ബോർഡർ-ഗവാസ്കർ പരമ്പരയിലെ ഇന്ത്യ-ഓസ്ട്രേലിയ ടെസ്റ്റ് മത്സരത്തിന് തുടക്കമായിരിക്കുകയാണ്. ചതുർദിന ടെസ്റ്റ് പരമ്പരയിൽ വിജയിക്കാനായാൽ ഇന്ത്യക്ക് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഫൈനലിൽ പ്രവേശിക്കാൻ സാധിക്കും.
വ്യാഴാഴ്ച ആരംഭിച്ച ആദ്യ ടെസ്റ്റിന്റെ ഒന്നാം ദിവസം തന്നെ മത്സരത്തിൽ ആധിപത്യം പുലർത്താൻ ഇന്ത്യൻ ടീമിന് സാധിച്ചിട്ടുണ്ട്.
ടോസ് നേടി ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഓസീസ് നിരയുടെ ആദ്യ ഇന്നിങ്സ് വെറും 64 ഓവറിൽ 177 റൺസിനാണ് ഇന്ത്യൻ ടീം അവസാനിപ്പിച്ചത്.
പേര് കേട്ട ഓസീസ് ബാറ്റിങ് നിരയെ അഞ്ച് വിക്കറ്റ് നേടിയ രവീന്ദ്ര ജഡേജയും മൂന്ന് വിക്കറ്റ് സ്വന്തമാക്കിയ ആർ. അശ്വിനും ചേർന്നാണ് തകർത്ത് വിട്ടത്.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് ക്യാപ്റ്റൻ രോഹിത് ശർമയുടെ വെടിക്കെട്ട് ബാറ്റിങ് മികവിൽ 56 റൺസെടുക്കാൻ സാധിച്ചിട്ടുണ്ട്. കളിയുടെ വെറും ആദ്യ ദിനം മാത്രം അവസാനിക്കുമ്പോൾ ഒമ്പത് വിക്കറ്റ് കൈവശമിരിക്കെ വെറും 100 റൺസ് മാത്രം പിന്നിലാണ് ഇന്ത്യൻ ടീം.
എന്നാൽ ഇന്ത്യ-ഓസീസ് ബോർഡർ-ഗവാസ്കർ ട്രോഫിയിലെ ആദ്യ മത്സരം വെറും മൂന്ന് ദിവസത്തിനുള്ളിൽ അവസാനിക്കും എന്ന് അഭിപ്രായപ്പെട്ട് രംഗത്ത് വന്നിരിക്കുകയാണ് മുൻ ഇന്ത്യൻ താരമായ ആകാശ് ചോപ്ര.
“മൂന്ന് ദിവസം മാത്രമേ ഈ പിച്ചിൽ കളി നടക്കൂ. നാല് ദിവസം വരെ മത്സരം നീണ്ടാൽ അത് ബോണസാണ്,’ ആകാശ് ചോപ്ര പറഞ്ഞു.
ഓസിസ് നിരയിൽ 22 വയസുകാരൻ ടോഡ് മർഫി ടെസ്റ്റ് മത്സരത്തിൽ അരങ്ങേറി. ഇന്ത്യൻ നിരയിൽ ശ്രീകർ ഭരത്, സൂര്യ കുമാർ യാദവ് എന്നിവരാണ് ഇന്ത്യൻ നിരയിൽ ടെസ്റ്റ് അരങ്ങേറ്റം കുറിച്ചത്.
ആദ്യ മത്സരം വിജയിക്കാനായാൽ പിന്നീട് ശേഷിക്കുന്ന മൂന്ന് മത്സരങ്ങളിൽ ഒന്ന് വിജയിച്ചാൽ തന്നെ ഇന്ത്യൻ ടീമിന് പരമ്പരയിലെ പരാജയം ഒഴിവാക്കാൻ സാധിക്കും.