ഇവയെല്ലാം ഹിന്ദുരാഷ്ട്രത്തിലേക്കുള്ള ഭേദഗതികള്‍
Discourse
ഇവയെല്ലാം ഹിന്ദുരാഷ്ട്രത്തിലേക്കുള്ള ഭേദഗതികള്‍
സാജിദ സുബൈദ
Friday, 21st August 2020, 8:07 pm

2019 നവംബറില്‍ ഡി.ജി.പിമാരുടെയും ഐ.ജിമാരുടെയും അമ്പത്തി നാലാമത് പോലീസ് കോണ്‍ഫറന്‍സില്‍ പങ്കെടുത്തു കൊണ്ടാണ് ഇന്ത്യന്‍ ശിക്ഷാ നിയമം 1860 (IPC), ക്രിമിനല്‍ നടപടി ചട്ടം 1973 (CRPC), തെളിവു നിയമം 1872 (Evidance act) തുടങ്ങിയവ ഭേദഗതി ചെയ്യുമെന്ന്
അമിത് ഷാ പ്രഖ്യാപിക്കുന്നത്. എന്നാല്‍ കൊവിഡ് പശ്ചാത്തലത്തില്‍ രാജ്യത്ത് എര്‍പ്പെടുത്തിയ ലോക്ക് സൗണ്‍ ഈ പരിഷ്‌കരണങ്ങളെല്ലാം അനായാസം നടപ്പിലാക്കുന്നതിന് കേന്ദ്ര സര്‍ക്കാരിനെ കുറേക്കൂടി സഹായിക്കുമെന്നും സൗകര്യപ്പെടുത്തുമെന്നും നമ്മളാരും അന്ന് കരുതിയിരുന്നില്ല.

ഭേദഗതിയെ കുറിച്ച് പഠിച്ചു റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ അഞ്ചംഗ കമ്മിറ്റിയെയാണ് നിയോഗിച്ചത്. ഈ കമ്മിറ്റിയുടെ തലവന്‍ റണ്‍ബീര്‍ സിംഗ്, നാഷനല്‍ ലോ യൂണിവേഴ്സിറ്റിയുടെ വൈസ് ചാന്‍സലറാണ്. പ്രൊഫസര്‍ ജി.എസ് ബാജ്പാ, പ്രൊഫസര്‍ മ്രിണാല്‍ സതീഷ്, ജി.പി ത്രേജ, മഹേഷ് ജത്മലാനി തുടങ്ങിയവരാണ് മറ്റു കമ്മിറ്റിയംഗങ്ങള്‍.

ജി.പി ത്രേജ ദല്‍ഹിയില്‍ മുന്‍ സെഷന്‍സ് ജഡ്ജായിരുന്നെന്നും, മഹേഷ് ജത്മലാനി സുപ്രീം കോടതി വക്കീല്‍ ആയിരുന്നു എന്നതുമൊഴിച്ചാല്‍, കോടതി വ്യവഹാരവുമായി യാതൊരു ബന്ധമോ പരിചയമോ ഇല്ലാത്തവരാണ് കമ്മിറ്റിയിലുള്ളവരെല്ലാം. നാഷണല്‍ ലോ യൂണിവേഴ്സിറ്റിയില്‍ പ്രൊഫസര്‍മാരായി എന്നുള്ളതാണ് ലോകത്തിന് തന്നെ മാതൃകയായ ഭരണഘടനയും ശിക്ഷാ നിയമങ്ങളുമുള്ള ജനാധിപത്യ രാജ്യമായ ഇന്ത്യയുടെ നിയമങ്ങള്‍ ഭേദഗതി ചെയ്യാനുള്ള യോഗ്യതയായി കേന്ദ്രം കണക്കാക്കിയിരിക്കുന്നത്.

കമ്മിറ്റിയുടെ തലവനായ റണ്‍ബീര്‍ സിംഗ് ഒരഭിമുഖത്തില്‍ വ്യക്തമാക്കിയത്, കോടതി വ്യവഹാരങ്ങളില്‍ സേവനം നടത്തുന്നതിനോട് എനിക്ക് താല്‍പര്യമില്ല അധ്യാപനത്തോടാണ് എന്റെ താല്‍പര്യമെന്നായിരുന്നു. അത് കൊണ്ടാണ് ഞാന്‍ സര്‍വ്വലാശാലയില്‍ സേവനമനുഷ്ഠിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു.

2019 നവംബറിലാണ് അമിത് ഷാ ഇന്ത്യന്‍ ശിക്ഷാനിയമവുമായി ബന്ധപ്പെട്ട ഭേദഗതി പഠിക്കുന്നതിന് അഞ്ചംഗ കമ്മിറ്റിക്ക് നിര്‍ദേശം നല്‍കുന്നത്. കമ്മിറ്റിയാകട്ടെ കേവലം ആറുമാസത്തിനുള്ളില്‍ ഇന്ത്യന്‍ ശിക്ഷാനിയമവുമായി ബന്ധപ്പെട്ട ഭേദഗതിയുമായുള്ള ചോദ്യാവലി തയ്യാറാക്കി നാഷണല്‍ ലോ യൂണിവേഴ്സിറ്റിയുടെ വൈബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചു. പുതിയ ഭേദഗതിയുമായി ബന്ധപ്പെട്ട് പൗരന്മാര്‍ക്ക്് അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നതിനാണ് ഈ ചോദ്യാവലി സൈറ്റില്‍ ഉള്‍പ്പെടുത്തിയത്. ഈ രീതിയ്ക്കാകട്ടെ അനേകം പരിമിതികളുമുണ്ട്.

1. സൈറ്റിലെ ഭാഷ ഇംഗ്ലീഷാണ്, സംസ്ഥാനങ്ങള്‍ക്കനുസരിച്ച് പ്രദേശിക ഭാഷകളില്‍ ചോദ്യങ്ങള്‍ ലഭ്യമല്ല.
2. കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ ഓണ്‍ലൈനായാണ് നടക്കുന്നത്. ഇത്തരം മീറ്റിങ്ങുകളിലൂടെയുള്ള റിപ്പോര്‍ട്ട് ശേഖരണത്തിനും ധാരാളം പരിമിതികളുണ്ട്. കമ്മിറ്റി പ്രവര്‍ത്തിക്കുന്നത് ഇന്ത്യന്‍ ശിക്ഷാ നിയമവുമായി ബന്ധപ്പെട്ട് പരിഷ്‌കരണങ്ങള്‍ കൊണ്ടുവരാനാണ് എന്നത് ഇത് കൂടുതല്‍ നിര്‍ണായകമാക്കുന്നു.
3. സൈറ്റില്‍ കയറി, സംഘടന ബന്ധവും പേരും അഡ്രസ്സും നല്‍കിയാല്‍ മാത്രമേ, ചോദ്യങ്ങള്‍ കാണാനുള്ള ഐ.ഡി ലഭിക്കുകയുള്ളൂ.
ഈ പ്രവര്‍ത്തനം എത്ര പേര്‍ക്ക് പ്രാപ്യമാകും. പ്രാപ്യമായാല്‍ തന്നെ ആരാണിതിന് മുതിരുക.
4. ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാനുള്ള അവസരം ഒക്ടോബര്‍ മാസത്തോടെ അവസാനിക്കും. ഇങ്ങനെയൊരു വാര്‍ത്ത പോലും പല സംസ്ഥാനങ്ങളിലും പ്രദേശികമായി അറിഞ്ഞിട്ടു പോലുമില്ല. അറിയിക്കാനുള്ള ശ്രമം ആരുടെയെങ്കിലും ഭാഗത്ത് നിന്നുണ്ടാവുമ്പോഴേക്കും സമയമവസാനിച്ചിട്ടുണ്ടാകും.
5. ലോക്ക്ഡൗണ്‍ കാലത്ത്, കോടതി വ്യവഹാരം പോലും സമയബന്ധിതമായി നടക്കാത്ത സാഹചര്യത്തില്‍, ഇതിനെതിരെ കോടതിയെ സമീപിക്കാനുള്ള അവസരം പോലുമില്ല.
6. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെയുള്ള കുറ്റകൃത്യങ്ങള്‍ക്കെതിരെ നീതി നടപ്പാക്കുന്നതിനെടുക്കുന്ന സമയ താമസം അവസാനിപ്പിക്കാനാണ് ഭേദഗതിയെന്ന് പറയുമ്പോള്‍ പോലും, ആ കമ്മിറ്റിയില്‍ ഒരു സ്ത്രീയെ പോലും ഉള്‍പ്പെടുത്തിയിട്ടില്ല.
7. ജാതി, മത വ്യവസ്ഥയുടെ പേരില്‍ നടക്കുന്ന ആള്‍ക്കൂട്ട കൊലപാതങ്ങള്‍ക്കെതിരെ പുതിയ നിയമം രൂപപ്പെടുത്താനാണെന്ന് പറയുമ്പോഴും, അതനുഭവിക്കുന്നവരുടെ കൂട്ടത്തില്‍ നിന്ന് അഭിപ്രായം പങ്കുവെക്കാന്‍ പറ്റിയ ഒരു വിദഗ്്ദരും കമ്മിറ്റിയില്‍ ഉള്‍പ്പെട്ടിട്ടില്ല.
8. വര്‍ഷങ്ങളെടുത്ത് നിര്‍മിക്കപ്പെട്ട നിയമങ്ങള്‍, ഭേദഗതി ചെയ്യാനും കൂട്ടിച്ചേര്‍ക്കാനുമുണ്ടാക്കിയ കമ്മിറ്റിയില്‍, ചരിത്രപരമായ ഗവേഷണങ്ങളില്‍ പങ്ക് വഹിച്ചവര്‍, ഭരണ കര്‍ത്താക്കള്‍, സുപ്രീം കോടതി ജഡ്ജിമാര്‍ തുടങ്ങി നിയമ വ്യവഹാരങ്ങളില്‍ പ്രായോഗിക പരിചയ സമ്പത്തുള്ള ആരും ഇല്ല.

