'അമ്പടി കേമീ...'; ഈ പെണ്‍കുട്ടിയാണ് ജിമിക്കി കമ്മലിനെ വെളിപാടിന്റെ പുസ്തകത്തിലെത്തിച്ചത്
Daily News
'അമ്പടി കേമീ...'; ഈ പെണ്‍കുട്ടിയാണ് ജിമിക്കി കമ്മലിനെ വെളിപാടിന്റെ പുസ്തകത്തിലെത്തിച്ചത്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 27th September 2017, 4:25 pm

കോഴിക്കോട്: ഈയ്യടുത്ത് സോഷ്യല്‍ മീഡിയ ഏറ്റവും കൂടുതല്‍ ഏറ്റെടുത്ത ഗാനമേതെന്ന് ചോദിച്ചാല്‍ അതിനുത്തരം ജിമിക്കി കമ്മല്‍ എന്നായിരിക്കും. മോഹന്‍ലാല്‍ ചിത്രമായ വെളിപാടിന്റെ പുസ്തകത്തിലെ ഗാനമിന്ന് എല്ലാവരുടേയും ചുണ്ടുകളിലുമുണ്ട്.

ഗാനത്തേക്കാള്‍ ഓളമുണ്ടാക്കിയത് സോഷ്യല്‍ മീഡിയയില്‍ വൈറലായ ജിമിക്കി കമ്മല്‍ ട്രെന്റായിരുന്നു. ഗാനത്തിന് ചുവടു വെച്ച് ബി.ബി.സി വരെ അതിന്റെ ഭാഗമായി. കഴിഞ്ഞ ദിവസം മോഹന്‍ലാലും ജിമിക്കി കമ്മല്‍ ഡാന്‍സുമായെത്തി. എന്നാല്‍ സകലരും ഏറ്റുപാടുകയും ചുവടുവയ്ക്കുകയും ചെയ്യുന്ന ഈ ജിമിക്കി കമ്മല്‍ എഴുതിയതാര്? അയാള്‍ ഇപ്പോള്‍ എവിടെയാണ്? ഇതൊന്നും ആര്‍ക്കും അറിയില്ല.

ഈ പാട്ട് ലാല്‍ ജോസ് ചിത്രത്തില്‍ എത്തിയതിന് പിന്നില്‍ ഒരു പെണ്‍കുട്ടിയാണ. ചിത്രത്തിന്റെ തിരക്കഥാകൃത്ത് ബെന്നി പി നായരമ്പലത്തിന്റെ മകളായ സുസേന ബെന്‍ ആണ് ആ പെണ്‍കുട്ടി.


Also Read:  ‘ടീമില്‍ മൊത്തം സ്മിത്തിന്റെ സ്വന്തക്കാര്‍, ക്രിക്കറ്റ് ഓസ്‌ട്രേലിയ മറുപടി പറയണം’; സ്മിത്തിനെതിരെ ആഞ്ഞടിച്ച് മുന്‍ താരങ്ങള്‍; കംഗാരുപ്പടയില്‍ വിവാദം പുകയുന്നു


“സ്‌കൂളില്‍ വച്ചാണ് ഞാന്‍ ജിമിക്കി കമ്മല്‍ ആദ്യമായി കേള്‍ക്കുന്നത്. ഞാന്‍ അത് വീട്ടില്‍ മൂളി നടക്കാറുണ്ടായിരുന്നു. ഞാന്‍ പാടുന്നത് കേട്ട് ഒരുദിവസം പപ്പ ഈ പാട്ടിനെക്കുറിച്ച് എന്നോട് തിരക്കി. പപ്പയ്ക്ക് പാട്ട് ഇഷ്ടമായി. പപ്പ ജിമിക്കി കമ്മലിനെക്കുറിച്ച് ലാല്‍ ജോസ് അങ്കിളിനോട് പറഞ്ഞു. അങ്ങിനെയാണ് ജിമിക്കി കമ്മല്‍ സിനിമയിലെത്തുന്നത്”. സുനേന പറയുന്നു.

“സുസേന്‍ ഇംഗ്ലീഷ് പാട്ടുകളാണ് കൂടുതലും പാടാറ്. ഒരു ദിവസം അവള്‍ വ്യത്യസ്തമായ ഒരു പാട്ട് പാടുന്നത് കേട്ടു. കൗതുകമുള്ള വരികളായിരുന്നു. ഞാന്‍ അവളോട് ഏതാണ് ഈ പാട്ടെന്ന് ചോദിച്ചു. സ്‌കൂളിലെ പിള്ളേര്‍ പാടുന്ന പാട്ടാണെന്ന് അവള്‍ പറഞ്ഞു. ഞാന്‍ ഈ പാട്ടിനെക്കുറിച്ച് അവളോട് കൂടുതല്‍ അന്വേഷിക്കാന്‍ പറഞ്ഞു. അപ്പോഴാണ് മനസ്സിലായത് ഇത് തലമുറകളായി കുട്ടികള്‍ പാടി പകര്‍ന്ന് നല്‍കിയ പാട്ടാണെന്ന്. ഇതേക്കുറിച്ച് ഞാന്‍ ലാല്‍ ജോസിനോട് സംസാരിച്ചു”. അങ്ങിനെയാണ് ജിമിക്കി കമ്മല്‍ സിനിമയിലെത്തുന്നതെന്ന് ബെന്നി പറയുന്നു.

സിനിമയില്‍ കോളേജ് കുട്ടികള്‍ പാടുന്ന ഒരു സിറ്റുവേഷനുണ്ടായിരുന്നു. അപ്പോഴാണ് ഷാനിന്റെ അടുത്ത് ലാല്‍ ജോസ് പാട്ടിനെക്കുറിച്ച് പറയുന്നത്. താനത് പാടി കേള്‍പ്പിച്ചപ്പോള്‍ ഷാനിനും ഇഷ്ടമായി. ഷാന്‍ അത് മൊബൈലില്‍ റെക്കോഡ് ചെയ്തു. അതിനുശേഷമാണ് അനില്‍ പനച്ചൂരാനെ വിളിച്ച് പാട്ടിന്റെ ബാക്കി വരികള്‍ എഴുതിക്കുന്നതെന്നും അദ്ദേഹം പറയുന്നു.

“ഇതിന്റെ യഥാര്‍ഥ അവകാശി ആരാണെന്ന് ഞങ്ങള്‍ക്ക് അറിയില്ല. അങ്ങിനെ ഒരാള്‍ വന്നാല്‍ ഞങ്ങള്‍ അംഗീകരിക്കാന്‍ തയ്യാറാണ്. ഈ പാട്ട് ഇത്രയും തരംഗമാകുമെന്ന് ഞങ്ങളാരും കരുതിയില്ല.” ക്ലബ്ബ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ബെന്നി മനസു തുറന്നു പറഞ്ഞത്.