ഏറെ നാടകീയതകള്‍ നിറഞ്ഞതായിരുന്നു ഇന്ത്യയുടെ സൗത്ത് ആഫ്രിക്കന്‍ പര്യടനത്തിലെ രണ്ടാം ടെസ്റ്റിന്റെ ആദ്യ ദിനം. ഇരു ടീമുകളുടെയും ആദ്യ ഇന്നിങ്‌സ് ആദ്യ ദിനം തന്നെ അവസാനിക്കുകയും ആതിഥേയരായ സൗത്ത് ആഫ്രിക്ക രണ്ടാം ഇന്നിങ്‌സിനായി ബാറ്റിങ്ങിനറങ്ങുകയും ചെയ്തിരുന്നു.
പേസര്‍മാര്‍ നിറഞ്ഞാടിയ മത്സരത്തില്‍ രണ്ട് ടീമുകളുടേതുമായി 23 വിക്കറ്റുകളാണ് നിലം പൊത്തിയത്. ആദ്യ ഇന്നിങ്‌സില്‍ സൗത്ത് ആഫ്രിക്ക 55 റണ്‍സിന് പുറത്തായപ്പോള്‍ 153 റണ്‍സിനാണ് ഇന്ത്യ ഓള്‍ ഔട്ടായത്. 153ന് നാല് എന്ന നിലയില്‍ നിന്നുമാണ് ഇന്ത്യ 153ന് ഓള്‍ ഔട്ട് എന്ന സ്ഥിതിയിലേക്ക് വീണത്.
ശേഷം രണ്ടാം ഇന്നിങ്‌സിനിറങ്ങിയ സൗത്ത് ആഫ്രിക്കയുടെ ആദ്യ മൂന്ന് വിക്കറ്റുകളും ആദ്യ ദിനം തന്നെ വീണിരുന്നു.
ഇതോടെ ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ ഡെയ്ഞ്ചറസ് പിച്ചുകളുടെ ഗണത്തിലേക്കാണ് ആരാധകര്‍ കേപ് ടൗണിലെ ന്യൂലാന്‍ഡ്‌സ് സ്റ്റേഡിയത്തെ പ്രതിഷ്ഠിക്കുന്നത്. ടെസ്റ്റ് ചരിത്രത്തില്‍ ഇത് രണ്ടാം തവണയാണ് കേപ് ടൗണില്‍ ടെസ്റ്റിലെ ഒരു ദിവസം തന്നെ 23 വിക്കറ്റുകള്‍ വീഴുന്നത്.
ഇതിന് മുമ്പ് 2011ലെ ഓസ്‌ട്രേലിയയുടെ സൗത്ത് ആഫ്രിക്കന്‍ പര്യടനത്തിലെ ആദ്യ ടെസ്റ്റിലാണ് 23 വിക്കറ്റുകള്‍ വീണത്. സൗത്ത് ആഫ്രിക്കയുടെ ആദ്യ ഇന്നിങ്‌സിലും ഓസ്‌ട്രേലിയയുടെ രണ്ടാം ഇന്നിങ്‌സിലുമായാണ് ഇത്തരത്തില്‍ വിക്കറ്റുകള്‍ നിലം പൊത്തിയത്.
സൗത്ത് ആഫ്രിക്ക ആദ്യ ഇന്നിങ്‌സില്‍ 96ന് ഓള്‍ ഔട്ടായപ്പോള്‍ ഓസ്‌ട്രേലിയ രണ്ടാം ഇന്നിങ്‌സില്‍ 47ന് പുറത്തായി. 15 റണ്‍സിന് അഞ്ച് വിക്കറ്റ് വീഴ്ത്തിയ ഫിലാണ്ടറാണ് ഓസീസിനെ തകര്‍ച്ചയിലേക്ക് തള്ളിയിട്ടത്.
ഇതിന് പുറമെ ഒരു ദിവസം തന്നെ 19 വിക്കറ്റും മറ്റൊരു മത്സരത്തില്‍ 18 വിക്കറ്റും വീണ ചരിത്രവും കേപ് ടൗണിനുണ്ട്. 1889ലെ സൗത്ത് ആഫ്രിക്ക-ഇംഗ്ലണ്ട് മത്സരത്തില്‍ 19 വിക്കറ്റ് വീണപ്പോള്‍ 2018ലെ ഇന്ത്യയുടെ സൗത്ത് ആഫ്രിക്കന്‍ പര്യടനത്തിലാണ് 18 വിക്കറ്റുകള്‍ വീണത്.
അതേസമയം, ഇപ്പോള്‍ നടക്കുന്ന പരമ്പരയില്‍ ലീഡ് നേടിയിരിക്കുകയാണ്. 25 ഓവര്‍ പിന്നിടുമ്പോള്‍ 13 റണ്‍സിന്റെ ലീഡാണ് സൗത്ത് ആഫ്രിക്കക്കുള്ളത്.
എന്നാല്‍ ആദ്യ ദിനം മൂന്ന് വിക്കറ്റ് നഷ്ടമായ സൗത്ത് ആഫ്രിക്കക്ക് ഇതിനോടകം തന്നെ അടുത്ത മൂന്ന് വിക്കറ്റും നഷ്ടമായിരിക്കുകയാണ്. 76 പന്തില്‍ 57 റണ്‍സുമായി ഏയ്ഡന്‍ മര്‍ക്രവും രണ്ട് പന്തില്‍ മൂന്ന് റണ്‍സുമായി കേശവ് മഹാരാജുമാണ് ക്രീസില്‍.
CONTENT HIGHLIGHT: This is the second time in Cape Town that 23 wickets have been lost in a day.