മെസിക്കും റൊണാള്‍ഡോക്കും മാത്രമല്ല, ഇവര്‍ക്കും ഇത് അവസാന ലോകകപ്പ്
2022 Qatar World Cup
മെസിക്കും റൊണാള്‍ഡോക്കും മാത്രമല്ല, ഇവര്‍ക്കും ഇത് അവസാന ലോകകപ്പ്
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 21st November 2022, 6:31 pm

പല കാരണങ്ങള്‍ കൊണ്ടും 2022ലെ ഖത്തര്‍ ലോകകപ്പ് ഫുട്‌ബോള്‍ ലോകത്ത് അടയാളപ്പെടുത്തപ്പെടുമെന്ന കാര്യത്തില്‍ സംശയമില്ല. ഒരു അറബ് രാജ്യം ആദ്യമായി ലോകകപ്പിന് വേദിയാകുന്നതടക്കമുള്ള സംഭവങ്ങള്‍ കായിക ലോകം കാലങ്ങളോളം ചര്‍ച്ച ചെയ്യുമെന്നുറപ്പാണ്.

ഓരോ ലോകകപ്പും വിജയം നേടുന്ന ടീമുകളുടെ പേരിലോ അല്ലെങ്കില്‍ ആ ലോകകപ്പിലെ പ്രധാന സംഭവങ്ങളുടെയോ പേരിലാണ് എന്നും ഓര്‍ക്കപ്പെടാറുള്ളത്. 2006 ലോകകപ്പില്‍ സിദാന്റെ ഹെഡ്ബട്ടും 2014ലെ ഗോട്‌സെയുടെ ഗോളുമെല്ലാം തന്നെയായിരുന്നു ആ ലോകകപ്പുകളെ ഓര്‍ത്തുവെക്കാന്‍ കാരണമായയത്.

എന്നാല്‍ അതില്‍ നിന്നെല്ലാം വ്യത്യസ്തമായി മറ്റൊരു കാരണത്താലായിരിക്കും 2022 ഖത്തര്‍ ലോകകപ്പ് ഓര്‍ക്കപ്പെടാന്‍ പോകുന്നത്. പല ഫുട്‌ബോള്‍ താരങ്ങളുടെയും അവസാന ലോകകപ്പ് എന്ന രീതിയിലാവും ഒരുപക്ഷേ ഖത്തറിനെ ലോകം അടയാളപ്പെടുത്തുക.

ഫുട്‌ബോള്‍ ഇതിഹാസങ്ങളായ മെസിയുടെയും റൊണാള്‍ഡോയുടെയും അവസാന ലോകകപ്പായിരിക്കും ഖത്തറിലേതെന്നാണ് പൊതുവെ കരുതപ്പെടുന്നത്. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ഈ രണ്ട് പേര്‍ക്ക് ചുറ്റുമായിട്ടായിരുന്നു ഫുട്‌ബോള്‍ ലോകം കറങ്ങിക്കൊണ്ടിരുന്നത്.

തങ്ങളുടെ അവസാന ലോകകപ്പില്‍ സ്വന്തം ടീമിനെ ലോകകിരീടം ചൂടിച്ചുകൊണ്ടായിരിക്കണം പടിയിറങ്ങേണ്ടത് എന്ന ലക്ഷ്യത്തോടെയാകും പറങ്കികളുടെ പടത്തലവനും അര്‍ജന്റീനയുടെ മിശിഹയും ഗ്രൗണ്ടിലിറങ്ങുന്നത്.

എന്നാല്‍ മെസിയുടെയും റൊണാള്‍ഡോയുടെയും മാത്രമല്ല പല മഹാരഥന്‍മാരുടെയും അവസാന ലോകകപ്പായിരിക്കാം ഖത്തറിലേത്.

പോളിഷ് ഗോളടിയന്ത്രം റോബര്‍ട്ട് ലെവന്‍ഡോസ്‌കിയാണ് ഇവരില്‍ ഒരാള്‍. നിലവില്‍ ബാഴ്‌സലോണയുടെ ഒമ്പതാം നമ്പര്‍ താരമായ ഈ 34കാരന്‍ ഏറെ പ്രതീക്ഷയോടെയാണ് ഖത്തറിലേക്ക് പറന്നിരിക്കുന്നത്. ക്ലബ്ബ് ഫുട്‌ബോളിലെ താരത്തിന്റെ പ്രകടനം ആരാധകര്‍ക്ക് പ്രതീക്ഷിക്കാനുള്ള വകയും നല്‍കുന്നുണ്ട്.

പോളണ്ടും അര്‍ജന്റീനയും ഒരു ഗ്രൂപ്പിലായതിനാല്‍ തന്നെ ലോകകപ്പിന്റെ പ്രധാന ആകര്‍ഷണങ്ങളിലൊന്ന് മെസി – ലെവന്‍ഡോസ്‌കി ക്ലാഷ് തന്നെയാണ്.

