world
രണ്ടുപേര്‍ ചുംബിക്കുന്ന ഫോട്ടോയെടുത്തതിന് ബംഗ്ലാദേശില്‍ ഫോട്ടോഗ്രാഫര്‍ക്ക് തല്ല്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2018 Jul 26, 06:02 am
Thursday, 26th July 2018, 11:32 am

ധാക്ക: മഴയത്ത് കമിതാക്കള്‍ ഉമ്മവെക്കുന്ന ചിത്രമെടുത്ത് സോഷ്യല്‍മീഡിയയിലിട്ടതിന് ബംഗ്ലാദേശില്‍ ഫോട്ടോഗ്രാഫര്‍ക്ക് മര്‍ദ്ദനം. ജിബോണ്‍ അഹമ്മദ് എന്നയാള്‍ക്കാണ് അടികിട്ടിയത്. ധാക്ക സര്‍വകലാശാലയിലാണ് സംഭവം.

സഹ ഫോട്ടോഗ്രാഫര്‍മാരാണ് ജിബോണിനെ മര്‍ദ്ദിച്ചത്. ജോലി ചെയ്തിരുന്ന ന്യൂസ് വെബ്‌സൈറ്റില്‍ നിന്ന് പുറത്താക്കിയെന്നും റിപ്പോര്‍ട്ടുകളുണ്ട്.

 

ജിബോണ്‍ അഹമ്മദ്

ധാക്ക സര്‍വകലാശാലയില്‍ മഴയത്തിരുന്ന് രണ്ടുപേര്‍ ചുംബിക്കുന്ന ചിത്രമാണ് ജിബോണ്‍ എടുത്തത്. ചിലര്‍ അനുകൂലിച്ചെത്തിയെങ്കിലും ഫോട്ടോ സോഷ്യല്‍മീഡിയയില്‍ വൈറലായതോടെ ചില ആളുകള്‍ എതിര്‍പ്പുമായെത്തുകയായിരുന്നു.

സംഭവത്തില്‍ ജിബോണിന് പിന്തുണ നല്‍കി സോഷ്യല്‍ മീഡിയ രംഗത്തെത്തിയിട്ടുണ്ട്. 2015ല്‍ ബംഗ്ലാദേശിലെ മതമൗലികവാദികള്‍ കൊലപ്പെടുത്തിയ ബ്ലോഗര്‍ അവിജിത് റോയി അക്രമിക്കപ്പെട്ട ഫോട്ടോ ജിബോണ്‍ എടുത്തത് ലോകശ്രദ്ധ നേടിയിരുന്നു. ജിബോണടക്കമുള്ളവരാണ് അവിജിത് റോയിയെയും ഭാര്യയെയും ആശുപത്രിയിലെത്തിച്ചിരുന്നത്.