Advertisement
national news
സ്വാതന്ത്ര്യദിനപരസ്യത്തില്‍ മോദിക്കൊപ്പം ഉന്നാവോ ലൈംഗികാതിക്രമക്കേസ് പ്രതിയുടെ ചിത്രവും; വെളിവാക്കുന്നത് ബി.ജെ.പിയുടെ യഥാര്‍ത്ഥ മുഖമെന്ന് ബൃന്ദ കാരാട്ട്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2019 Aug 16, 12:35 pm
Friday, 16th August 2019, 6:05 pm

ന്യൂദല്‍ഹി: ഉന്നാവോ ലൈംഗികാതിക്രമക്കേസ് പ്രതി കുല്‍ദീപ് സെംഗറിനെ പ്രാദേശിക ഹിന്ദി ദിനപത്രത്തിന്റെ പരസ്യങ്ങളില്‍ ഉള്‍പ്പെടുത്തിയ സംഭവത്തെ രൂക്ഷമായി വിമര്‍ശിച്ച് സി.പി.ഐ.എം പോളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട്.

ലൈംഗികാതിക്രമക്കേസിലെ പ്രതി ബി.ജെ.പിയുടെ സുരക്ഷിതത്വത്തിലാണെന്നും ഇത്തരം കാര്യങ്ങള്‍ രാജ്യം ഭരിക്കുന്ന പാര്‍ട്ടിയുടെ യഥാര്‍ത്ഥ ചിത്രമാണ് കാണിക്കുന്നതെന്നും ബൃന്ദ കാരാട്ട് പ്രതികരിച്ചു.

‘ബി.ജെ.പി നേതാക്കളും അണികളും പരസ്യമായി തന്നെ ഒരു ലൈംഗികാതിക്രമക്കേസിലെ പ്രതിയെ പിന്തുണക്കുകയാണ്. ഇത് ബി.ജെ.പിയുടെ യഥാര്‍ത്ഥ മുഖമാണ് വെളിവാക്കുന്നത്.സെംഗാറിന് അവരുടെ നേതാക്കളുടെ വലിയ പിന്തുണ ലഭിക്കുന്നുണ്ട്’; ബൃദ്ധ കാരാട്ട് എ.എന്‍.ഐയോട് പ്രതികരിച്ചു.

പൊതുജനങ്ങളെ ബോധിപ്പിക്കുന്നതിനായി അവര്‍ പ്രതികള്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കുകയാണ്. എന്നാല്‍ യാഥാര്‍ത്ഥ്യം ഇതല്ല. ബി.ജെ.പി ഇതുവരെയും അയാളുടെ എം.എല്‍.എ പദവി എടുത്തുകളഞ്ഞിട്ടില്ല. ഇതിലൂടെ അവര്‍ എന്ത് സന്ദേശമാണ് നല്‍കുന്നത്.? ബൃദ്ധ കാരാട്ട് ചോദിക്കുന്നു.

ഹിന്ദി ദിനപത്രത്തിന്റെ പ്രാദേശിക പതിപ്പിലെ സ്വാതന്ത്ര്യദിനാശംസ പരസ്യത്തിലാണ് കുല്‍ദീപ് സിംഗ് സെംഗര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവര്‍ക്കൊപ്പം പ്രത്യക്ഷപ്പെട്ടത്. ഉന്നാവോയിലെ ഉഗൂ ഏരിയാ പഞ്ചായത്ത് പ്രസിഡണ്ട് ധനസഹായം നല്‍കിയ പരസ്യങ്ങളിലും സെംഗാര്‍ പ്രത്യക്ഷപ്പെട്ടിരുന്നു.