| Wednesday, 25th March 2020, 5:20 pm

കൊവിഡ്-19 സമൂഹവ്യാപനത്തിലെത്താതിരിക്കാന്‍ ഇക്കാര്യങ്ങള്‍ കൂടി ശ്രദ്ധിക്കണം

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊറോണ കാലത്ത് നമ്മളെല്ലാവരും ഏറ്റവും കൂടുതല്‍ കേള്‍ക്കുന്ന വാക്കുകളാണ് ക്വാറന്റൈന്‍, ഐസോലേഷന്‍, സോഷ്യല്‍ ഡിസ്റ്റന്‍സിങ് അഥവാ സമൂഹ അകലം, കര്‍ഫ്യൂ, ലോക്ക് ഡൗണ്‍ അല്ലെങ്കില്‍ അടച്ചിടല്‍. കൊറോണ വൈറസ് വ്യാപനം തടയുന്നത് ലക്ഷ്യം വെക്കുന്ന ഈ പ്രതിരോധ പ്രവര്‍ത്തനങ്ങളെല്ലാം ഫലത്തില്‍ ഒരേ ലക്ഷ്യത്തിലേക്കുള്ളതാണെങ്കിലും ഇവ നടപ്പിലാക്കുന്നതിലും പാലിക്കുന്നതിലും ചില വ്യത്യാസങ്ങളുണ്ട്. അതെന്താണെന്ന് മനസ്സിലാക്കുന്നത് ഇവ കൃത്യമായി പാലിക്കുന്നതിന് മാത്രമല്ല, ഈ വാക്കുകളെ സംബന്ധിച്ചുള്ള സംശയങ്ങളും അതുണ്ടാക്കുന്ന പരിഭ്രാന്തികളും ഇല്ലാതാക്കാനും സഹായിക്കും.

ആരോഗ്യപ്രവര്‍ത്തകരും സര്‍ക്കാരും ഏറ്റവും കൂടുതല്‍ ആവശ്യപ്പെടുന്ന സോഷ്യല്‍ ഡിസ്റ്റന്‍സിങ് അഥവാ സമൂഹ്യ അകലം എന്താണെന്ന് ആദ്യം പരിശോധിക്കാം

ആളുകളുമായുള്ള ശരീര അകലം പാലിക്കുക എന്നതാണ് സമൂഹ അകലത്തിന്റെ ഏറ്റവും പ്രധാന ലക്ഷ്യം. കുറഞ്ഞത് 6 അടി അഥവാ രണ്ട് മീറ്ററെങ്കിലും അകലം പാലിക്കണമെന്നാണ് ആരോഗ്യപ്രവര്‍ത്തകര്‍ ആവശ്യപ്പെടുന്നത്.

സാമൂഹ്യ അകലത്തില്‍ ഉള്‍പ്പെടുന്ന മറ്റു വിഷയങ്ങള്‍

സോഷ്യല്‍ ഇന്ററാക്ഷന്‍ അതായത് ആളുകളുമായി ഇടപെടുന്നത് കുറക്കുക , കൂട്ടംകൂടുന്നത് ഒഴിവാക്കുക, കൂടുതല്‍ ആളുകള്‍ വരുന്ന ആഘോഷപരിപാടികളും മതപരമായ ചടങ്ങുകളും വിനോദപരിപാടികളും ഒഴിവാക്കുക

വര്‍ക്ക്് ഫ്രം ഹോം , ഓഫീസുകളില്‍ പോകുന്നത് ഒഴിവാക്കി വീടുകളില്‍ ഇരുന്ന ജോലി ചെയ്യുക ,

സ്‌കൂളുകളും കോളേജുകളും അടക്കുക, ഓണ്‍ലൈന്‍ ക്ലാസുകളാക്കുക

കടകകളില്‍ പോകുന്നത് അടക്കം അത്യാവശ്യമായി പുറത്തുപോകേണ്ടി വരുന്ന സന്ദര്‍ഭങ്ങളിലെല്ലാം ആളുകളുമായി ശാരീരിക അകലം പാലിക്കുക

സമൂഹ അകലം എന്നാല്‍ പരമാവധി പുറത്തേക്ക് പോകല്‍ ഒഴിവാക്കി വീടുകളിലിരിക്കുക എന്നുതന്നെയാണ്. അതേ സമയം സാധനങ്ങള്‍ വാങ്ങാന്‍ പോകുന്നതോ വീടിനപ്പുറത്തേക്ക് ഒന്നിറങ്ങുന്നതിലോ പ്രശ്‌നമൊന്നുമില്ല. എന്നാല്‍ ഇത് അവശ്യസന്ദര്‍ഭങ്ങളിലേ പാടുള്ളു
ആളുകളുമായി ഇടപഴകുന്നത് ഒഴിവാക്കുകയും കൃത്യമായ അകലം പാലിക്കുകയും വേണം.

