ചെന്നൈ: കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരായി നടക്കുന്ന കര്‍ഷകരുടെ പ്രക്ഷോഭങ്ങള്‍ക്ക് പിന്തുണയുമായി ഡി.എം.കെ അധ്യക്ഷന്‍ എം.കെ സ്റ്റാലിന്‍.
കര്‍ഷകര്‍ ബി.ജെ.പി സര്‍ക്കാരിനെതിരെ യുദ്ധം ചെയ്യുകയാണെന്നും അവര്‍ വിജയികളായി എത്തുമെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷ പാര്‍ട്ടികളുമായി ചര്‍ച്ച ചെയ്യാതെയാണ് മോദി സര്‍ക്കാര്‍ പുതിയ നിയമങ്ങള്‍ കൊണ്ടുവരുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഒരു പാവപ്പെട്ട അമ്മയുടെ മകനാണെന്ന മോദിയുടെ പ്രസ്താവനയെയും സ്റ്റാലിന്‍ പരിഹസിച്ചു. ‘ഒരു പാവപ്പെട്ട അമ്മയുടെ മകനായതിനാല്‍ മറ്റ് പാവപ്പെട്ട മക്കളെ (കര്‍ഷകരെ) ഒറ്റിക്കൊടുക്കാന്‍ പാടില്ലായിരുന്നു’ എന്ന് സ്റ്റാലിന്‍ പറഞ്ഞു. ‘മാന്‍ കി ബാത്ത്’ പ്രസംഗത്തില്‍ വാഗ്ദാനം ചെയ്ത ഉല്‍പന്നങ്ങള്‍ക്ക് കര്‍ഷകര്‍ക്ക് മിനിമം വില ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും സ്റ്റാലിന്‍ ആവശ്യപ്പെട്ടു.
തമിഴ്‌നാട് സംസ്ഥാന സര്‍ക്കാരിനെയും സ്റ്റാലിന്‍ രൂക്ഷമായി വിമര്‍ശിച്ചു. കൃഷിക്കാരനായി സ്വയം ഉയര്‍ത്തിക്കാട്ടുന്നതിനിടെ മുഖ്യമന്ത്രി പളനിസ്വാമി കര്‍ഷകരെ ഒറ്റിക്കൊടുക്കുകയായിരുന്നെന്നും സ്റ്റാലിന്‍ പറഞ്ഞു.
അതേസമയം ഡിസംബര്‍ 8ന് നടക്കുന്ന കര്‍ഷക ബന്ദിന് ഡി.എം.കെ അടക്കമുള്ള പാര്‍ട്ടികള്‍ പിന്തുണ അറിയിച്ചിട്ടുണ്ട്. കോണ്‍ഗ്രസ്, സി.പി.ഐ.എംആം ആദ്മി, തൃണമൂല്‍ കോണ്‍ഗ്രസ് , ആര്‍.ജെ.ഡി, സമാജ്വാദി പാര്‍ട്ടി, ടി.ആര്‍.എസ് തുടങ്ങിയ പാര്‍ട്ടികളാണ് പിന്തുണ അറിയിച്ചത്.
ദല്‍ഹി അതിര്‍ത്തികളില്‍ പത്ത് ദിവസത്തിലേറെയായി കര്‍ഷക സമരം തുടരുകയാണ്. പഞ്ചാബ്, ഹരിയാന തുടങ്ങി വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള ആയിര കണക്കിന് കര്‍ഷകരാണ് പ്രതിഷേധത്തില്‍ പങ്കെടുക്കുന്നത്. പ്രതിഷേധക്കാരുമായി കേന്ദ്രസര്‍ക്കാര്‍ നിരവധി തവണ ചര്‍ച്ച നടത്തിയെങ്കിലും പരാജയപ്പെടുകയായിരുന്നു.
മൂന്ന് നിയമത്തിലും ഭേദഗതി കൊണ്ടുവരുമെന്നും താങ്ങുവില ഉറപ്പാക്കുമെന്നും കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. എന്നാല്‍ പുതിയ മൂന്ന് കര്‍ഷക നിയമങ്ങളും പിന്‍വലിക്കുന്നതുവരെ പ്രതിഷേധം തുടരുമെന്ന നിലപാടിലാണ് കര്‍ഷകര്‍.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക