ഇഷ്ടപ്പെട്ട ഭക്ഷണം പാകം ചെയ്താല്‍ വീടുകള്‍ ബുള്‍ഡോസറുകള്‍ ഉപയോഗിച്ച് പൊക്കുന്ന കാലമാണിത്: എ. വിജയരാഘവന്‍
Kerala News
ഇഷ്ടപ്പെട്ട ഭക്ഷണം പാകം ചെയ്താല്‍ വീടുകള്‍ ബുള്‍ഡോസറുകള്‍ ഉപയോഗിച്ച് പൊക്കുന്ന കാലമാണിത്: എ. വിജയരാഘവന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 20th April 2022, 2:23 pm

തിരുവനന്തപുരം: രാമനവമിക്ക് ഇഷ്ടപ്പെട്ട ഭക്ഷണം പാകം ചെയ്താല്‍ വീടുകള്‍ ബുള്‍ഡോസറുകള്‍ ഉപയോഗിച്ച് പൊക്കുന്ന കാലമാണിതെന്ന് സി.പി.ഐ.എം പോളിറ്റ് ബ്യൂറോ അംഗം എ. വിജയരാഘവന്‍. രാജ്യത്തിന്റെ ബഹുസ്വരത നഷ്ടപ്പെട്ടെന്നും വിജയരാഘവന്‍ പറഞ്ഞു.

പ്രത്യേക വസ്ത്രം ധരിച്ച് കോളേജുകളിലെത്താന്‍ പോലും അനുവാദമില്ല. ജനങ്ങളെ പൂര്‍ണമായും ഭിന്നിപ്പിച്ച് വിദ്വേഷം പടര്‍ത്തി തീവ്രഹിന്ദുത്വ പരികല്‍പ്പനകള്‍ക്ക് അനുസൃതമായ ഹിന്ദു രാഷ്ട്രം സൃഷ്ടിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വര്‍ഗീയവാദികള്‍ കലാപത്തിന്റെ കാട്ടുതീ ആളിക്കത്തിക്കാന്‍ ശ്രമിക്കുമ്പോള്‍ കേരളത്തില്‍ യു.ഡി.എഫ് കൂട്ടുചേരുന്നതായും എ. വിജയരാഘവന്‍ പറഞ്ഞു.

‘ഇടതുപക്ഷത്തിന്റെ ജനപിന്തുണ ഇല്ലാതാക്കാന്‍ വലിയ ഗൂഢാലോചന നടക്കുന്നുണ്ട്. എന്നാല്‍ ഇടതുപക്ഷത്തിന്റെ ബഹുജന സ്വാധീനം വര്‍ധിച്ചു. മനുഷ്യന്‍ എന്ന പദത്തിന്റെ മഹനീയ ഉള്ളടക്കത്തോട് നീതിപുലര്‍ത്തുന്ന ഭരണമാണ് കേരളത്തിലേത്. ഇടതുപക്ഷത്തിനെതിരെ അസത്യങ്ങളും അപവാദങ്ങളും ചില മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്നുണ്ട്.

മാധ്യമങ്ങളുടെ നിഷ്പക്ഷതയിലും രാജ്യം പുറകോട്ട് പോയി. പത്രാധിപരുടെ പത്രം ഇല്ലാതായി. വ്യക്തിക്ക് പത്രം നടത്തുക എന്നത് അസാധ്യമായെന്നും കോര്‍പ്പറേറ്റുകള്‍ മാധ്യമ മേഖലയെ കീഴടക്കി രാജ്യം രണ്ടാക്കിയെന്നും അദ്ദേഹം ആരോപിച്ചു. തീവ്ര വലതുപക്ഷ – വര്‍ഗീയ വത്കരണത്തിന്റെയും കോര്‍പ്പറേറ്റ് വത്കരണത്തിന്റെയും ചൂഷണത്തിന്റെ ഭാഗമായ മാധ്യമങ്ങള്‍ ഒരുവശത്ത് നില്‍ക്കുകയാണ്. ഇതിനെ തോല്‍പ്പിക്കാതെ സാധാരണക്കാര്‍ക്ക് മുന്നോട്ട് പോകാനാകില്ല,’ വിജയരാഘവന്‍ പറഞ്ഞു.

രാജ്യത്തിന്റെ പൊതു സമ്പത്ത് ഇഷ്ടപ്പെട്ട ശതകോടീശ്വരന്‍മാര്‍ക്ക് കൈമാറുന്നതിന് ജനം സാക്ഷിയായിക്കൊണ്ടിരിക്കുകയാണ്. സൈനിക ആവശ്യങ്ങള്‍ക്കുള്ള പൊതുമേഖലാ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെ ഇഷ്ടപ്പെട്ട മുതലാളിമാര്‍ക്ക് കൈമാറുന്നെന്നും അദ്ദേഹം ആരോപിച്ചു. സാധാരണക്കാരുടെ ജീവിതം പുറകോട്ട് പോയിക്കൊണ്ടിരിക്കുന്നെന്നും വിജയരാഘവന്‍ ചൂണ്ടിക്കാട്ടി.

അനധികൃമായി നിര്‍മിച്ചതാണെന്നാരോപിച്ച് ദല്‍ഹിയിലെ ജഹാംഗീര്‍പുരിയില്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് കെട്ടിടങ്ങള്‍ തകര്‍ക്കുകയാണ്. ജഹാംഗീര്‍പുരിയില്‍ കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കുന്നത് നിര്‍ത്തിവെക്കാനുള്ള സുപ്രീംകോടതി ഉത്തരവിനെ മറികടന്നാണ് ഇത്തരം ഒരു നീക്കം ബി.ജെ.പി ഭരിക്കുന്ന വടക്കന്‍ ദല്‍ഹി മുനിസിപ്പല്‍ കോര്‍പറേഷന്‍ നടത്തിയിരിക്കുന്നത്. മുസ്ലിങ്ങളുടെ വീട് ലക്ഷ്യമിട്ടാണ് പൊളിക്കല്‍ നടക്കുന്നത്.

എന്നാല്‍, ഇതിനെതിരെ ആം ആദ്മി രംഗത്തുവരാത്തത് ചൂണ്ടിക്കാട്ടി വിമര്‍ശനം ഉയരുന്നുണ്ട്. ഇതുവരെ വിഷയത്തില്‍ പ്രതികരണം നടത്താന്‍ ആം ആദ്മി തയ്യാറായിട്ടില്ല. ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാളോ സ്ഥലം എം.എല്‍.എയും മന്ത്രിസഭയിലെ അംഗവുമായ സഞ്ജയ് ഝായോ ഇതുവരെ സംഭവ സ്ഥലത്ത് വന്നിട്ടില്ല. കോണ്‍ഗ്രസും സംഭവസ്ഥലത്ത് എത്തിയിട്ടില്ല.

അതേസമയം സി.പി.ഐ.എം നേതാവ് ബൃന്ദ കാരാട്ട് സംഭവ സ്ഥലത്ത് എത്തുകയും കെട്ടിടം പൊളിക്കുന്നത് നിര്‍ത്താന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു. കെട്ടിടങ്ങള്‍ പൊളിക്കാനെത്തിയ ബുള്‍ഡോസറുകള്‍ ബൃന്ദ കാരാട്ട് തടയുകയും ചെയ്തു.

Content Highlights: This is the time when houses are being bulldozed when favorite food is cooked: a. Vijayaraghavan