ഒരിക്കലും മരിക്കരുതാത്ത മാര്‍വല്‍ സൂപ്പര്‍ ഹീറോ ഇതാണ്; അവഞ്ചേഴ്‌സ് സംവിധായകര്‍
HollyWood
ഒരിക്കലും മരിക്കരുതാത്ത മാര്‍വല്‍ സൂപ്പര്‍ ഹീറോ ഇതാണ്; അവഞ്ചേഴ്‌സ് സംവിധായകര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 5th August 2018, 9:13 am

മാര്‍വല്‍ സൂപ്പര്‍ ഹീറോകള്‍ മുഴുവന്‍ ഒന്നിച്ചെത്തുന്ന അവഞ്ചേഴ്‌സ് സീരിസിലെ ഏറ്റവും അവസാനമെത്തിയ ചിത്രമായ ഇന്‍ഫിനിറ്റി വാര്‍ ലോകം മുഴുവനുമുള്ള ആരാധകരെ ത്രസിപ്പിച്ച ചിത്രമായിരുന്നു. ഉത്തരങ്ങളേക്കാളേറെ ഇനി വരാന്‍ പോകുന്ന ചിത്രങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങളുമായിട്ടായിരുന്നു പ്രേക്ഷകര്‍ തിയറ്റര്‍ വിട്ടത്.

ഈ ചോദ്യങ്ങള്‍ക്കെല്ലാം ഉത്തരവുമായിട്ടാണ് അവഞ്ചേഴ്‌സ് സംവിധായകര്‍ സോഷ്യല്‍ മീഡിയ ലൈവിലെത്തിയത്. സിനിമയുടെ ഡിജിറ്റല്‍ വേര്‍ഷന്‍ ഇറക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു സംവിധായകരായ അന്തോണി റൂസ്സോയും ജോ റൂസ്സോയും ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടികളുമായെത്തിയത്.

#vuduViewingtParty എന്ന പരിപാടി മിനിറ്റുകള്‍ കൊണ്ടാണ് വൈറലായത്.  നൂറുകണക്കിനാളുകളാണ് അഭിന്ദനങ്ങളും സംശയങ്ങളുമായെത്തിയത്.

അവഞ്ചേഴ്‌സില്‍ അമരത്വം നേടേണ്ട കഥാപാത്രമേതാണെന്ന ചോദ്യത്തിന് ഹവാര്‍ഡ് ദ് ഡക്ക് എന്ന കഥാപാത്രത്തിന്റെ പേരായിരുന്നു റൂസ്സോ സഹോദരങ്ങള്‍ നല്‍കിയത്. ഹവാര്‍ഡ് ദ് ഡക്ക് ഒരിക്കലും മരിക്കാന്‍ പാടില്ല എന്നായിരുന്നു സംവിധായകരുടെ മറുപടി.

ലോകത്തിലെ പകുതി ജനങ്ങളെ ഒരൊറ്റ നിമിഷം കൊണ്ടു ഭസ്മമാക്കിയ താനോസിന്റെ ആ വിരല്‍ ഞൊടിക്കല്‍ എന്നും തങ്ങളുടെ സ്വപ്‌നമായിരുന്നെന്നും റൂസ്സോ സഹോദരങ്ങള്‍ വെളിപ്പെടുത്തി. കഥയെഴുതുന്നതിനിടയില്‍ കടന്നുവന്ന ആശയമാണോ ആ വിരല്‍ ഞൊടിക്കലെന്ന് ആരാധകരില്‍ നിന്നും നിരവധി പേരാണ് ചോദിച്ചത്.


ബാഹുബലി വീണ്ടും വരുന്നു; ചിലവ് 500 കോടി; കഥ എഴുതുന്നത് മലയാളി എഴുത്തുകാരന്‍ ആനന്ദ് നീലകണ്ഠന്‍


തങ്ങള്‍ക്ക് മാര്‍വല്‍ സൂപ്പര്‍ ഹീറോയാകാന്‍ അവസരം ലഭിച്ചാല്‍ ചെറുപ്പം മുതല്‍ മനസ്സില്‍ കൊണ്ടുനടക്കുന്ന സ്‌പൈഡര്‍മാനെ ആയിരിക്കും തെരഞ്ഞടുക്കുകയെന്ന് റൂസ്സോ സഹോദരങ്ങള്‍ ഉറപ്പിച്ചു പറഞ്ഞു.

ഗ്രൂട്ട് എന്ന കഥാപാത്രത്തിന്റെ പേര് അതുതന്നെയാണോ എന്ന ചോദ്യത്തിന് I am Groot എന്ന ഗ്രൂട്ടിന്റെ വാക്ക് തന്നെയായിരുന്നു സംവിധായകരുടെ രസികന്‍ മറുപടി.

സോള്‍ സ്‌റ്റോണിന്റെ കഥ എഴുതുന്നതിലായിരുന്നു തങ്ങള്‍ ഏറ്റവും ആനന്ദിച്ചതെന്നും വകാന്‍ഡയിലെ യുദ്ധം ചിത്രീകരിക്കുന്നത് ഏറെ പ്രയാസകരമായിരുന്നെന്നും ഇരുവരും വെളിപ്പെടുത്തി.

റെഡ് സ്‌കള്‍ എന്ന സോള്‍ സ്‌റ്റോള്‍ സൂക്ഷിപ്പുകാരനായ കഥാപാത്രമായിരിക്കും ഇനി വഴിത്തിരിവുകള്‍ സൃഷ്ടിക്കുക എന്ന സൂചനയും സംവിധായകര്‍ നല്‍കി. സോള്‍ സ്‌റ്റോണ്‍ താനോസിന്റെ കയ്യിലായതോടെ സ്വതന്ത്രനായ റെഡ് സ്‌കള്‍ ഇനി വോര്‍മിറില്‍ നില്‍ക്കേണ്ടതില്ല. അയാള്‍ക്ക് തന്റെ സ്‌റ്റോണുകള്‍ നേടാനുള്ള ആഗ്രഹം സഫലമാക്കാനും തടസ്സങ്ങളൊന്നുമില്ലെന്നും റൂസ്സോ സഹോദരങ്ങള്‍ പറയുന്നു.