| Monday, 23rd April 2018, 5:52 pm

പ്രതിയുടെ മതം ചൂണ്ടിക്കാണിച്ച് കഠ്‌വ ചര്‍ച്ച വഴിതിരിച്ചുവിടാന്‍ ബി.ജെ.പി ശ്രമിക്കുന്ന അസം ബാല ബലാത്സംഗ കൊലക്കേസ് ഇതാണ്

എഡിറ്റര്‍

കഴിഞ്ഞ ഒരാഴ്ചയായി, ആദ്യം ബി.ജെ.പി വക്താവ് മീനാക്ഷി ലേഖി എം.പിയും പിന്നീട് മറ്റ് പല ബി.ജെ.പി നേതാക്കളും അനുഭാവികളും കഠ്വ സംഭവത്തില്‍ നിന്ന് ചര്‍ച്ച മാറ്റാന്‍ മറ്റൊരു ബാല ബലാത്സംഗ കൊലക്കേസ് ചൂണ്ടിക്കാണിക്കുന്നു. സക്കീര്‍ ഹുസൈന്‍ എന്നതാണ് പ്രതിയുടെ പേര്, കഠ്‌വ സംഭവത്തിന് സമാനമാണ് ഈ കേസ്, പക്ഷേ ആരും ഇതേ കുറിച്ച് പറയുന്നില്ല, മനപൂര്‍വ്വമുള്ള അജണ്ടയാണിതിന് പിന്നില്‍ എന്നാണ് ബി.ജെ.പി വക്താക്കള്‍ മുറവിളി കൂട്ടുന്നത്.

എന്നാല്‍ വാസ്തവമെന്താണ്? ആരെങ്കിലും ഈ കേസിലെ പ്രതികളെ സംരക്ഷിക്കാന്‍ ശ്രമിച്ചുവോ? പൊലീസിന്റെ ഭാഗത്തുനിന്നോ രാഷ്ട്രീയപാര്‍ട്ടികളുടെ ഭാഗത്തുനിന്നോ കേസ് തേച്ചുമായ്ച്ച് കളയാന്‍ ശ്രമം നടന്നുവോ? ഇല്ല എന്ന ഉത്തരം മാത്രമേ ഈ കേസിന്റെ വിശദാംശങ്ങള്‍ വായിക്കുമ്പോള്‍ നമുക്ക് മനസിലാവുകയുള്ളൂ. പാവപ്പെട്ടവരില്‍ പാവപ്പെട്ടവരായ മനുഷ്യര്‍ താമസിക്കുന്ന പ്രദേശത്ത് അതിക്രൂരമായ രീതിയില്‍ ഒരു പെണ്‍കുഞ്ഞ് കൂട്ടബലാത്സംഗത്തിന് ഇരയാവുകയും തുടര്‍ന്ന് കൊല്ലപ്പെടുകയും ചെയ്തു.

പ്രതികളെ പൊലീസ് പിടിച്ചു, രണ്ട് പേര്‍ കുട്ടിക്കുറ്റവാളികളാണ്, പന്ത്രണ്ടും പതിനൊന്നും വയസുള്ളവര്‍. ഒരാള്‍ കൊല്ലപ്പെട്ട കുട്ടിയുടെ സഹപാഠി. മറ്റേയാള്‍ അകന്ന ബന്ധു. മുതിര്‍ന്നയാള്‍ക്ക് പത്തൊന്‍പത് വയസ്-പേര് സക്കീന്‍ ഹുസൈന്‍. കൊല്ലപ്പെട്ട കുട്ടിയുടെ അയല്‍വാസി, തകര്‍ന്ന കുടുംബത്തിലെ ആരും നോക്കാനില്ലാത്ത കൗമാരത്തിന്റെ അവസാനമെത്തിനില്‍ക്കുന്ന ഒരുവന്‍. അവനിപ്പോള്‍ നാഗ്ഗാവിലെ സെന്‍ട്രല്‍ ജയിലിലുമാണ്. മറ്റുള്ളവര്‍ ജുവനൈല്‍ ഹോമിലും. ഇതിലെന്താണ് കഠ്വ കേസുമായി സാമ്യം?

