| Monday, 23rd October 2023, 11:21 pm

വീണ്ടും അട്ടിമറി ജയം; ചരിത്രം കുറിച്ച് അഫ്ഗാനിസ്ഥാന്‍

സ്പോര്‍ട്സ് ഡെസ്‌ക്

ലോകകപ്പില്‍ ആവേശകരമായ പാകിസ്ഥാന്‍- അഫ്ഗാനിസ്ഥാന്‍ മത്സരത്തില്‍ ചരിത്ര വിജയമാണ് അഫ്ഗാനിസ്ഥാന്‍ സ്വന്തമാക്കിയിരിക്കുന്നത്. ഏകദിന മത്സരത്തില്‍ ആദ്യമായാണ് അഫ്ഗാനിസ്ഥാന്‍ പാകിസ്ഥാനെ തോല്‍പ്പിക്കുന്നത്.

ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ പാകിസ്ഥാന്‍ 50 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 282 റണ്‍സ് നേടിയപ്പോള്‍ മറുപടി ബാറ്റിങ്ങിനിറങ്ങിയ അഫ്ഗാന്‍ 49 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 286 റണ്‍സെടുത്ത് ഇന്നിങ്സ് അനായാസം ഫിനിഷ് ചെയ്യുകയായിരുന്നു.

മത്സരത്തില്‍ റഹ്‌മാനുള്ള ഗുര്‍ബാസ് 65 (53) റണ്‍സും, ഇബ്രാഹിം സദ്രാന്‍ 87 (113) റണ്‍സും നേടി മികച്ച തുടക്കമാണ് അഫ്ഗാനിസ്ഥാന് നല്‍കിയത്. ഇരുവരുടേയും വിക്കറ്റിന് ശേഷം ബാറ്റിങ്ങിനിറങ്ങിയ റഹ്‌മത് ഷാ 87 പന്തില്‍ രണ്ട് സിക്സറും അഞ്ച് ബൗണ്ടറികളുമടക്കം 77 റണ്‍സും ഹസ്മതുള്ള ഷാഹിദി 45 പന്തില്‍ നാല് ബൗണ്ടറികളടക്കം 48 റണ്‍സും നേടിയ ടീമിന്റ വിജയത്തിന് നിര്‍ണായകമായി.

ഇരുവരുടേയും മിന്നും കൂട്ടുകെട്ടിലാണ് അഫ്ഗാനിസ്ഥാന്‍ പാകിസ്ഥാനെതിരെ വന്‍ അട്ടിമറി വിജയം സ്വന്തമാക്കിയത്. ഒക്ടോബര്‍ 15ന് ഇംഗ്ലണ്ടിനുനേരെ മറ്റൊരു അട്ടിമറി വിജയവും അഫ്ഗാനിസ്ഥാന്‍ നേടിയിരുന്നു.

പാക്കിസ്ഥാന് വേണ്ടി അബ്ദുള്ള ഷഫീഖ് 58 (75) റണ്‍സും ക്യാപറ്റന്‍ ബാബര്‍ അസം 74 (92) റണ്‍സും നേടി മികച്ച പ്രകടനം നടത്തിയപ്പോള്‍ ഷദബ് ഖാനും ഇഫ്തിഖര്‍ അഹമ്മദും 40 റണ്‍സ് വീതം നേടി. ടീമിനെ ഭേദപ്പെട്ട സ്‌കോറില്‍ എത്തിക്കാന്‍ ഇഫ്തിഖര്‍ 27 പന്തില്‍ നിന്ന് ആറ് സിക്‌സറുകളും നാല് ബൗണ്ടറികളുമുള്‍പ്പെടെ 40 റണ്‍സ് അടിച്ചെങ്കിലും മറ്റൊരു നാണംകെട്ട തോല്‍വികൂടി പാകിസ്ഥാന്‍ വഴങ്ങിയിരിക്കുകയാണ്.

അഫ്ഗാനിസ്ഥാനുവേണ്ടി നൂര്‍ അഹമ്മദ് 10 ഓവറില്‍ 46 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് നേടിയപ്പോള്‍ നവീന്‍ ഉള്‍ ഹഖ് ഏഴ് ഓവറില്‍ 54 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റും നേടി. മുഹമ്മദ് നബി 10 ഓവറില്‍ വിക്കറ്റൊന്നും നേടാതെ 31 റണ്‍സ് വിട്ടുകൊടുത്ത് മികച്ച പ്രകടനവും നടത്തിയാണ് പാകിസ്ഥാന്റെ റണ്‍ ഒഴുക്കിനെ തടഞ്ഞു നിര്‍ത്തിയത്.

പാക് ബൗളിങ് നിരയില്‍ ഷഹീന്‍ അഫ്രീദി അഫ്ഗാന്‍ ഓപ്പണറായ ഗുര്‍ബാസിന്റെ വിക്കറ്റ് നേടിയതും സദ്രാന്റെ വിക്കറ്റ് ഹസന്‍ അലി സ്വന്തമാക്കിയതും ടീമിന് ഗുണമായില്ല. ബൗളിങ് നിരയിലുള്ളവര്‍കാര്യമായി ഒന്നും ചെയ്യാന്‍ കഴിയാഞ്ഞതും വന്‍ തോല്‍വിക്ക് കാരണമായി. മുന്‍ മത്സരങ്ങളില്‍ ഇന്ത്യയോടും ഓസീസിനോടും കനത്ത പരാജയമാണ് പാകിസ്ഥാന്‍ ഏറ്റുവാങ്ങിയത്.

നിലവില്‍ പോയിന്റ് പട്ടികയില്‍ പാകിസ്ഥാന്‍ അഞ്ചാം സ്ഥാനത്ത് തുടരുകയാണ്. വിജയം സ്വന്തമാക്കിയതോടെ അഫ്ഗാന്‍ 10ാം സ്ഥാനത്ത് നിന്നും ആറാം സ്ഥാനത്തേക്കും ഉയര്‍ന്നു.

Content Highlights: This is the first time the top 3 Afghanistan batters have scored 50+ in a World Cup match

We use cookies to give you the best possible experience. Learn more