കഴിഞ്ഞ തവണ ലോകകപ്പിന് തൊട്ടടുത്തെത്തിയിട്ടും വീണുപോയ ക്രൊയേഷ്യന്‍ സൂപ്പര്‍ താരം ലൂക്കാ മോഡ്രിച്ചും അവസാന ലോകകപ്പിനാണ് ഖത്തറില്‍ ബൂട്ടുകെട്ടുന്നത്. കഴിഞ്ഞ തവണ കയ്യകലത്തില്‍ നിന്നും നഷ്ടമായ വിശ്വകിരീടം ടീമിന് നേടിക്കൊടുത്തുകൊണ്ടാവണം ബൂട്ടഴിക്കേണ്ടതെന്ന ആത്മവിശ്വാസത്തില്‍ തന്നെയാവും ക്രൊയേഷ്യയുടെ ഗോള്‍ മെഷീന്‍ ഖത്തറില്‍ പന്തുതട്ടാനൊരുങ്ങുന്നത്.

കാനറികളുടെ പ്രതിരോധ നിരയിലെ രണ്ട് വന്‍മതിലുകളുടെ കരുത്ത് ഈ ലോകകപ്പോടെ ബ്രസീലിന് ഇല്ലാതാകും. ബ്രസീല്‍ ആരാധകരുടെ വല്യേട്ടന്‍ തിയാഗോ സില്‍വയും ഡാനി ആല്‍വസും ഖത്തറില്‍ നിന്നും ലോകകപ്പിനോട് വിട പറയും.

കരുത്തുറ്റ സ്‌ക്വാഡുമായി ലോകകപ്പിനെത്തിയ ബ്രസീലിലെ തലമൂത്ത കാരണവന്‍മാരും ഇവര്‍ രണ്ട് പേരുമാണ്. 38 കാരനായ സില്‍വയും 39കാരനായ ആല്‍വസും ഈ ലോകകപ്പിലെ തന്നെ പ്രായം കൂടിയ താരങ്ങളില്‍ പ്രധാനികളാണ്.

ജര്‍മനിയുടെ ഗോള്‍വല കാക്കും ഭൂതത്താന്‍ മാനുവല്‍ നൂയറും തോമസ് മുള്ളറും ഖത്തര്‍ ലോകകപ്പിന് പിന്നാലെ പടിയിറങ്ങിയേക്കാം. 2014ല്‍ ജര്‍മനിയെ കിരീടം ചൂടിച്ച ഇരുവരും 2022ല്‍ ആ നേട്ടം ആവര്‍ത്തിച്ചുകൊണ്ട് പടിയിറക്കം റോയലാക്കാന്‍ തന്നെയാകും ഒരുങ്ങുന്നത്.

ഇത്തവണത്തെ ബാലണ്‍ ഡി ഓര്‍ ജേതാവായ കരീം ബെന്‍സെമയും ഈ ലോകകപ്പോടെ പടിയിറങ്ങും. എന്നാല്‍ അവസാന ലോകകപ്പില്‍ അവിസ്മരണീയ പ്രകടനം കാഴ്ചവെക്കാമെന്നുറപ്പിച്ച ബെന്‍സെമക്ക് അതിന് സാധിക്കാത്ത അവസ്ഥയാണ് ഇപ്പോഴുള്ളത്.

താരത്തിന്റെ കാലില്‍ നിന്നും പിറക്കുന്ന മാസ്മരിക ഗോളുകള്‍ പ്രതീക്ഷിച്ച ആരാധകരെ നിരാശരാക്കിക്കൊണ്ടാണ് താരത്തിന് പരിക്കേറ്റ വാര്‍ത്ത പുറത്തുവന്നത്. എന്നാല്‍ ബെന്‍സെമക്ക് പകരക്കാരനായി ആരെയും ഉള്‍പ്പെടുത്താത്ത കോച്ച് ദിദിയര്‍ ദെഷാംപ്‌സിന്റെ തീരുമാനം ചെറുതായെങ്കിലും ആരാധകരില്‍ പ്രതീക്ഷ നല്‍കുന്നുണ്ട്.

ഉറുഗ്വായുടെ പ്രതീക്ഷകളെ വാനോളമുയര്‍ത്തിയ ലൂയി സുവാരസും എഡിസണ്‍ കവാനിയും 2026 ലോകകപ്പിനുണ്ടാകില്ലെന്നാണ് കരുതപ്പെടുന്നത്. ഇതിനൊപ്പം തന്നെ പോര്‍ച്ചുഗലിന്റെ പ്രതിരോധ നിരയിലെ വിശ്വസ്തന്‍ പെപ്പെക്കും ഇത് അവസാന ലോകകപ്പാണ്.

 

ഇതിഹാസങ്ങള്‍ ബൂട്ടഴിക്കുന്ന ഈ ലോകകപ്പ് ഫുട്‌ബോള്‍ ഉള്ളിടത്തോളം കാലം ആളുകളുടെ മനസില്‍ എന്നും തങ്ങി നില്‍ക്കുമെന്നുറപ്പാണ്.

 

Content highlight: This is the last World Cup not only for Messi and Ronaldo, but also for them