പൊലീസ് എഫ്.ഐ.ആര്‍ അനുസരിച്ച്, 12 വയസുള്ള, അഞ്ചാം ക്ലാസില്‍ പഠിക്കുന്ന ഈ പെണ്‍കുട്ടി മാര്‍ച്ച് 23 നാണ് ബലാത്സംഗം ചെയ്യപ്പെട്ടത്. മൂന്നുവട്ടം. അതിന് ശേഷം കുട്ടിക്കുറ്റവാളികളും കൗമാരക്കാരനുമടങ്ങിയ പ്രതികള്‍ അവള്‍ക്ക് മേല്‍ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി. സ്‌കൂള്‍ വിട്ട് വീട്ടിലെത്തിയ പെണ്‍കുട്ടിയെ പിന്തുടര്‍ന്നെത്തിയ മൂവര്‍ സംഘം അവളുടെ വാപൊത്തിപിടിച്ച് നിലത്തി വീഴ്ത്തി ഊഴം വച്ച് ബലാത്സംഗം ചെയ്യുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. രണ്ട് മുറിമാത്രമുള്ള ഓലമേഞ്ഞ ആ വീട്ടിലെ അടുത്ത മുറിയില്‍ ആ കുട്ടിയുടെ സഹോദരഭാര്യ ഒരു വയസുള്ള കുഞ്ഞിനൊപ്പം കിടന്നുറങ്ങുന്നുണ്ടായിരുന്നു. ബഹളം കേട്ട് എഴുന്നേറ്റ അവര്‍ കാണുന്നത് മൂന്ന് പേര്‍ വീട്ടില്‍ നിന്ന് ഇറങ്ങി ഓടുന്നതും മുറിയില്‍ കുട്ടി തീയില്‍ പൊതിഞ്ഞ് കിടക്കുന്നതുമാണ്. അപ്പോള്‍ തന്നെ വെള്ളം കോരി ഒഴിച്ച് അവര്‍ തീ കെടുത്തി. അവരുടെ കരച്ചില്‍ കേട്ട് അയല്‍ക്കാര്‍ ഓടിക്കൂടിയെങ്കിലും ആര്‍ക്കും ആ കുഞ്ഞിനെ തൊടാനുള്ള ധൈര്യം ഉണ്ടായിരുന്നില്ല.

“അള്ളാഹുവേ, നിനക്കെന്തെങ്കിലും കാരുണ്യമെന്നിലുണ്ടെങ്കില്‍, അവളെ സംസാരിക്കാനനുവദിക്കൂ”..പാടത്ത് ജോലിചെയ്തുകൊണ്ടിരുന്ന കൂലി പണിക്കാരനായ കുട്ടിയുടെ പിതാവ് മകള്‍ക്ക് തീപൊള്ളെലേറ്റുവെന്ന് കേട്ട് കരഞ്ഞ് വിളിച്ച് വീട്ടിലേയ്ക്ക് ഓടിവരുമ്പോള്‍ കാണുന്നത് അവിടെ കൂടി നില്‍ക്കുന്ന മനുഷ്യരെയാണ്. ആരും തൊടാതെ ദേഹമാസകലം പൊള്ളലേറ്റ കുഞ്ഞ് അകത്തെ മുറിയില്‍ കിടക്കുന്നു. മൂക്കും വായും പൊത്തിപ്പിടിച്ച് ഇവളെ ഉപദ്രവിച്ചിരുന്നത് കൊണ്ടാകണം വായിന്റെ ഭാഗം മാത്രമേ പൊള്ളതെ അവശേഷിച്ചിരുന്നുള്ളു. ആദ്യം നാഗാവ് ആശുപത്രിയിലും പിന്നീട് ഗുവഹാത്തി മെഡിക്കല്‍ കോളേജിലും എത്തിച്ചുവെങ്കിലും അവള്‍ ആ രാത്രി അതിജീവിച്ചില്ല. പക്ഷേ, മരിക്കുന്നതിന് മുമ്പ് ആക്രമിച്ചതാരെന്ന് അവള്‍ പറഞ്ഞു.

കഠ്വ സംഭവത്തെ കുറിച്ച് കേട്ടിട്ടുണ്ട്, ആ കുട്ടിയുടെ പിതാവ്. കുഞ്ഞുമകളുടെ ദുരിതത്തില്‍ വിറങ്ങലിച്ചിരിക്കുമ്പോഴും അദ്ദേഹത്തിന് മനസിലാകാത്തത് ഇക്കാര്യമാണ്: എങ്ങനെയാണ് അയല്‍ക്കാരും ബന്ധുക്കളുമായവര്‍ ഇത്തരത്തില്‍ ഈ ക്രൂരത കാണിക്കുമെന്ന് നമ്മള്‍ കരുതുന്നത്? ആ കുട്ടിയുടെ സഹപാഠിയാണ് പ്രതികളിലൊരാള്‍. എല്ലാവരും അയല്‍ക്കാരല്ലേ, ഇവിടെയാരും വീടുകള്‍ അടയ്ക്കാറുപോലുമില്ല. മുഖ്യപ്രതി സക്കീര്‍ഹുസൈന്‍ ഏതുനേരവും കഞ്ചാവിന്റെ ലഹരിയിലാണ്, ആകെ തകര്‍ന്നുപോയ കുടംബമാണ് അവന്റേത്-അയല്‍ക്കാരിലൊരാളയ എസ്.ഇസ്ലാം പറയുന്നു. എല്ലാവരും ആ കുട്ടിയെ കുഞ്ഞേ എന്നാണ് വിളിക്കാറ്, ചെറിയ വിനയമുള്ള, എല്ലാവരോടും സ്‌നേഹത്തില്‍ പെരുമാറുന്ന കുട്ടി- അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.

