| Tuesday, 16th June 2020, 2:41 pm

'ചോദ്യങ്ങള്‍ ചോദിക്കുന്നത് ദേശവിരുദ്ധമാകുമ്പോള്‍ ഇങ്ങനെയെല്ലാം സംഭവിക്കും' ; ചൈനീസ് ആക്രമണത്തില്‍ ഉമര്‍ അബ്ദുള്ളയും ഉവൈസിയും

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലഡാക്ക്: ഇന്ത്യ- ചൈന സംഘര്‍ഷത്തിന്റെ ഭാഗമായി മൂന്ന് ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതികരണവുമായി ജമ്മുകശ്മീര്‍ മുന്‍ മുഖ്യന്ത്രി ഉമര്‍ അബ്ദുള്ള.

ചോദ്യങ്ങള്‍ ചോദിക്കുന്നത് ദേശവിരുദ്ധമാണെന്ന് മാധ്യമങ്ങളിലൂടെ അടക്കം പ്രചരിപ്പിക്കുമ്പോള്‍ സംഭവിക്കുന്നത് ഇതാണെന്ന് ഉമര്‍ അബ്ദുള്ള പറഞ്ഞു.

ഇന്ത്യ-ചൈന അതിര്‍ത്തിയിലെ നിലവിലെ സാഹചര്യം എത്രത്തോളം ഗുരുതരമാണെന്നതിന്റെ തെളിവാണ് ചൈനീസ് സൈന്യവുമുണ്ടായ ഏറ്റുമുട്ടലില്‍ ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ടതിലൂടെ വെളിവാകുന്നതെന്നായിരുന്നു ഓള്‍ ഇന്ത്യ മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്‌ലീമീന്‍ തലവന്‍ അസദുദ്ദീന്‍ ഉവൈസിയുടെ പ്രതികരണം.

ഇത്തരമൊരു സംഭവം നടന്നുവെന്ന സത്യമാണെങ്കില്‍ ഈ വിഷയത്തില്‍ സര്‍ക്കാര്‍ വിശദീകരക്കുറിപ്പ് ഇറക്കണമെന്നും ഉവൈസി പറഞ്ഞു. ഒരു വെടിവെപ്പുപോലും നടത്താതെ നമ്മുടെ ധീരരായ സൈനികരെ മര്‍ദ്ദിച്ചു കൊലപ്പെടുത്തിയെന്നത് അങ്ങേയറ്റം ഭീകരമാണെന്നും അദ്ദേഹം പറഞ്ഞു.

ലഡാക്ക് അതിര്‍ത്തിയില്‍ ഇന്ത്യന്‍ സൈനികര്‍ക്കെതിരായ ആക്രമണ വാര്‍ത്ത അങ്ങേയറ്റം ദു:ഖകരമാണെന്നും സൈനികരുടെ കുടുംബങ്ങള്‍ക്ക് ഞങ്ങളുടെ ദു:ഖത്തില്‍ പങ്കുചേരുന്നെന്നും രാഷ്ട്രത്തിന് വേണ്ടിയുള്ള സൈനികരുടെ ത്യാഗം വെറുതെയാകരുതെന്ന് എന്നുമായിരുന്നു ആം ആദ്മി പാര്‍ട്ടി ട്വീറ്റ് ചെയ്തത്.

അതേസമയം ഇന്ത്യയുടെ ഭാഗത്ത് നിന്നാണ് പ്രകോപനം ഉണ്ടായതെന്നാണ് ചൈനീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇന്ത്യന്‍ സൈനികര്‍ അതിര്‍ത്തി ലംഘിച്ചുവെന്നും തുടര്‍ന്നാണ് ഇരു സൈന്യവും തമ്മില്‍ ഏറ്റുമുട്ടല്‍ ഉണ്ടായതെന്നുമാണ് ചൈനീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

ഡൂള്‍ന്യൂസിനെ  സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more