ഇത്തരം പ്രതിസന്ധികള്‍ ഭേദഗതിയുമായി ബന്ധപ്പെട്ട് നില നില്‍ക്കുമ്പോള്‍ തന്നെ, കമ്മിറ്റിയംഗങ്ങളുടെ ബി.ജെ.പി ബന്ധം ജനങ്ങള്‍ക്കിടയില്‍ ആശങ്കയുളവാക്കുന്നു. നരേന്ദ്ര മോദി സര്‍ക്കാര്‍ ഭരണത്തിലേറിയത് മുതല്‍ ഇങ്ങോട്ട് ഭേദഗതി ചെയ്ത ഓരോ നിയമങ്ങളുമെടുത്തു നോക്കിയാല്‍ നമുക്ക് കാണാന്‍ സാധിക്കുന്നത് ഹിന്ദുത്വ രാഷ്ട്രം സ്ഥാപിക്കാന്‍ കുത്തക കമ്പനികളെ പ്രീണിപ്പിക്കുന്നതാണ്.

പാസ്പോര്‍ട്ട് ആക്ട്, 1950, ഫോറിനേഴ്സ് ആക്റ്റ,് 1958 എന്നീ നിയമങ്ങള്‍ ഇന്ത്യന്‍ പൗരത്വം ലഭിക്കുന്നതുമായി ബന്ധപ്പെട്ട് ഭേദഗതി ചെയ്തിട്ടുണ്ടെന്ന് മാധ്യമ പ്രവര്‍ത്തകരുടെ പോലും ശ്രദ്ധയില്‍ പെടുന്നത് 2019 ഡിസംബര്‍ പന്ത്രണ്ടിന് പാര്‍ലമെന്റില്‍ പൗരത്വഭേദഗതി നിയമം(CAA) കൊണ്ട് വന്നപ്പോഴാണ്. നിയമം മുസ്ലിംകള്‍ക്കെതിരല്ല എന്നാണ് രാജ്യത്തുടനീളമുള്ള സമരത്തെ തുടര്‍ന്ന് നരേന്ദ്ര മോദിയും അമിത്ഷായും പറയുന്നത്. എന്നാല്‍ 2016 മുതല്‍ നേരത്തെ പറഞ്ഞ, രണ്ട് നിയമ ഭേദഗതികളിലൂടെ ബംഗ്ലാദേശ്, പാക്കിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയിലേക്ക് കുടിയേറി പാര്‍ത്ത ന്യൂനപക്ഷങ്ങള്‍ക്ക് പൗരത്വത്തിന് അപേക്ഷിക്കാനുള്ള നിയമം ഇവിടെ നടപ്പിലാക്കുന്നുണ്ടായിരുന്നു.