ക്വാറന്റൈന്‍

നിപാ കാലത്തും ഇപ്പോള്‍ കൊവിഡ്-19 വന്നപ്പോഴും നമ്മള്‍ ഏറ്റവും കൂടുതല്‍ കേട്ട വാക്കാണിത്. രോഗം സ്ഥിരീകരിച്ചവരും രോഗം ബാധിച്ചിട്ടുണ്ടെന്ന് സംശയമുള്ളവരും സ്വീകരിക്കേണ്ട സാമൂഹ്യ അകലമാണിത്. ഇവര്‍ തീര്‍ച്ചയായും മറ്റുള്ളവരുമായി ഇടപെടുന്നത് പൂര്‍ണ്ണമായും ഒഴിവാക്കണം. കൊവിഡ്-19 ബാധിച്ചാല്‍ രോഗലക്ഷണം കാണിക്കുന്നതില്‍ കാലതാമസമുണ്ടാകുമെന്നതിനാലും ആ സമയത്ത് രോഗം പകരാന്‍ സാധ്യതയുള്ളതിനാലും കോവിഡ് 19 പോസറ്റീവ് ആയവരെപ്പോലെ തന്നെ ഇവരും കൃത്യമായി ക്വാറന്റൈന്‍ പാലിക്കണം.

ക്വാറന്റൈനിലുള്ളവര്‍ ആരോഗ്യപ്രശ്‌നങ്ങള്‍ വന്നലല്ലാതെ പുറത്തിറങ്ങാന്‍ പാടില്ല

ലക്ഷണങ്ങള്‍ ഇല്ലെങ്കില്‍ തന്നെയും ഇവര്‍ പൊതുയിടങ്ങളില്‍ പോകുകയോ പൊതുഗതാഗത സംവിധാനങ്ങള്‍ ഉപയോഗിക്കുകയോ അരുത്.

ദിവസവും കൊവിഡ്-19 രോഗലക്ഷണങ്ങള്‍ ഉണ്ടോയെന്ന് കൃത്യമായി പരിശോധിച്ചിരിക്കണം
ചെറുതാണെങ്കില്‍ പോലും ആരോഗ്യപ്രവര്‍ത്തകരെ അറിയിക്കണം.

കൈകള്‍ സോപ്പ് ഉപയോഗിച്ച് കൃത്യമായ ഇടവേളകളില്‍ കഴുകണം

താമസിക്കുന്ന വീടും വീട്ടിലെ ഫര്‍ണിച്ചറടക്കമുള്ള വസ്തുക്കളും അണുവിമുക്തമാക്കണം

വീട്ടിലാണെങ്കിലും പരമാവധി കുടുംബാംഗങ്ങളുമായുള്ള ഇടപെടലുകള്‍ ഒഴിവാക്കണം

ഒറ്റക്ക് താമസിക്കുന്നവരാണെങ്കില്‍ അത്യാവശ്യ സാധനങ്ങള്‍ ഹോം ഡെലിവറി വഴി എത്തിക്കണം.

ഐസോലേഷന്‍

കൊവിഡ്-19 ബാധിച്ചവരെ ആശുപത്രികളില്‍ മാറ്റി താമസിപ്പിക്കുന്നതാണ് ഐസോലേഷന്‍. ഇവര്‍ ആശുപത്രികളില്‍ പ്രത്യേകമായി സജ്ജീകരിച്ച ഐസോലേഷന്‍ വാര്‍ഡിലായിരിക്കും കഴിയുക.

മാസ്‌കും മറ്റു പേഴ്‌സണല്‍ പ്രൊട്ടക്ടീവ് എക്യുപ്‌മെന്റും ധരിച്ച ആരോഗ്യപ്രവര്‍ത്തകരുമായി മാത്രമായിരിക്കും ഇവര്‍ ഇടപെടുക.

ഐസോലേഷനിലുള്ളവര്‍ മാസ്‌ക് ധരിച്ചിരിക്കണം. ഇവര്‍ക്ക് ഭക്ഷണത്തിനും വെള്ളത്തിനും പ്രത്യേകം പാത്രങ്ങളുണ്ടായിരിക്കും. ആരുമായും ഒരു കാരണവശാലും ഇവര്‍ ഇടപെടില്ല.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ഇതുകൂടാതെയുള്ള ഇപ്പോള്‍ സര്‍്ക്കാരുകള്‍ ആവശ്യപ്പെടുന്ന നടപടിയാണ് സെല്‍ഫ് ഐസോലേഷന്‍. പുറംരാജ്യങ്ങളില്‍ നിന്ന് ഇന്ത്യയിലെത്തിയവരും രോഗബാധിത സംസ്ഥാനങ്ങളില്‍ നിന്ന് മറ്റിടങ്ങളിലേക്ക് പോകുന്നവരും ഇത്തരത്തില്‍ വന്നവരുമായി നേരിട്ട ഇടപ്പെട്ടവരും സ്വയം ഐസോലേഷനില്‍ കഴിയണമെന്നാണ് ആരോഗ്യപ്രവര്‍ത്തകര്‍ ആവശ്യപ്പെടുന്നത്. ഇവര്‍ രോഗം ബാധിച്ചവര്‍ സ്വീകരിക്കുന്ന രീതിയിലുള്ള ഐസോലേഷന്‍ നടപടികള്‍ സ്വയം സ്വീകരിക്കാന്‍ തയ്യാറാവണം. ഇവര്‍ എത്രയും വേഗം ആരോഗ്യവകുപ്പുമായി ബന്ധപ്പെടുകയും വേണം.

