| Tuesday, 1st December 2020, 9:45 pm

'ഇതാണ് ഈ വര്‍ഷത്തെ സിനിമ'; സൂരരൈ പൊട്രിനെ പ്രശംസിച്ച് സാമന്ത

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഹൈദരാബാദ്: സൂര്യ- അപര്‍ണാ ബാലമുരളി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സുധാ കൊങ്കാര സംവിധാനം ചെയ്ത സുരരൈ പൊട്രിനെ പ്രശംസിച്ച് തെന്നിന്ത്യന്‍ സൂപ്പര്‍ താരം സാമന്ത. ഇന്‍സ്റ്റഗ്രാമിലൂടെയായിരുന്നു താരത്തിന്റെ അഭിനന്ദനം.

ഈ വര്‍ഷത്തെ സിനിമ ഇതാണെന്നും ഇതൊരു മുത്താണെന്നും സാമന്ത പറഞ്ഞു. നിരവധി പേരാണ് ചിത്രത്തിനെ അഭിനന്ദിച്ച് രംഗത്ത് എത്തിയത്. നേരത്തെ വിജയ് ദേവരകൊണ്ടയടക്കമുള്ള താരങ്ങള്‍ ചിത്രത്തിനെ അഭിനന്ദിച്ച് രംഗത്ത് എത്തിയിരുന്നു.

എയര്‍ഡെക്കാന്‍ സ്ഥാപകനായ ജി.ആര്‍. ഗോപിനാഥിന്റെ ആത്മകഥയായ ‘സിംപ്ലി ഫ്‌ളൈ എ ഡെക്കാന്‍ ഒഡീസി’ എന്ന പുസ്തകത്തെയും അദ്ദേഹത്തിന്റെ വ്യോമയാന വ്യവസായത്തിലെ സംഭവവികാസങ്ങളെയും ആധാരമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

‘സൂരാരൈ പൊട്രു’ സൂര്യയുടെ മൂപ്പത്തിയെട്ടാമത്തെ ചിത്രമാണ്. 2 മണിക്കൂറും 24 മിനിറ്റുമാണ് സിനിമയുടെ ദൈര്‍ഘ്യം.

സുധാ കൊംഗാര പ്രസാദ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മലയാളി താരം അപര്‍ണ ബാലമുരളിയാണ് നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഒപ്പം മോഹന്‍ ബാബു, പരേഷ് റവാല്‍ എന്നിവരും ചിത്രത്തില്‍ അണിനിരക്കുന്നു.

ജി.വി പ്രകാശ് ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം. സൂര്യയുടെ നിര്‍മാണ കമ്പനിയായ 2 ഡി എന്റര്‍ടെയിന്‍മെന്റും സിഖ്യ എന്റര്‍ ടെയിന്‍മെന്റിസും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. മോഹന്‍ലാലിനോടൊപ്പം അഭിനയിച്ച കാപ്പാനാണ് താരത്തിന്റെതായി അവസാനം റിലീസ് ചെയ്ത സിനിമ.

ചിത്രത്തിലെ ഗാനങ്ങള്‍ നേരത്തെ തന്നെ വൈറലായിരുന്നു. മലയാളത്തിന്റെ സ്വന്തം ഗായകന്‍ ഹരീഷ് ശിവരാമകൃഷ്ണന്‍ ചിത്രത്തില്‍ ഗാനം ആലപിച്ചിട്ടുണ്ട്.

സ്‌പൈസ് ജെറ്റ് ബോയിങ് 737 എയര്‍ ക്രാഫ്റ്റില്‍ വെച്ചായിരുന്നു ചിത്രത്തിലെ ഗാനങ്ങളുടെ ഓഡിയോ ലോഞ്ച് നടത്തിയത്. സ്‌പൈസ് ജെറ്റ് ഉടമ അജയ് സിങ്ങുമായി ചേര്‍ന്നാണ് പാട്ടു പുറത്തിറക്കിയിരിക്കുന്നത്.

Content Highlights: ‘This is this year’s film’; Samantha praises Soorarai Pottru

We use cookies to give you the best possible experience. Learn more