മുംബൈ: ഭീമ കോറേഗാവ് ആക്രമണത്തില്‍ മാവോയിസ്റ്റു ബന്ധം ആരോപിച്ച് സാമൂഹികപ്രവര്‍ത്തകരുടെ വീടുകളില്‍ നടക്കുന്ന റെയ്ഡുകളിലും അറസ്റ്റുകള്‍ക്കുമെതിരെ രൂക്ഷപ്രതികരണവുമായി അരുന്ധതി റോയ്. “അടിയന്തരാവസ്ഥാ പ്രഖ്യാപനത്തോട് നമ്മള്‍ ഏറ്റവുമടുത്തെത്തിയ അവസ്ഥയാണിതെ”ന്നായിരുന്നു സംഭവത്തോടു പ്രതികരിച്ചുകൊണ്ടുള്ള അരുന്ധതി റോയുടെ പ്രസ്താവന.
ഏറ്റവും ആപത്കരമായ അവസ്ഥയിലാണ് രാജ്യമിപ്പോഴുള്ളതെന്നും റോയ് പറയുന്നു. നീതിയ്ക്കു വേണ്ടി നിലകൊള്ളുന്നവരെയും ഹിന്ദുമതരാഷ്ട്ര സ്ഥാപനത്തിനെതിരെ സംസാരിക്കുന്നവരെയും ക്രിമിനലുകളായി ചിത്രീകരിക്കുന്ന നടപടികളാണ് നടക്കുന്നത്. സര്‍ക്കാരിന് അധികാരം നഷ്ടപ്പെടുമെന്ന ഭയമുണ്ടെന്നതിന്റെ സൂചനയാണ് വ്യാപക അറസ്റ്റുകളെന്നും അരുന്ധതി റോയ് മാധ്യമങ്ങളോടു പറഞ്ഞു.
“അഭിഭാഷകര്‍, കവികള്‍, എഴുത്തുകാര്‍, ദളിത് അവകാശപ്രവര്‍ത്തകര്‍, ധൈഷണികര്‍ എന്നിവരുടെ വീടുകളിലാണ് റെയ്ഡ് നടക്കുന്നത്. ആള്‍ക്കൂട്ടക്കൊലപാതകങ്ങള്‍ ആസൂത്രണം ചെയ്യുന്നവരുടെയും പട്ടാപ്പകല്‍ ആളുകളെ കൊലപ്പെടുത്തുന്നവരെയും ഇവര്‍ വെറുതെ വിടുകയാണ്. ഇന്ത്യ ഏതു ദിശയിലാണ് സഞ്ചരിക്കുന്നതെന്ന് വ്യക്തമായി മനസ്സിലാകുന്നുണ്ട്.” റോയ് കൂട്ടിച്ചേര്‍ത്തു.
തെരഞ്ഞെടുപ്പിനു മുന്നോടിയായുള്ള തയ്യാറെടുപ്പാണിതെന്നും ഇത് ഒരു തരത്തിലും അനുവദിക്കാനാവില്ലെന്നും അരുന്ധതി റോയ് വിശദീകരിക്കുന്നു. സര്‍ക്കാരിന്റെ ഫാഷിസ്റ്റ് ദംഷ്ട്രകള്‍ വെളിയില്‍ വന്നിരിക്കുകയാണെന്നാണ് അഭിഭാഷകന്‍ പ്രശാന്ത് ഭൂഷന്റെ പ്രതികരണം.
അസ്ഥി മരവിപ്പിക്കുന്ന നീക്കങ്ങളാണിതെന്ന് ചരിത്രകാരന്‍ രാമചന്ദ്ര ഗുഹ പറയുന്നു. സ്വതന്ത്ര ചിന്തകളെ ഹനിക്കുന്ന ഇത്തരം നടപടികള്‍ തടയാന്‍ സുപ്രീം കോടതി ഇടപെടണമെന്നും ഗുഹ ആവശ്യപ്പെട്ടു. ശബ്ദമുയര്‍ത്തുന്നവര്‍ക്കെതിരെയുള്ള മുന്നറിയിപ്പാണിതെന്ന് ജെ.എന്‍.യു വിദ്യാര്‍ത്ഥി നേതാവ് ഉമര്‍ ഖാലിദും പറയുന്നു.
2017ല്‍ ഭീമ കൊറേഗാവില്‍ പരിപാടി സംഘടിപ്പിച്ച എല്‍ഗാര്‍ പരിഷത്ത് എന്ന സംഘടനയ്ക്ക് മാവോയിസ്റ്റ് ബന്ധമുണ്ടെന്ന് ആരോപിച്ചാണ് പൂനെ പൊലീസിന്റെ നടപടി. നിരവധി ആക്ടിവിസ്റ്റുകളെ കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തിട്ടുണ്ട്.
രാവിലെയോടെയാണ് പൂനെ പൊലീസിന്റെ ഒരു സംഘം മുംബൈ, റാഞ്ചി, ഹൈദരാബാദ്, ദല്‍ഹി, ഫരീദാബാദ്, ഗോവ എന്നിവിടങ്ങളിലുള്ള സാമൂഹിക പ്രവര്‍ത്തകരുടെ വീടുകളില്‍ വ്യാപക പരിശോധന നടത്തിയത്. മനുഷ്യാവകാശ പ്രവര്‍ത്തകനും മാധ്യമപ്രവര്‍ത്തകനുമായ ഗൗതം നവലാഖ്, എഴുത്തുകാരനും ആക്ടിവിസ്റ്റുമായ പി. വരവര റാവു, ആക്ടിവിസ്റ്റുകളായ വെര്‍ണന്‍ ഗോണ്‍സാല്‍വസ്, അരുണ്‍ ഫെറാറിയ, അഭിഭാഷക സുധ ഭരദ്വാജ്, പൗരാവകാശ പ്രവര്‍ത്തകന്‍ ആനന്ദ് ടെല്‍തുംഡെ തുടങ്ങിയവരുടെ വീടുകളിലായിരുന്നു റെയ്ഡ്.