ലോക്ക് ഡൗണ്‍

കൊവിഡ്-19 പടരുന്നത് തടയാനായി സര്‍ക്കാരുകള്‍ പ്രത്യേക ഭാഗങ്ങളിലോ മുഴുവന്‍ പ്രദേശത്തോ രാജ്യത്തോ നടപ്പിലാക്കുന്നതാണ് ലോക്ക് ഡൗണ്‍. ഇതിന്റെ ഭാഗമായി പ്രധാനമായും ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിട്ടുള്ള പ്രദേശത്തിന്റെ അതിര്‍ത്തികള്‍ അടച്ചിടും. റെയില്‍വേ മറ്റു പൊതുഗതാഗത സംവിധാനങ്ങളും നിര്‍ത്തിവെക്കും. ഹോട്ടലുകള്‍ സിനിമാ തിയറ്ററകളും നിര്‍ത്തിവെക്കുന്നതാണ്.

ജനങ്ങള്‍ കൂട്ടംകൂടുന്നതും സഞ്ചരിക്കുന്നതും കുറക്കാനുള്ള പ്രധാന നടപടിയാണിത്. ഇത് ഘട്ടം ഘട്ടമായാണ് പ്രധാനമായും നടപ്പിലാക്കാറുള്ളത്.

കര്‍ഫ്യൂ അല്ലെങ്കില്‍ നിരോധനാജ്ഞ

പല രാജ്യങ്ങളിലും ഈ വാക്ക് പല രീതിയിലാണ് ഉപയോഗിക്കുന്നത്. നമ്മള്‍ ഈ വാക്ക് മുന്‍പ് പലപ്പോഴും കേട്ടിട്ടുള്ളത് പ്രക്ഷോഭങ്ങളോ മറ്റു പ്രശ്‌നങ്ങളോ ഉണ്ടാകുന്ന സന്ദര്‍ഭങ്ങളിലാണ്. പക്ഷെ ഈ കൊവിഡ്-19 സമയത്ത് രോഗവ്യാപനം തടയുന്നതിനായി ആളുകള്‍ പുറത്തിറങ്ങുന്നത് കുറക്കാനുള്ള കര്‍ക്കശമായ നടപടിയായിട്ടേ ഇതിനെ കാണേണ്ടതുള്ളു. കടകള്‍ പ്രവര്‍ത്തിക്കുന്നതിനും ആളുകള്‍ പുറത്തിറങ്ങുന്നതിനും കര്‍ഫ്യൂ പ്രഖ്യാപിച്ച സ്ഥലങ്ങളില്‍ നിയന്ത്രണങ്ങള്‍ ഉണ്ടായിരിക്കും

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഇത് കര്‍ക്കശമായ നടപിടയായതിനാല്‍ തന്നെ ലംഘിക്കുന്നവര്‍ക്കെതിരെ പിഴയും അറസ്റ്റും അടക്കമുള്ള നടപടികളുമുണ്ടായിരിക്കും.

അതേ സമയം ലോക്ക് ഡൗണിലും കര്‍ഫ്യൂ സമയത്തും ആശുപത്രികള്‍ക്കും ബന്ധപ്പെട്ട സംവിധാനങ്ങള്‍ക്കും യാതൊരു തടസ്സവുമുണ്ടാവുകയില്ല എന്ന മാത്രമല്ല ഭക്ഷണമടക്കമുള്ള അവശ്യസാധനങ്ങളുടെ ലഭ്യതയും സര്‍ക്കാരുകള്‍ ഉറപ്പുവരുത്തും

ഈ പ്രതിരോധ മാര്‍ഗങ്ങള്‍ കൃത്യമായി മനസ്സിലാക്കി പൂര്‍ണ്ണ സഹകരണത്തോടെ പ്രവര്‍ത്തിച്ചാല്‍ മാത്രമേ കൊവിഡ്-19 വ്യാപനം തടയാനാകൂ.

ഡൂള്‍ന്യൂസ് ഡെസ്‌ക്