| Friday, 6th September 2024, 5:10 pm

നിർമാണച്ചെലവ് അഞ്ച് കോടി; ബീഹാറിലെ ഈ സർക്കാർ ആശുപത്രിയിൽ ഒരു രോഗിയെപ്പോലും ഇതുവരെയും ചികിത്സിച്ചിട്ടില്ല

ഡൂള്‍ന്യൂസ് ഡെസ്‌ക്

പാട്ന: ബീഹാറിൽ കോടികൾ മുടക്കി നിർമിച്ച സർക്കാർ ആശുപത്രി ഇന്നും പ്രവർത്തനരഹിതമായി കിടക്കുന്നതായി റിപ്പോർട്ട്. ബീഹാറിലെ മുസാഫർപൂരിൽ കോടികൾ മുടക്കി നിർമിച്ച സർക്കാർ ആശുപത്രി ഉദ്ഘാടനം പോലും ചെയ്യപ്പെടാതെ ഉപേക്ഷിക്കപ്പെട്ടിരിക്കുകയാണ്. നിലവിൽ ആശുപത്രി സാമൂഹ്യവിരുദ്ധരുടെ താവളമാണ്.

1 ബീഹാറിൽ കോടികൾ മുടക്കി നിർമിച്ച സർക്കാർ ആശുപത്രി ഇന്നും പ്രവർത്തനരഹിതമായി കിടക്കുന്നു

2 2015ൽ 5 കോടി രൂപ മുടക്കി നിർമിച്ച ആശുപത്രിയിൽ ഒരു രോഗിയെ പോലും ഇതുവരെ ചികിത്സിച്ചിട്ടില്ല

3 കെട്ടിടത്തിലുണ്ടായിരുന്ന സാധനങ്ങളെല്ലാം മോഷ്ടാക്കൾ ഇതിനകം അപഹരിച്ചു

ചാന്ദ് പുര മേഖലയിൽ ആറ് ഏക്കറിൽ സ്ഥിതി ചെയ്യുന്ന ആശുപത്രിയിൽ 30തിൽ അധികം രോഗികളെ ഒരേ സമയം കിടത്തി ചികിത്സിക്കാനുള്ള സൗകര്യം ഉണ്ട്. 2015ലാണ് അഞ്ച് കോടി രൂപ ചെലവിൽ ആശുപത്രി നിർമിച്ചത്. അത്യാധുനിക സൗകര്യങ്ങൾ സജ്ജീകരിച്ചെങ്കിലും ഇതുവരെയും ഒരു രോഗിക്ക് പോലും അവിടെ ചികിൽസ നൽകിയിട്ടില്ല. അതിനാൽ തന്നെ മെഡിക്കൽ ഉപകരണങ്ങൾ എല്ലാം നശിച്ച് പോയിട്ടുണ്ട്.

നിർമാണം കഴിഞ്ഞ് പത്തുവർഷത്തോടടുക്കുമ്പോഴും ആശുപത്രി ആരോഗ്യവകുപ്പ് ഏറ്റെടുത്തിട്ടില്ലെന്ന് പ്രാദേശിക ഉദ്യോഗസ്ഥർ പറഞ്ഞു. അതിനിടെ, ആശുപത്രിയുടെ ജനൽ, വാതിൽ ഫ്രെയിമുകൾ, ഗ്രില്ലുകൾ, ഗേറ്റുകൾ, അലമാരകൾ, ഇലക്ട്രിക്കൽ വയറിങ് , മറ്റ് ഉപകരണങ്ങൾ എന്നിവ മോഷ്‌ടാക്കൾ അപഹരിക്കുകയും ചെയ്തു.

ഒരു വയലിന് നടുവിൽ സ്ഥിതി ചെയ്യുന്ന കെട്ടിടം ഇപ്പോൾ സാമൂഹിക വിരുദ്ധരുടെ താവളമായി മാറിയതായി നാട്ടുകാർ പറയുന്നു. ആരോഗ്യ പ്രവർത്തകർക്ക് താമസിക്കാനുള്ള കെട്ടിടം, ടെസ്റ്റിങ് സെൻ്റർ, പ്രധാന ആശുപത്രി കെട്ടിടം എന്നിങ്ങനെ മൂന്ന് പ്രധാന കെട്ടിടങ്ങളാണ് ആശുപത്രിക്ക് ഉള്ളത്. ഇത് മൂന്നും പ്രവർത്തനരഹിതമാണ്. ആശുപത്രിയുടെ ശോച്യാവസ്ഥ തുടരുന്നതിനാൽ, മെച്ചപ്പെട്ട ചികിത്സയ്ക്കായി ഗ്രാമവാസികൾ നഗരത്തിലേക്ക് പോകേണ്ട അവസ്ഥയിലാണ്. പ്രദേശത്തെ ജനസംഖ്യ ഒരു ലക്ഷത്തോളം വരും.

‘ആശുപത്രി നിർമിച്ചപ്പോൾ ഞങ്ങൾ കരുതി മെച്ചപ്പെട്ട ചികിത്സയ്ക്കായി ഇനി 50 കിലോമീറ്റർ അകലെയുള്ള നഗരത്തിലേക്ക് പോകേണ്ടിവരില്ലെന്ന്. എന്നാൽ ഈ ആശുപത്രി ഒരിക്കലും പ്രവർത്തനക്ഷമമായില്ല. ഇവിടെയുള്ള ആളുകൾ നഗരത്തിലേക്ക് യാത്ര ചെയ്യാൻ കാര്യമായ ബുദ്ധിമുട്ട് നേരിടുന്നുണ്ട്,’ ഗ്രാമവാസിയായ സുധീർ കുമാർ പറഞ്ഞു.

ഗ്രാമത്തിലെ സബ് ഡിവിഷണൽ ഓഫീസർ ഷെര്യയോട് ആശുപത്രിയെക്കുറിച്ച് അന്വേഷിച്ചപ്പോൾ, തനിക്ക് അതിനെക്കുറിച്ച് അറിയില്ലെന്നും സ്ഥിതി ഗുരുതരമാണെന്നും അദ്ദേഹം പറഞ്ഞു. ഒപ്പം അന്വേഷണത്തിന് ജില്ലാ മജിസ്‌ട്രേറ്റ് ഒരു സംഘത്തെ രൂപീകരിച്ചിട്ടുണ്ടെന്നും അവർ പറഞ്ഞു.

Content Highlight: This Rs 5-crore Bihar hospital has not treated a single patient in 10 years

We use cookies to give you the best possible experience. Learn more