ഹിന്ദുത്വ രാഷ്ട്രത്തെ കെട്ടിപ്പടുക്കുന്നതിന്റെ ഭാഗമായി, വിചാരധാരയില്‍ പറയുന്ന ആദ്യത്തെ ശത്രുവായ മുസ്ലിംകളെ പൗരത്വ നിയമത്തില്‍ നിന്ന് മാറ്റി നിര്‍ത്തണമെന്നുള്ള അജണ്ട 2015 മുതല്‍ നടപ്പിലാക്കി തുടങ്ങിയിരുന്നു. ഇത് നമ്മളറിയുന്നത് 2019 ഡിസംബറില്‍ മാത്രമാണ്.
രണ്ടാം സ്വാതന്ത്ര്യ സമരമെന്ന് പ്രഖ്യാപിച്ച് രാജ്യത്തുടനീളം നടന്ന പൗരത്വ പ്രക്ഷോഭം നടക്കുമ്പോള്‍ തന്നെയാണ്, അസമില്‍ ദേശീയ പൗരത്വ രജിസ്റ്ററിന്റെ (NRC) പേരില്‍ പൗരന്മാരെ ജയിലിലടക്കുന്നത്. ഇന്നും അത് തുടരുന്നുവെന്ന് മാത്രമല്ല, അന്ന് സമരത്തിലേര്‍പ്പെട്ടിരുന്നവരെയൊക്കെ യു.എ.പി.എ ചുമത്തി ജയിലിലടച്ചു കൊണ്ടിരിക്കുകയുമാണ്.

1936ലെ വേജസ് ആക്റ്റ്, 1948ലെ മിനിമം വേജസ് ആക്ട്, 1965 ലെ പേയ്മെന്റ് ഓഫ് ബോണസ് ആക്റ്റ് 1976ലെ തുല്യ വേതന നിയമം എന്നിവയെ ഭേദഗതി ചെയ്ത് വേജസ് കോഡ് നിര്‍മിക്കുന്നതിലൂടെയും തൊഴില്‍ ക്ഷമതയനുസരിച്ച് വേതനം നിശ്ചയിക്കുന്നതോടു കൂടിയും മിനിമം വേതനത്തില്‍ തൊഴിലുടമക്ക് വലിയ സ്വാധീനം ചെലുത്താന്‍ സാധിക്കുന്നു.

