെ അടുത്ത മത്സരം. ഡിസംബർ 31ന് ബ്രന്റ്ഫോർഡിനെയാണ് വെസ്റ്റ് ഹാം അടുത്തതായി നേരിടുന്നത്. നിലവിൽ പതിനാറ് മത്സരങ്ങളിൽ നിന്നും 14പോയിന്റോടെ പതിനാറാം സ്ഥാനത്താണ് വെസ്റ്റ് ഹാം യുണൈറ്റഡ്.

Content Highlights:this time arsenal will be the champions The opposing team member admits defeat

We use cookies to give you the best possible experience. Learn more