| Wednesday, 3rd January 2024, 11:06 pm

147 വര്‍ഷത്തിനും 2522 മത്സരത്തിനും ഇടയില്‍ ഇങ്ങനെയൊന്ന് ആദ്യം; ആ നാണക്കേടും ഇന്ത്യയുടെ തലയില്‍

സ്പോര്‍ട്സ് ഡെസ്‌ക്

ക്രിക്കറ്റ് ആരാധകര്‍ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിയ സംഭവങ്ങള്‍ക്കായിരുന്നു ഇന്ത്യയുടെ സൗത്ത് ആഫ്രിക്കന്‍ പര്യടനത്തിലെ രണ്ടാം ടെസ്റ്റ് സാക്ഷിയായത്. ആദ്യ ദിനം തന്നെ രണ്ട് ടീമുകളും ഓള്‍ ഔട്ടാകുന്നത് അത്ര പുതുമയുള്ള കാഴ്ചയല്ലെങ്കിലും ഇതുപോലൊരു കൂട്ടത്തകര്‍ച്ച ക്രിക്കറ്റിന്റെ ചരിത്രത്തില്‍ തന്നെ അപൂര്‍വമായിരുന്നു.

പേസര്‍മാരെ തുണച്ച പിച്ചില്‍ ഇരു ടീമുകളുടേതുമായി 23 വിക്കറ്റുകളാണ് രണ്ടാം ടെസ്റ്റിന്റെ ആദ്യ ദിനം തന്നെ കൊഴിഞ്ഞുവീണത്. ഇതേ രീതിയില്‍ മത്സരം മുമ്പോട്ടുപോവുകയാണെങ്കില്‍ ഒരുപക്ഷേ രണ്ടാം ദിവസം തന്നെ മത്സരം അവസാനിച്ചേക്കും.

ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ സൗത്ത് ആഫ്രിക്കന്‍ ബാറ്റര്‍മാരെ അരിഞ്ഞുതള്ളി ഇന്ത്യയാണ് ആരാധകരെ ആദ്യം ഞെട്ടിച്ചത്. 55 റണ്‍സിനാണ് പ്രോട്ടിയാസ് ആദ്യ ഇന്നിങ്‌സില്‍ പുറത്തായത്. ആദ്യ സെഷനില്‍ തന്നെ സൗത്ത് ആഫ്രിക്ക ആദ്യ ഇന്നിങ്‌സ് അവസാനിപ്പിച്ചിരുന്നു.

ആദ്യ ഇന്നിങ്‌സ് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ അനായാസം പ്രോട്ടിയാസിന്റെ ഒന്നാം ഇന്നിങ്‌സ് സ്‌കോര്‍ മറികടന്ന് ലീഡ് നേടിയിരുന്നു. എന്നാല്‍ 98 റണ്‍സ് ലീഡ് നേടി നില്‍ക്കവെ ഒറ്റ റണ്‍സ് പോലും കണ്ടെത്താന്‍ സാധിക്കാതെ ഇന്ത്യ ആറ് വിക്കറ്റുകള്‍ വലിച്ചെറിയുകയായിരുന്നു.

153ന് നാല് എന്ന നിലയില്‍ നിന്നും 153ന് ഓള്‍ ഔട്ട് എന്ന നിലയിലേക്കാണ് ഇന്ത്യ കാലിടറി വീണത്. വെറും 11 പന്തുകള്‍ കൊണ്ടാണ് പ്രോട്ടിയാസ് ഇന്ത്യയുടെ വിധി തന്നെ മാറ്റി മറിച്ചത്.

34ാം ഓവറിലെ ആദ്യ പന്തില്‍ കെ.എല്‍. രാഹുലിനെ നഷ്ടപ്പെട്ടുതുടങ്ങിയ ഇന്ത്യക്ക് ഓവറിലെ മൂന്നാം പന്തില്‍ ജഡേജയെയും അഞ്ചാം പന്തില്‍ ബുംറയെയും നഷ്ടമായി.

തൊട്ടടുത്ത ഓവറിലെ രണ്ടാം പന്തില്‍ വിരാട് കോഹ്‌ലിയും നാലാം പന്തില്‍ സിറാജും മടങ്ങി. ഓവറിലെ അഞ്ചാം പന്തില്‍ പ്രസിദ്ധ് കൃഷ്ണയും പുറത്തായതോടെ ഇന്ത്യന്‍ ഇന്നിങ്സിന് തിരശ്ശീല വീണു.

ഈ സംഭവ വികാസങ്ങളത്രെയും നടക്കവെ ഒറ്റ റണ്‍സ് പോലും ഇന്ത്യന്‍ ടോട്ടലില്‍ കയറിയിരുന്നില്ല.

17/1
72/2
105/3
110/4
153/5
153/6
153/7
153/8
153/9
153/10 – എന്നിങ്ങനെയാണ് ഇന്ത്യന്‍ വിക്കറ്റുകള്‍ നഷ്ടപ്പെട്ടത്.

ഇതോടെ ഒരു മോശം റെക്കോഡും ഇന്ത്യയെ തേടിയെത്തിയിരിക്കുകയാണ്. ടെസ്റ്റ് ക്രിക്കറ്റിന്റെ ചരിത്രത്തില്‍ ഏഴ് ബാറ്റര്‍മാര്‍ റണ്‍സ് കണ്ടെത്താതെ ഒരു ടീം ഇന്നിങ്‌സ് അവസാനിപ്പിച്ചുവെന്ന മോശം റെക്കോഡാണ് ഇന്ത്യയെ തേടിയെത്തിയത്.

ഓപ്പണര്‍ യശസ്വി ജെയ്‌സ്വാള്‍ തുടക്കത്തില്‍ തന്നെ പൂജ്യത്തിന് പുറത്തായപ്പോള്‍ മുകേഷ് കുമാര്‍ പൂജ്യത്തിന് പുറത്താകാതെ നിന്നു.

യശസ്വി ജെയ്‌സ്വാള്‍ – 0 (7)
ശ്രേയസ് അയ്യര്‍ – 0 (2)
രവീന്ദ്ര ജഡേജ – 0 (2)
ജസ്പ്രീത് ബുംറ – 0 (2)
മുഹമ്മദ് സിറാജ് – 0 (1)
പ്രസിദ്ധ് കൃഷ്ണ – 0 (3)
മുകേഷ് കുമാര്‍ – 0* (0) – എന്നിങ്ങനെയാണ് ഈ ഇന്നിങ്‌സിലെ ഇന്ത്യന്‍ താരങ്ങളുടെ പ്രകടനം.

അതേസമയം, 98 റണ്‍സിന്റെ കടവുമായി രണ്ടാം ഇന്നിങ്സ് ആരംഭിച്ച സൗത്ത് ആഫ്രിക്ക 17 ഓവര്‍ പിന്നിടുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 62 റണ്‍സ് എന്ന നിലയിലാണ്. 51 പന്തില്‍ 36 റണ്‍സുമായി ഏയ്ഡന്‍ മര്‍ക്രവും ഏഴ് പന്തില്‍ ആറ് റണ്‍സുമായി ഡേവിഡ് ബെഡ്ഡിങ്ഹാമുമാണ് ക്രീസില്‍.

28 പന്തില്‍ 12 റണ്‍സ് നേടിയ ഡീന്‍ എല്‍ഗറിന്റെയും ഏഴ് പന്തില്‍ ഒരു റണ്‍സടിച്ച ടോണി ഡി സോര്‍സിയുടെയും 114 പന്തില്‍ ഒരു റണ്ണടിച്ച ട്രിസ്റ്റണ്‍ സ്റ്റബ്‌സിന്റെയും വിക്കറ്റാണ് സൗത്ത് ആഫ്രിക്കക്ക് നഷ്ടമായത്.

Content Highlight: This is the first time in the history of Test cricket that 7 players have scored 0 runs in an innings.

We use cookies to give you the best possible experience. Learn more