|

കെ.ടി.ആർ സ്ട്രക്ച്ചറിൽ മോർച്ചറിയിലേക്ക് പോകുന്നത് കാണാമെന്ന് രേവന്ത് റെഡ്ഡി, രേവന്ത് റെഡ്ഡി ഭ്രാന്തൻ നായയെന്ന് കെ.ടി.ആർ; പരസ്പരം പോരടിച്ച് നേതാക്കൾ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഹൈദരാബാദ്: തെലങ്കാനയിൽ മുഖ്യമന്ത്രിയെ വിമർശിച്ചതിന് രണ്ട് മാധ്യമപ്രവർത്തകരെ അറസ്റ്റ് ചെയ്ത വിവാദത്തിന് പിന്നാലെ പരസ്പരം പോരടിച്ച് മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയും തെലുങ്കാന രാഷ്ട്ര സമിതി പാർട്ടിയുടെ നേതാവ് കെ.ടി. രാമ റാവുവും.

ഇങ്ങനെ പോയാൽ കെ.ടി.ആർ സ്ട്രക്ച്ചറിൽ മോർച്ചറിയിലേക്ക് പോകുന്നത് കാണേണ്ടി വരുമെന്ന് രേവന്ത് റെഡ്ഡി പറഞ്ഞു. ഹൈദരാബാദിൽ നടന്ന ഒരു പൊതുപരിപാടിയിൽ 1,500 അധ്യാപകർക്ക് ജോലി നിയമന കത്തുകൾ നൽകിക്കൊണ്ട് സംസാരിക്കവെയായിരുന്നു രേവന്തിന്റെ വിവാദ പരാമർശം. ‘സ്ഥാനമാനത്തെക്കുറിച്ച് സംസാരിക്കുന്നവരെ സ്ട്രെച്ചറിൽ മോർച്ചറിയിലേക്ക് അയയ്ക്കും’ എന്നായിരുന്നു രേവന്ത് റെഡ്ഡി പറഞ്ഞത്. പദവി എന്നത് വ്യക്തികൾക്കോ ​​ജാതികൾക്കോ ​​ഉള്ളതല്ല, മറിച്ച് രാഷ്ട്രപതി, പ്രധാനമന്ത്രി, മുഖ്യമന്ത്രി, മന്ത്രി, എം.എൽ.എ, തുടങ്ങിയ സ്ഥാനങ്ങൾക്കുള്ളതാണെന്നും രേവന്ത് റെഡ്ഡി പറഞ്ഞു.

ബി.ആർ.എസ് പ്രസിഡന്റും മുൻ മുഖ്യമന്ത്രിയുമായ കെ. ചന്ദ്രശേഖര റാവു (കെ.സി.ആർ) നിയമസഭാ സമ്മേളനത്തിൽ പങ്കെടുക്കില്ലെന്നും കോൺഗ്രസിൽ അദ്ദേഹത്തിന്റെ പദവിക്ക് തുല്യനായ ആരും ഇല്ലെന്നും രാമറാവു നടത്തിയ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി.

കെ.സി.ആർ സർക്കാർ ചെയ്ത കടങ്ങളും മണ്ടത്തരങ്ങളും തന്റെ സർക്കാരാണ് പരിഹരിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. മുൻ സർക്കാർ എടുത്ത കടങ്ങളും വായ്പകളുടെ പലിശയും തീർക്കാൻ സർക്കാർ എല്ലാ മാസവും 6,500 കോടി രൂപ നൽകേണ്ടിവരുന്നെന്നും അദ്ദേഹം പറഞ്ഞു.

പിന്നാലെ രേവന്ത് റെഡ്ഡി പേപ്പട്ടിയാണെന്ന് കെ.ടി.ആർ തിരിച്ചടിച്ചു. തന്റെ എക്‌സിലെ പോസ്റ്റിലൂടെയായിരുന്നു കെ.ടി.ആറിന്റെ വിമർശനം. ‘മാന്യതയുടെ എല്ലാ പരിധികളും ലംഘിച്ച ഒരു ഭ്രാന്തൻ നായയാണ് രേവന്ത് റെഡ്ഡി, എത്രയും വേഗം അദ്ദേഹത്തെ ഏതെങ്കിലും മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് കൊണ്ടുപോകണമെന്ന് ഞാൻ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളോട് അഭ്യർത്ഥിക്കുന്നു. അല്ലാത്തപക്ഷം, ഈ അവസ്ഥയിൽ, അദ്ദേഹം എല്ലാവരെയും കടിക്കാൻ തുടങ്ങിയേക്കാം,’ കെ.ടി. ആർ പറഞ്ഞു.

തെലങ്കാനയില്‍ മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയെ വിമര്‍ശിച്ചതിന് വനിതാ മാധ്യമ പ്രവര്‍ത്തകയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കോണ്‍ഗ്രസ് ഭരണത്തിന് കീഴില്‍ കര്‍ഷകര്‍ അനുഭവിക്കുന്ന കഷ്ടപ്പാടുകള്‍ ചൂണ്ടിക്കാട്ടി തന്റെ യൂട്യൂബ് ചാനലില്‍ വീഡിയോ പോസ്റ്റ് ചെയ്തതിന് പിന്നാലെയാണ് അറസ്റ്റ്.

ഇതാണോ രാഹുല്‍ ഗാന്ധി പറയുന്ന ഭരണഘടനാ ഭരണമെന്നും ഇതില്‍ എവിടെയാണ് പത്രസ്വാതന്ത്ര്യമെന്നും, ഇത്തരം അടിച്ചമര്‍ത്തലുകള്‍ സര്‍ക്കാര്‍ ഉടന്‍ അവസാനിപ്പിക്കണമെന്നും ബി.ആര്‍.എസ് നേതാവ് കെ.ടി രാമറാവു പറഞ്ഞിരുന്നു.

Content Highlight: This Mad Dog: Sparks Fly In Telangana As KTR, Revanth Reddy Face-Off

Latest Stories