കോഴിക്കോട്: ഇന്ധനവില വര്‍ധനവിനെ ന്യായീകരിച്ച് ബി.ജെ.പി പുറത്ത് വിട്ട ഗ്രാഫിനെ ട്രോളിക്കൊന്ന് പ്രതിപക്ഷവും സോഷ്യല്‍ മീഡിയയും. വിലവര്‍ധനവില്‍ മോദി സര്‍ക്കാറിനെ ന്യായീകരിച്ചു കൊണ്ട് ബി.ജെ.പിയുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെ പുറത്തുവിട്ട രണ്ട് ഗ്രാഫുകളാണ് പരിഹാസത്തിനും വിമര്‍ശനത്തിനും വിധേയമായത്.
പെട്രോള്‍-ഡീസല്‍ വിലവര്‍ധനയ്ക്കു പിന്നിലെ യാഥാര്‍ത്ഥ്യം എന്ന തലക്കെട്ടോടെ പുറത്തുവിട്ട ഗ്രാഫില്‍ കള്ളക്കണക്കുകളാണ് ബി.ജെ.പിനിരത്തുന്നത്. 2009 മുതല്‍ 2014 വരെയുള്ള കാലയളവില്‍ പെട്രോള്‍ വിലയില്‍ 75.8 ശതമാനം വര്‍ധനയുള്ളത്. 2014-2018 കാലയളവായപ്പോള്‍ 13 ശതമാനമായി കുറഞ്ഞു എന്ന് ഗ്രാഫ് സ്ഥാപിക്കുന്നു. ഇതേ രീതിയില്‍ ഡീസല്‍ വിലയിലും സമാന ഗ്രാഫ് പുറത്തുവിട്ടിട്ടുണ്ട്.
ബിജെപി കാലയളവില്‍ പെട്രോള്‍ വില ലിറ്ററിനു ഡല്‍ഹിയിലെ കണക്കനുസരിച്ച് 71.41 രൂപയില്‍നിന്ന് 80.73 രൂപയിലേക്കു വര്‍ധിക്കുകയാണ് ചെയ്തത്. ഡീസല്‍ വിലയിലും വര്‍ധനവുണ്ടായി. മറ്റു സംസ്ഥാനങ്ങളിലേക്ക് എത്തുമ്പോള്‍ വില വീണ്ടും ഉയരും.ഇതു മറച്ചു വെച്ചാണ് ബി.ജെ.പി കണക്കുകള്‍ നിരത്തുന്നത്.
കോണ്‍ഗ്രസ് ഭരണ കാലയളവില്‍ ക്രൂഡ് ഓയിലിനും വില കൂടിയതാണ് ഇന്ധനവില കൂടാന്‍ കാരണമായതെന്നാണ് ബി.ജെ.പിയുടെ ഗ്രാഫിനെതിരെ രംഗത്തുവന്ന കോണ്‍ഗ്രസ് പറയുന്നത്. 2014 മുതല്‍ 2018 വരെയുള്ള കാലയളവില്‍ ക്രൂഡ് ഒയിലിനു 34 ശതമാനം വിലയിടിവാണുണ്ടായത്. പക്ഷേ രാജ്യത്ത് ഇന്ധനവില 13 ശതമാനം വര്‍ധിക്കുകയും ചെയ്തു. ഇതു വിശദീകരിച്ചുകൊണ്ടാണ് കോണ്‍ഗ്രസ് ഗ്രാഫ് പുറത്തുവിട്ടത്.
വിലവര്‍ധനവില്‍ പ്രതിഷേധിച്ച് കഴിഞ്ഞ ദിവസം നടന്ന ഭാരത് ബന്ദ് കേന്ദ്രസര്‍ക്കാറിന് കാര്യമായ തലവേദന സൃഷ്ടിച്ചിരുന്നു. സോഷ്യല്‍ മീഡിയയിലും ബി.ജെ.പി നേതാക്കന്മാരുടെ പഴയ പോസ്റ്റുകളും പ്രസംഗങ്ങളും കുത്തിപ്പൊക്കി സോഷ്യല്‍ മീഡിയ രൂക്ഷമായ വിമര്‍ശനങ്ങളാണ് നടത്തിയത്. അതിനെ പ്രതിരോധിക്കാനാകാതെ ബി.ജെ.പി വിയര്‍ക്കുകയാണ്. അതിനിടെയാണ് വിലവര്‍ധനവിനെ ന്യായീകരിക്കാന്‍ പുതിയ ഗ്രാഫുമായി പാര്‍ട്ടി രംഗത്തെത്തിയത്.