എംപ്ലോയ്മെന്റ് കോംപന്‍സിയേഷന്‍ ആക്ട് 1923, ഇ.എസ്.ഐ ആക്ട് 1948, ഇ.പി.എഫ് ആക്ട് 1952, മറ്റേണിറ്റി ബെനിഫിറ്റ് ആക്ട് 1961, പേയ്മെന്റ് ഓഫ് ഗ്രാറ്റുവിറ്റി ആക്ട് 1972, അണ്‍ ഓര്‍ഗനൈസ്ഡ് വര്‍ക്കേഴ്സ് സോഷ്യല്‍ സെക്യൂരിറ്റി ആക്ട്, 2008 തുടങ്ങിയ നിയമങ്ങള്‍ ഭേദഗതി ചെയ്താണ് സാമൂഹ്യ സുരക്ഷ ബില്‍ രൂപപ്പെടുത്തിയിരിക്കുന്നത്. പത്ത് തൊഴിലാളികളില്‍ കൂടുതലുള്ള സ്ഥാപനങ്ങള്‍ക്ക് മാത്രമേ ഈ ബില്‍ നിയമ വിധേയമാകുന്നുള്ളു. മാത്രവുമല്ല 300ല്‍ താഴെ തൊഴിലാളികളുള്ള സ്ഥാപനങ്ങളില്‍ നടക്കുന്ന തൊഴിലിടങ്ങളിലെ അപകടങ്ങള്‍ക്ക്, തൊഴിലുടമക്ക് ഉത്തരവാദിത്വമില്ലാത്തതിനാല്‍ തന്നെ നഷ്ട പരിഹാരം നല്‍കേണ്ടതില്ല. എണ്ണത്തില്‍ എത്ര കൂടുതല്‍ തൊഴിലാളികളുണ്ടായാലും, ഓരോന്നും മുന്നൂറ് പേരുടെ യൂണിറ്റുകളാക്കുന്നതോടു കൂടി ഏത് കുത്തക കമ്പനികള്‍ക്കും തങ്ങളുടെ ഉത്തരവാദിത്വത്തില്‍ നിന്ന് പിന്മാറാന്‍ സാധിക്കും.

വ്യവസായ സുരക്ഷയും ക്ഷേമവും ഉറപ്പ് വരുത്തുന്ന ഒക്യുപേഷനല്‍ സേഫ്റ്റി, ഹെല്‍ത്ത് വര്‍ക്കിംഗ് കണ്ടിഷന്‍സ് കോഡ് നിലവില്‍ വന്നിരിക്കുന്നത്, ഫാക്ടറീസ് ആക്ട് 1948, മൈന്‍സ് ആക്ട് 1952, ഡോക് വര്‍ക്കഴ്സ് ആക്ട് 1986, കോണ്‍ട്രാക്ട് ലേബര്‍ ആക്ട് 1970, ഇന്റെര്‍ സ്റ്റേറ്റ് മൈഗ്രന്റ് ആക്ട് 1979 തുടങ്ങിയ നിയമങ്ങളെ ഭേദഗതി ചെയ്തു കൊണ്ടാണ്. സംസ്ഥാന സര്‍ക്കാരും തൊഴിലുടമകളുടെ അസോസിയേഷനും ട്രേഡ് യൂണിയനും അടങ്ങുന്ന മൂന്നംഗ സമിതിയുടെ തീരുമാനം തൊഴിലാളി സൗഹൃദമാകുന്നതിന് പല തടസങ്ങളുമുണ്ട്.

തൊഴിലുടമക്ക് തൊഴിലാളികളെ കരാറടിസ്ഥാനത്തില്‍ നിയമിക്കുന്നതിനും നോട്ടീസ് നല്‍കാതെ പിരിച്ചു വിടുന്നതിന്നും വ്യവസായ ബത്ത ബില്‍ അനുവാദം നല്‍കുന്നു. തൊഴില്‍ വിരുദ്ധ നയങ്ങള്‍ക്കെതിരെ സമരം നടത്തണമെങ്കില്‍ ആറ് ആഴ്ചക്ക് മുമ്പ് തൊഴിലുടമക്ക് നോട്ടീസ് നല്‍കണം. അതും 75 ശതമാനം തൊഴിലാളികളുള്ള ട്രേഡ് യൂണിയന് മാത്രമേ സമരം പ്രഖ്യാപിക്കാന്‍ അനുവാദമുള്ളൂ.

