കാറില്‍ ഏറെ സമയം ചിലവഴിക്കുന്നവരാണോ നിങ്ങള്‍. എങ്കില്‍ ഞരമ്പുകളില്‍ രക്തം കട്ടപ്പിടിക്കാനുള്ള സാധ്യത നിങ്ങളില്‍ കൂടുതലാണെന്നാണ് പഠനം പറയുന്നത്.
മണിക്കൂറുകളോളം കാറില്‍ അല്ലെങ്കില്‍ വിമാനത്തില്‍ ചിലവഴിക്കുന്നവര്‍ക്കാണ് ഈ ആരോഗ്യപ്രശ്‌നമുണ്ടാവുക. കൈകള്‍, കാല്, വയറിന്റെ അടിഭാഗം എന്നിവിടങ്ങളിലെ ഞരമ്പുകളില്‍ രക്തക്കട്ട രൂപപ്പെടുകയാണ് ചെയ്യുക. venous thromboembolsim (വി.ടി.ഇ) എന്നാണ് ഈ അവസ്ഥ അറിയപ്പെടുന്നത്.
2016 ഏപ്രിലില്‍ ജപ്പാനില്‍ നടന്ന ഭൂകമ്പത്തിനു പിന്നാലെ ശേഖരിച്ച ചില വിവരങ്ങളില്‍ നിന്നാണ് ഏറെ നേരം കാറില്‍ ഇരിക്കുന്നത് വലിയ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്ന നിഗമനത്തില്‍ എത്തിയത്. ഭൂകമ്പത്തെ തുടര്‍ന്ന് കുടിയൊഴിയേണ്ടിവന്നവരില്‍ മിക്കവരുടേയും കാലുകളില്‍ “പകര്‍ച്ചവ്യാധി” പോലെ രക്തം കട്ടപിടിച്ചത് ശ്രദ്ധയില്‍പ്പെട്ടെന്നാണ് കാര്‍ഡിയോളജിയെന്ന കനേഡിയന്‍ ജേണലില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നത്.
വിശദമായ പരിശോധനയില്‍ 51 പേരുടെ പ്രശ്‌നം വി.ടി.ഇയാണെന്ന് കണ്ടെത്തുകയും ചെയ്തു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ മനസിലായത് ഇവരില്‍ 42%വും രാത്രി ചിലവഴിച്ചത് വാഹനങ്ങളിലായിരുന്നുവെന്നാണ്.
കാറില്‍ ഏറെസമയം യാത്ര ചെയ്യുന്നവര്‍ ഇടയ്ക്കിടെ എഴുന്നേറ്റ അല്പം നടക്കുന്നത് എത്രത്തോളം പ്രധാനമെന്നത് ഈ പഠനത്തില്‍ നിന്ന് വ്യക്തമാകുമെന്ന് ജേണലിന്റെ എഡിറ്റര്‍ ഇന്‍ ചീഫ് സ്റ്റാന്‍ലി നാട്ടല്‍ പറയുന്നു.