| Saturday, 4th May 2024, 8:21 am

ഒറ്റ മത്സരത്തിൽ 20 വിക്കറ്റ്! ചരിത്രത്തിൽ ഇടംനേടി കൊൽക്കത്തയും മുംബൈയും

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്ലില്‍ മുംബൈ ഇന്ത്യന്‍സിന് വീണ്ടും തോല്‍വി. കഴിഞ്ഞദിവസം നടന്ന മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് 24 റണ്‍സിനാണ് മുംബൈയെ പരാജയപ്പെടുത്തിയത്.

മുംബൈയുടെ തട്ടകമായ വാംഖഡെ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ മുംബൈ ഫീല്‍ഡിങ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്കത്ത 19.5 ഓവറില്‍ 169 റണ്‍സിന് പുറത്താവുകയായിരുന്നു. വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ മുംബൈ 18.5 ഓവറില്‍ 145 റണ്‍സിന് പുറത്താവുകയായിരുന്നു.

ഐ.പി.എല്‍ ചരിത്രത്തില്‍ ഇത് നാലാം തവണയാണ് ഒരു മത്സരത്തില്‍ രണ്ട് ടീമുകളും പുറത്താവുന്നത്.

ഐ.പി.എല്ലില്‍ ഒരു മത്സരത്തില്‍ രണ്ട് ടീമുകളും ഓള്‍ ഔട്ട് ആയ മത്സരങ്ങള്‍, വര്‍ഷം എന്നീ ക്രമത്തില്‍

ഡെക്കാന്‍ ചാര്‍ജേഴ്‌സ്- രാജസ്ഥാന്‍ റോയല്‍സ്-2010

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്- റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു-2017

മുംബൈ ഇന്ത്യന്‍സ്- സണ്‍റൈസേഴ്‌സ് ഹൈദരാബാദ്-2018

മുംബൈ ഇന്ത്യന്‍സ്- കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്-2024*

അതേസമയം കൊല്‍ക്കത്ത 52 പന്തില്‍ 70 റണ്‍സ് നേടിയ വെങ്കിടേഷ് അയ്യറുടെ തകര്‍പ്പന്‍ ഇന്നിങ്‌സിന്റെ കരുത്തിലാണ് മികച്ച ടോട്ടലിലേക്ക് നീങ്ങിയത്. ആറ് ഫോറുകളും മൂന്ന് സിക്‌സുകളുമാണ് താരത്തിന്റെ ബാറ്റില്‍ നിന്നും പിറന്നത്. 31 പന്തില്‍ 42 റണ്‍സ് നേടിയ മനീഷ് പാണ്ടെയും കൊല്‍ക്കത്തയുടെ ഇന്നിങ്‌സില്‍ നിര്‍ണായകമായി.

മുംബൈ ബൗളിങ്ങില്‍ ജസ്പ്രീത് ബുംറ, നുവാന്‍ തുഷാര എന്നിവര്‍ മൂന്നു വീതം വിക്കറ്റും ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യ രണ്ട് വിക്കറ്റും പിയൂഷ് ചൗള ഒരു വിക്കറ്റും വീഴ്ത്തി കരുത്തുകാട്ടി.

മുംബൈ ബാറ്റിങ്ങില്‍ 36 പന്തില്‍ 56 റണ്‍സ് നേടി സൂര്യകുമാര്‍ യാദവും 20 പന്തില്‍ 24 റണ്‍സ് നേടി ടിം ഡേവിഡും മികച്ച ചെറുത്തുനില്‍പ്പ് നടത്തി.

കൊല്‍ക്കത്തയുടെ ബൗളിങ്ങില്‍ മിച്ചല്‍ സ്റ്റാര്‍ക്ക് നാല് വിക്കറ്റും വരുണ്‍ ചക്രവര്‍ത്തി, സുനില്‍ നരെയ്ന്‍, ആന്ദ്രേ റസല്‍ എന്നിവര്‍ രണ്ടു വീതം വിക്കറ്റുകളും വീഴ്ത്തിയപ്പോള്‍ കൊല്‍ക്കത്ത ആവേശകരമായ വിജയം സ്വന്തമാക്കുകയായിരുന്നു.

Content Highlight: This is the fourth time in IPL History two teams are all out both

Latest Stories

We use cookies to give you the best possible experience. Learn more