തൊഴിലിടങ്ങളില്‍ പ്രവേശിക്കുമ്പോള്‍, തൊഴിലുടമ തയ്യാറാക്കുന്ന കരാറില്‍ ഒപ്പ് വെക്കണം. ഈ നിയമ പ്രകാരം കരാര്‍ വിരുദ്ധമായി വല്ല സമരത്തിലും പങ്കെടുത്താല്‍ അത് അവധിയായി പരിഗണിക്കാനും തൊഴിലുടമ പരാതി നല്‍കുന്ന പക്ഷം, ഇരുപതാനായിരം മുതല്‍ അമ്പതിനായിരം വരെ പിഴ ചുമത്താനും ഒരു മാസം വരെ ജയിലിലടക്കാനുമുള്ള അധികാരം സര്‍ക്കാറിനുണ്ട്. ലോക തെഴിലാളികള്‍ നൂറ്റാണ്ടുകള്‍ സമരം ചെയ്ത് നേടിയെടുത്ത അവകാശങ്ങളുടെ ഭാഗമായി, ഇന്ത്യയില്‍ രൂപപ്പെട്ട 44 തൊഴിലാളി അനുനുകൂല നിയമങ്ങളാണ് കുത്തക കമ്പനികള്‍ക്ക് വേണ്ടി 4 തൊഴിലാളി വിരുദ്ധ കോഡുകളിലാക്കി മാറ്റിയത്.

ലക്ഷം പട്ടാളക്കാരെയിറക്കി ഒറ്റ ദിവസം കൊണ്ട് കാശ്മീരിന്റെ പ്രത്യേകാധികാരം അനുശാസിക്കുന്ന 370 എ എടുത്തു കളഞ്ഞിരിക്കുന്നുവെന്ന് മോഡി സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ട് വര്‍ഷം ഒന്ന് കഴിഞ്ഞു. അവിടെ കുട്ടികള്‍ സ്‌കൂളില്‍ പോകുന്നുണ്ടോ? തൊഴിലാളികള്‍ക്ക് തൊഴിലവസരങ്ങളുണ്ടോ? അമ്മമാരും കുഞ്ഞുങ്ങളും സുരക്ഷിതരാണോ? ഒന്നും തന്നെ പുറം ലോകമറിയുന്നില്ല. ഇന്റെര്‍നെറ്റ്, വാര്‍ത്താ മാധ്യമങ്ങള്‍, സംഘാടനം, സമരം, ഭരണം തുടങ്ങിയവയെല്ലാം കാശ്മീരികള്‍ക്ക് ഇന്ന് അന്യമാണ്.

മരുന്നുകളുടെ നിര്‍മാണം, വിതരണം തുടങ്ങിയവ നിര്‍ദിഷ്ട വ്യക്തികള്‍ വഴി മാത്രമേ നടത്താന്‍ പാടുള്ളു എന്നനുശാസിക്കുന്ന ഡ്രഗ്സ് ആന്റ കോസ്മെറ്റിക് ആക്ടില്‍ ഭേദഗതി വരുത്തി പൗരന്റെ ആരോഗ്യം പോലും കുത്തക കമ്പനികള്‍ക്ക് വില്‍ക്കുന്ന സാഹചര്യം സൃഷ്ടിച്ചിരിക്കുകയാണ് മോഡി സര്‍ക്കാര്‍.

ആഗസ്റ്റ് 11 ന് നിര്‍ദേശങ്ങള്‍ നല്‍കുന്നത് അവസാനിപ്പിച്ച എന്‍വയണ്‍മെന്റ് ഇംപാക്റ്റ് അസ്സസ്മെന്റെ (ElA) പോലും പരിസ്ഥിതിയെ കുത്തക കമ്പനികള്‍ക്ക് തീറെഴുതിക്കൊടുക്കാനുള്ളതാണെന്ന് നമ്മള്‍ കണ്ടതാണ്. നമ്മുടെ വിദ്യാഭ്യാസ പദ്ധതിയെ മൂന്ന് വിഭാഗങ്ങളായി തിരിച്ച് സ്വകാര്യവല്‍ക്കരിക്കാനുള്ള ശ്രമത്തെയും നമുക്ക് തള്ളിക്കളയാനാവില്ല.

