| Thursday, 9th February 2023, 10:02 pm

ഇതാണോ കളി; മൂന്ന് ദിവസത്തിനുള്ളിൽ ഈ മാച്ചിന്റെ കാര്യം തീരുമാനമാവും; പരിഹസിച്ച് മുൻ ഇന്ത്യൻ താരം

സ്പോര്‍ട്സ് ഡെസ്‌ക്

ബോർഡർ-ഗവാസ്കർ പരമ്പരയിലെ ഇന്ത്യ-ഓസ്ട്രേലിയ ടെസ്റ്റ്‌ മത്സരത്തിന് തുടക്കമായിരിക്കുകയാണ്. ചതുർദിന ടെസ്റ്റ്‌ പരമ്പരയിൽ വിജയിക്കാനായാൽ ഇന്ത്യക്ക് ലോക ടെസ്റ്റ്‌ ചാമ്പ്യൻഷിപ്പിന്റെ ഫൈനലിൽ പ്രവേശിക്കാൻ സാധിക്കും.

വ്യാഴാഴ്ച ആരംഭിച്ച ആദ്യ ടെസ്റ്റിന്റെ ഒന്നാം ദിവസം തന്നെ മത്സരത്തിൽ ആധിപത്യം പുലർത്താൻ ഇന്ത്യൻ ടീമിന് സാധിച്ചിട്ടുണ്ട്.

ടോസ് നേടി ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഓസീസ് നിരയുടെ ആദ്യ ഇന്നിങ്സ് വെറും 64 ഓവറിൽ 177 റൺസിനാണ് ഇന്ത്യൻ ടീം അവസാനിപ്പിച്ചത്.
പേര് കേട്ട ഓസീസ് ബാറ്റിങ് നിരയെ അഞ്ച് വിക്കറ്റ് നേടിയ രവീന്ദ്ര  ജഡേജയും മൂന്ന് വിക്കറ്റ് സ്വന്തമാക്കിയ ആർ. അശ്വിനും ചേർന്നാണ് തകർത്ത് വിട്ടത്.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് ക്യാപ്റ്റൻ രോഹിത് ശർമയുടെ വെടിക്കെട്ട് ബാറ്റിങ് മികവിൽ 56 റൺസെടുക്കാൻ സാധിച്ചിട്ടുണ്ട്. കളിയുടെ വെറും ആദ്യ ദിനം മാത്രം അവസാനിക്കുമ്പോൾ ഒമ്പത് വിക്കറ്റ് കൈവശമിരിക്കെ വെറും 100 റൺസ് മാത്രം പിന്നിലാണ് ഇന്ത്യൻ ടീം.

എന്നാൽ ഇന്ത്യ-ഓസീസ് ബോർഡർ-ഗവാസ്കർ ട്രോഫിയിലെ ആദ്യ മത്സരം വെറും മൂന്ന് ദിവസത്തിനുള്ളിൽ അവസാനിക്കും എന്ന് അഭിപ്രായപ്പെട്ട് രംഗത്ത് വന്നിരിക്കുകയാണ് മുൻ ഇന്ത്യൻ താരമായ ആകാശ് ചോപ്ര.

“മൂന്ന് ദിവസം മാത്രമേ ഈ പിച്ചിൽ കളി നടക്കൂ. നാല് ദിവസം വരെ മത്സരം നീണ്ടാൽ അത് ബോണസാണ്,’ ആകാശ് ചോപ്ര പറഞ്ഞു.
ഓസിസ് നിരയിൽ 22 വയസുകാരൻ ടോഡ് മർഫി ടെസ്റ്റ്‌ മത്സരത്തിൽ അരങ്ങേറി. ഇന്ത്യൻ നിരയിൽ ശ്രീകർ ഭരത്, സൂര്യ കുമാർ യാദവ് എന്നിവരാണ് ഇന്ത്യൻ നിരയിൽ ടെസ്റ്റ്‌ അരങ്ങേറ്റം കുറിച്ചത്.

ആദ്യ മത്സരം വിജയിക്കാനായാൽ പിന്നീട് ശേഷിക്കുന്ന മൂന്ന് മത്സരങ്ങളിൽ ഒന്ന് വിജയിച്ചാൽ തന്നെ ഇന്ത്യൻ ടീമിന് പരമ്പരയിലെ പരാജയം ഒഴിവാക്കാൻ സാധിക്കും.

ഇന്ത്യന്‍ സ്‌ക്വാഡ്: രോഹിത് ശര്‍മ(ക്യാപ്റ്റന്‍), കെ.എല്‍. രാഹുല്‍(വൈസ് ക്യാപ്റ്റന്‍), ശുഭ്മാന്‍ ഗില്‍, ചേതേശ്വര്‍ പൂജാര, വിരാട് കോഹ് ലി, ശ്രേയസ് അയ്യര്‍, കെ എസ് ഭരത്(വിക്കറ്റ് കീപ്പര്‍), ഇഷാന്‍ കിഷന്‍(വിക്കറ്റ് കീപ്പര്‍), രവിചന്ദ്ര അശ്വിന്‍, അക്സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, രവീന്ദ്ര ജഡേജ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ഉമേഷ് യാദവ്, ജയദേവ് ഉനദ്ഘട്ട്, സൂര്യകുമാര്‍ യാദവ്.

ഓസ്‌ട്രേലിയന്‍ ടെസ്റ്റ് സ്‌ക്വാഡ്: പാറ്റ് കമ്മിന്‍സ്(നായകന്‍), ആഷ്ടൻ ആഗര്‍, സ്‌കോട്ട് ബോളണ്ട്, അലക്സ് ക്യാരി, കാമറൂണ്‍ ഗ്രീന്‍, പീറ്റര്‍ ഹാന്‍ഡ്സ്‌കോമ്പ്, ജോഷ് ഹേസല്‍വുഡ്, ട്രാവിസ് ഹെഡ്, ഉസ്മാന്‍ ഖവാജ, മാര്‍നസ് ലബുഷെയ്ന്‍, നേഥന്‍ ലിയോണ്‍, ലാന്‍സ് മോറിസ്, ടോഡ് മര്‍ഫി, മാത്യൂ റെന്‍ഷോ, സ്റ്റീവ് സ്മിത്ത്(വൈസ് ക്യാപ്റ്റന്‍), മിച്ചല്‍ സ്റ്റാര്‍ക്ക്, മിച്ചല്‍ സ്വപ്സണ്‍, ഡേവിഡ് വാര്‍ണര്‍.

Content Highlights:This match will be over in three days; former indian player akash chopra mocking australian team

We use cookies to give you the best possible experience. Learn more