ബി.ജെ.പി പ്രചരിപ്പിക്കുന്ന തരത്തില്‍ കഠ്വയുമായി ഒരു താരതമ്യവും ഈ സംഭവത്തിന് ഇല്ല, രണ്ടും കുഞ്ഞുങ്ങളോടുള്ള കഠിനമായ ക്രൂരതയാണ് എന്നതൊഴിച്ചാല്‍. ഇതിലെ മുഖ്യപ്രതി സക്കീര്‍ ഹുസൈന്റെ കുടംബവുമായി ഗ്രാമം മുഴവന്‍ അകലത്തിലാണ്. 19 കാരനായ സക്കീര്‍ ഹുസൈന്‍ മാത്രമല്ല അയാളുടെ പിതാവും നാട്ടുകാര്‍ക്ക് ഭീഷണിയായിരുന്നു. ഇത്രയും ദാരുണമായ ദുരന്തത്തിന് ശേഷവും നാട്ടുകാരുടെ വിചിത്രമായ സമാധാനം ഇതുകൊണ്ട് സക്കീര്‍ ഹുസൈന്‍ ജയിലാവുകയും അയാളുടെ വീട്ടുകാര്‍ നാടുവിടുകയും ചെയ്തുവെന്നാണ്. ആ സംഭവത്തെ കുറിച്ച് അറിഞ്ഞ് രാത്രിതന്നെ അയാളുടെ വീട്ടുകാര്‍ സ്ഥലം വിട്ടിരുന്നു. ഇപ്പോള്‍ ഗ്രാമത്തില്‍ നിന്ന് പുറത്തുള്ള ആ വീട് ഒറ്റപ്പെട്ടതും ഉപേക്ഷിക്കപ്പെട്ടവുമായി അവശേഷിക്കുന്നുണ്ട്.

മീനാക്ഷി ലേഖി

കഠ്വ സംഭവുമായുള്ള മറ്റൊരു താരതമ്യം വേണമെങ്കില്‍ നടത്താം. പക്ഷേ അത് ഇന്ത്യയിലെ ഏതൊരു ഗ്രാമത്തിന്റേയും അവസ്ഥയാണ്. പൊതുശരാശരിയിലും താഴെവരുമാനമുള്ള പാവപ്പെട്ട തൊഴിലാളികളുടെ ഗ്രാമമാണത്. വിദ്യാഭ്യാസ നിലവാരത്തില്‍ വളരെ താഴെ. പെണ്‍കുട്ടികളൊക്കെ പ്രാഥമിക വിദ്യാഭ്യാസത്തിന് അപ്പുറം പോകാത്തവര്‍. മുഖ്യപ്രതി സക്കീര്‍ ഹുസൈന്‍ ഇപ്പോഴും കൗമാരം പിന്നിടാത്തയാളാണെങ്കിലും ഭാര്യയും രണ്ടു മക്കളുമുണ്ട്. അയാളുടെ ഭാര്യ അടുത്തിടെയാണ് ഭര്‍തൃപിതാവിന്റെ ഉപദ്രവം സഹിക്കവയ്യാതെ കൈക്കുഞ്ഞുങ്ങളുമായി സ്വന്തം വീട്ടിലേയ്ക്ക് പോയതെന്ന് നാട്ടുകാര്‍ പറയുന്നു. വെള്ളിയാഴ്ച ഉച്ചയ്ക്ക് ജുമുഅയ്ക്ക് പുരുഷന്മാരെല്ലാം പോയ നേരം നോക്കിയാണ് ഈ കുറ്റകൃത്യം മുഖ്യപ്രതി ആസൂത്രണം ചെയ്തതെന്നാണ് പൊലീസ് പറയുന്നത്. കൊല്ലപ്പെട്ട കുട്ടിയുടെ സഹപാഠിയേയും ബന്ധുവിനേയും മുഖ്യപ്രതി പങ്കാളിയാക്കിയതാണെന്നും പൊലീസ് പറയുന്നു.

മരണത്തിന് കീഴടങ്ങുന്നതിന് മുമ്പ് ഒരു കാര്യം കൂടി ആ രാത്രിയില്‍ അവള്‍ ചെയ്തു. കേരളത്തില്‍ തൊഴില്‍ ചെയ്യുന്ന തന്റെ സഹോദരനോട് ഫോണില്‍ സംസാരിച്ചു. അവളുടെ പിതാവ് ഫോണില്‍ ജ്യേഷ്ഠനെ വിളിച്ച് അവള്‍ക്ക് കൊടുത്തു. അവള്‍ പറഞ്ഞു: “”നിനക്കിനി ഒന്നും എനിക്ക് വേണ്ടി കരുതിവയ്‌ക്കേണ്ടതില്ലല്ലോ, രണ്ടു പെങ്ങന്മാരുണ്ടായത് ഇനിയിപ്പോ ഒന്നല്ലേയുള്ളൂ”- ഏതാനും മിനുട്ടുകള്‍ക്കുള്ളില്‍ അവള്‍ മരിച്ചു.

കടപ്പാട്: ഇന്ത്യന്‍ എക്സ്പ്രസ്

എഡിറ്റര്‍

We use cookies to give you the best possible experience. Learn more