മോഡി സര്‍ക്കാര്‍, അധികാരത്തിലേറിയത് മുതലിങ്ങോട്ട് നടത്തിയ ഒരു ഭേദഗതിയും രാജ്യത്തെ പൗരന്റെ ക്ഷേമം ഉദ്ദേശിച്ചില്ലെന്നുള്ളത് മുകളില്‍ പറഞ്ഞ ഓരോന്നില്‍ നിന്നും വ്യക്തമാണ്. ഇവിടെയാണ്, രാജ്യത്തെ പൗരന്മാരുടെ അവസാന പ്രതീക്ഷയായ നിയമങ്ങളും കോടതി വ്യവഹാരങ്ങളും ഭേദഗതി ചെയ്യപ്പെടുന്നതിനെ നമുക്ക് ആശങ്കയോടെയല്ലാതെ കാണാന്‍ സാധിക്കാത്തത്.

സംഘ്പരിവാര്‍ രാഷ്ട്രം പണിയുന്നതിന് എല്‍.കെ അദ്വാനിയുടെ നേതൃത്വത്തില്‍ ആരംഭിച്ച രഥയാത്ര അവസാനിച്ചത്, ഇന്ത്യന്‍ ഭരണഘടനയുടെ ശില്‍പിയായ അംബേദ്കറുടെ ഓര്‍മ ദിനം ഇനി രാജ്യം ആഘോഷിക്കരുതെന്ന ലക്ഷ്യത്തോടെ 1992 ഡിസംബര്‍ ആറിന് ബാബരി മസ്ജിദ് പൊളിച്ചു കൊണ്ടാണ്. ഡിസംബര്‍ ആറ് അംബേദ്കര്‍ ദിനത്തിന് പകരം, ബാബരി ദിനമായാണ് ഇന്ന് രാജ്യത്തറിയപ്പെടുന്നത്.

ബ്രിട്ടീഷ് ഭരണാധികാരികളില്‍ നിന്ന് നമ്മുടെ മുന്‍ തലമുറ ജീവന്‍ നല്‍കി നേടിയെടുത്ത സ്വതന്ത്ര്യത്തെ ആഘോഷിക്കേണ്ട ദിനം, ഹിന്ദു രാഷ്ട്രത്തിന്റെ ശിലാന്യാസം നടത്തിയ ആഗസ്റ്റ് 5 ന് ആണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞത് ബോധപൂര്‍വ്വമാണ്.

സ്വാതന്ത്ര്യ സമരത്തില്‍, ബ്രിട്ടീഷുകാരോടൊപ്പം നിന്ന സംഘ്പരിവാറിന് ജനാധിപത്യ ഇന്ത്യയുടെ ചരിത്രത്തെ വിസ്മൃതിയിലാഴ്ത്തേണ്ടത് അനിവാര്യമാണ്.

ശിക്ഷ നിയമങ്ങള്‍ ഭേദഗതി ചെയ്യുന്നത്, ജനാധിപത്യ വിരുദ്ധ രീതിയിലാണെന്നും ഈ കമ്മിറ്റിയുടെ പ്രവര്‍ത്തനം നിര്‍ത്തിവെക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട്, മുന്‍ സുപ്രീം കോടതി ജഡ്ജി ഗോപാല്‍ ഗൗഡയുടെ നേതൃത്വത്തില്‍, ഒരു കൂട്ടം ജഡ്ജ്മാരും അഭിഭാഷകരും ഗവേഷകരും നിവേദനം സമര്‍പ്പിച്ചിട്ടും മുന്നോട്ട് പോകാന്‍ തന്നെയാണ് നരേന്ദ്ര മോദി സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്.

തങ്ങളുടെ അജണ്ട നടപ്പിലാക്കാന്‍ രാജ്യത്തിന്റെ ഭരണഘടനയെയും നിയമങ്ങളെയും അട്ടിമറിക്കുന്ന ഭേദഗതികള്‍ കൊണ്ടു വരുന്നതിനെ തടയാന്‍ ആരെയും സമ്മതിക്കില്ല എന്ന ദാര്‍ഷ്ട്യമാണ് എന്‍.ഡി.എ സര്‍ക്കാര്‍ ഇതിലൂടെ നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം,പേജുകളിലൂടെയും വാട്സാപ്പിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക