'ഇത് പുതിയ ഇന്ത്യയുടെ യാഥാര്‍ഥ്യം'; പാര്‍ലമെന്ററി സമിതികളുടെ അധ്യക്ഷ സ്ഥാനത്തു നിന്ന് പ്രതിപക്ഷത്തെ നീക്കി ബി.ജെ.പി സര്‍ക്കാര്‍
national news
'ഇത് പുതിയ ഇന്ത്യയുടെ യാഥാര്‍ഥ്യം'; പാര്‍ലമെന്ററി സമിതികളുടെ അധ്യക്ഷ സ്ഥാനത്തു നിന്ന് പ്രതിപക്ഷത്തെ നീക്കി ബി.ജെ.പി സര്‍ക്കാര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 5th October 2022, 12:41 pm

ന്യൂദല്‍ഹി: സുപ്രധാന പാര്‍ലമെന്ററി സമിതികളുടെ അധ്യക്ഷ സ്ഥാനത്തുനിന്നും പ്രതിപക്ഷത്തെ ഒഴിവാക്കി കേന്ദ്ര സര്‍ക്കാര്‍. ചൊവ്വാഴ്ച്ചയാണ് പാര്‍ലമെന്ററി സമിതികളെ പുനഃസംഘടിപ്പിച്ച് കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിറക്കിയത്.
ആഭ്യന്തരവും ഐടിയുമടക്കമുള്ള പാര്‍ലമെന്ററി സമിതികളില്‍ നിന്നാണ് പ്രതിപക്ഷത്തെ ഒഴിവാക്കിയിരിക്കുന്നത്.

പുതിയ ഉത്തരവ് വന്നതോടെ കോണ്‍ഗ്രസിന്റെ പാര്‍ലമെന്ററി സമിതി അധ്യക്ഷ സ്ഥാനം ഒന്നിലേക്ക് ചുരുങ്ങി. രണ്ടാമത്തെ വലിയ പ്രതിപക്ഷ പാര്‍ട്ടിയായ തൃണമൂല്‍ കോണ്‍ഗ്രസിന് ഒരു പാര്‍ലമെന്ററി സമിതിയുടെയും അധ്യക്ഷ പദമില്ലാതായി.

ആഭ്യന്തരം, ധനം, പ്രതിരോധം, ഐ.ടി, വിദേശകാര്യം എന്നീ സമിതികളുടെ അധ്യക്ഷ സ്ഥാനത്ത് നിന്നാണ് പ്രതിപക്ഷ നേതാക്കളെ നീക്കം ചെയ്തിരിക്കുന്നത്.

ആഭ്യന്തര പാര്‍ലമെന്ററി സമിതി അധ്യക്ഷ സ്ഥാനത്തുനിന്നും കോണ്‍ഗ്രസ് എം.പി മനു അഭിഷേക് സിങ്‌വിയെയാണ്‌ മാറ്റിയിരിക്കുന്നത്. സിങ്‌വിക്ക് പകരം ബി.ജെ.പി എം.പിയും വിരമിച്ച ഐ.പി.എസ് ഉദ്യോഗസ്ഥനുമായ ബ്രിജ് ലാലിനെയാണ് നിയമിച്ചിരിക്കുന്നത്.

ഐ.ടി കാര്യ പാര്‍ലമെന്ററി സമിതിയുടെ അധ്യക്ഷനായി പ്രതാപ്റാവു ജാദവിനെ നിയമിച്ചു. മഹാരാഷ്ട്രയിലെ ഏക്നാഥ് ഷിന്‍ഡെയുടെ നേതൃത്വത്തിലുള്ള ശിവസേനയിലെ അംഗമാണ് പ്രതാപ്റാവു ജാദവ്. നേരത്തെ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുന്ന ശശി തരൂരായിരുന്നു ഐ.ടി കാര്യ പാര്‍ലമെന്ററി സമിതിയുടെ അധ്യക്ഷന്‍.

ഏകാധിപത്യ കാലത്ത് പ്രതീക്ഷിച്ച നടപടിയാണിതെന്നാണ് തൃണമൂല്‍ കോണ്‍ഗ്രസിന്റെ പ്രതികരണം.

‘ലോക്സഭയിലെ മൂന്നാമത്തെ ഏറ്റവും വലിയ പാര്‍ട്ടിക്ക് ഒരു ചെയര്‍മാന്‍ പദവി പോലുമില്ല. രണ്ടാമത്തെ വലിയ പാര്‍ട്ടിയുടെ ഉള്ള രണ്ട് പദവികളും എടുത്ത് കളഞ്ഞു, ഇത് പുതിയ ഇന്ത്യയുടെ യാഥാര്‍ഥ്യം’ തൃണമൂല്‍ രാജ്യസഭാ നേതാവ് ഡെറിക് ഒബ്രിയന്‍ പറഞ്ഞു.

ഇതാണ് മോദി ഇന്ത്യയെന്ന് തൃണമൂല്‍ നേതാവിനെ പിന്തുണച്ച് കോണ്‍ഗ്രസ് വക്താവ് ജയറാം രമേശും ട്വീറ്റ് ചെയ്തു.

Content Highlight: ‘This is the reality of the new India’; BJP government removed the opposition from the post of chairman of the parliamentary committees