ഐ.പി.എല്‍ 2023ലെ 65ാം മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ തോല്‍പിച്ചുകൊണ്ട് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു പ്ലേ ഓഫ് സാധ്യതകള്‍ സജീവമാക്കിയിരിക്കുകയാണ്. സണ്‍റൈസേഴ്‌സിന്റെ തട്ടകമായ രാജീവ് ഗാന്ധി അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ എട്ട് വിക്കറ്റിനായിരുന്നു ആര്‍.സി.ബിയുടെ വിജയം.
ഈ വിജയത്തോടെ പോയിന്റ് പട്ടികയില്‍ മുംബൈ ഇന്ത്യന്‍സിനെ മറികടന്നുകൊണ്ട് നാലാം സ്ഥാനത്തേക്ക് കുതിക്കാനും ഫാഫിനും സംഘത്തിനും സാധിച്ചിരുന്നു. പ്ലേ ഓഫ് സാധ്യത സജീവമാക്കിയാണ് ആര്‍.സി.ബി അടുത്ത മത്സരത്തെ നേരിടാനൊരുങ്ങുന്നത്.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ സണ്‍റൈസേഴ്‌സിനായി നാലാം നമ്പറില്‍ കളത്തിലിറങ്ങിയ ഹെന്റിക് ക്ലാസന്‍ സെഞ്ച്വറി നേടിയിരുന്നു. താരത്തിന്റെ സെഞ്ച്വറിയുടെ ബലത്തിലാണ് സണ്‍റൈസേഴ്‌സ് 186 എന്ന സ്‌കോറിലേക്കുയര്‍ന്നത്. 51 പന്തില്‍ നിന്നും 104 റണ്‍സായിരുന്നു ക്ലാസന്റെ സമ്പാദ്യം.
എട്ട് ബൗണ്ടറിയും ആറ് സിക്‌സറുമുള്‍പ്പെടെയായിരുന്നു ക്ലാസന്റെ ക്ലാസിക് സെഞ്ച്വറി പിറവിയെടുത്തത്. 203.92 എന്ന പ്രഹരശേഷിയിലാണ് ക്ലാസന്‍ റണ്ണടിച്ചുകൂട്ടിയത്.
ക്ലാസന്റെ ടി-20 കരിയറിലെ രണ്ടാം സെഞ്ച്വറിയും സണ്‍റൈസേഴ്‌സിനായുള്ള ആദ്യ സെഞ്ച്വറിയുമാണിത്. വ്യക്തിഗത സ്‌കോര്‍ 97ല്‍ നില്‍ക്കവെ സിക്‌സര്‍ നേടിക്കൊണ്ടാണ് ക്ലാസന്‍ ട്രിപ്പിള്‍ ഡിജിറ്റ് നേടിയത്.
ക്ലാസന്റെ സെഞ്ച്വറിക്ക് മറുപടിയായി റോയല്‍ ചലഞ്ചേഴ്‌സിന് നല്‍കാനുണ്ടായിരുന്നത് സാക്ഷാല്‍ ചെയ്‌സ് മാസ്റ്ററുടെ സെഞ്ച്വറിയായിരുന്നു. 63 പന്തില്‍ നിന്നും 12 ബൗണ്ടറിയും നാല് സിക്‌സറുമുള്‍പ്പെടെ 158.73 എന്ന സ്‌ട്രൈക്ക് റേറ്റിലായിരുന്നു വിരാടിന്റെ സെഞ്ച്വറി നേട്ടം.
ക്ലാസനെ പോലെ സിക്‌സറടിച്ചുകൊണ്ടായിരുന്നു വിരാടും നൂറടിച്ചത്. സ്‌കോര്‍ 94ല്‍ നില്‍ക്കവെ ഭുവനേശ്വര്‍ കുമാറിനെ അതിര്‍ത്തി കടത്തിയ വിരാട് തൊട്ടടുത്ത പന്തില്‍ തന്നെ ഭുവിക്ക് വിക്കറ്റും സമ്മാനിച്ചിരുന്നു.
ഐ.പി.എല്ലില്‍ വിരാടിന്റെ ആറാം സെഞ്ച്വറിയാണിത്. 2019ന് ശേഷമുള്ള ആദ്യത്തേതും.
ആദ്യ ഇന്നിങ്‌സില്‍ ക്ലാസനും രണ്ടാം ഇന്നിങ്‌സില്‍ വിരാടും സെഞ്ച്വറി നേടിയതോടെ ഐ.പി.എല്ലിന്റെ ചരിത്രത്തിലേക്കാണ് ഈ മത്സരം നടന്നുകയറിയത്. ഐ.പി.എല്ലിന്റെ ചരിത്രത്തിലാദ്യമായാണ് ഒരു മത്സരത്തില്‍ രണ്ട് ടീമിലെയും താരങ്ങള്‍ സെഞ്ച്വറി നേടുന്നത്.
ഈ സെഞ്ച്വറി നേട്ടത്തിന് പിന്നാലെ ഐ.പി.എല്ലില്‍ ഏറ്റവുമധികം സെഞ്ച്വറി നേടുന്ന താരങ്ങളുടെ പട്ടികയില്‍ ഒന്നാമതെത്താനും വിരാടിന് സാധിച്ചിരുന്നു. ആറ് സെഞ്ച്വറിയുമായി ക്രിസ് ഗെയ്‌ലിനൊപ്പമാണ് വിരാട് ഒന്നാം സ്ഥാനം പങ്കിടുന്നത്.
Content highlight: This is the first time in the history of IPL that players from both teams have scored a century in a match.