| Sunday, 20th December 2020, 7:47 pm

അന്ന് പാത്രം കൂട്ടിയടിച്ച് 'കൊറോണ'യെ നേരിടാന്‍ പറഞ്ഞ മോദിക്ക്, വരാനിരിക്കുന്ന മന്‍കി ബാത്തില്‍ കര്‍ഷകര്‍ നല്‍കാന്‍ പോകുന്ന 'മറുപടി' ഇതാണ്:

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഡിസംബര്‍ 27 ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മന്‍കി ബാത്തിന് ഭാരതീയ കിസാന്‍ യൂണിയന്‍ നല്‍കാന്‍ പോകുന്ന പ്രതികരണം കൊവിഡ് കാലത്ത് താന്‍ നടത്തിയ ആഹ്വാനം മോദിയെ ഓര്‍മ്മപ്പെടുത്തുന്ന വിധത്തിലുള്ളതായിരിക്കും.

കൊവിഡ് പ്രതിസന്ധിയെ എങ്ങനെ നേരിടണമെന്ന് ആശങ്കയില്‍ നില്‍ക്കുമ്പോള്‍ പാത്രങ്ങള്‍ കൂട്ടിയടിക്കാനും ദീപങ്ങള്‍ തെളിയിക്കാനും ആഹ്വാനം ചെയ്ത പ്രധാനമന്ത്രി മോദിയുടെ ആഹ്വാനം ഏറെ വിമര്‍ശനങ്ങള്‍ക്കും പരിഹാസത്തിന് വഴിയൊരിക്കിയിരുന്നു.

എന്നാല്‍ ഇപ്പോള്‍ അതേ നാണയത്തില്‍ മോദിയെ പരിഹസിക്കാന്‍ ഒരുങ്ങുകയാണ് കര്‍ഷകര്‍.

ഡിസംബര്‍ 27 ന് മോദി മന്‍ കി ബാത്ത് നടത്തുമ്പോള്‍ അവരവരുടെ വീടുകളില്‍ നിന്ന് പാത്രം കൂട്ടിയടിക്കാന്‍ എല്ലാവരോടും ആഹ്വാനം ചെയ്യുന്നതായി ഭാരതീയ കിസാന്‍ യൂണിയന്‍ ജഗത് സിംഗ് ദലേവാലാ പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. മോദി തന്റെ ‘ മന്‍ കി ബാത്ത്’ തുടങ്ങുന്നത് മുതല്‍ പാത്രങ്ങള്‍ കൂട്ടിയടിക്കാനാണ് ആഹ്വാനം ചെയ്തിരിക്കുന്നത്.

അതേസമയം, കര്‍ഷക പ്രതിഷേധം 25ാം ദിവസത്തിലേക്ക് കടക്കുമ്പോള്‍ ദല്‍ഹിയിലെ ഗുരുദ്വാര പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശിച്ചിരുന്നു.

കര്‍ഷക പ്രതിഷേധത്തിന് പരിഹാരം കാണാന്‍ ഒരു തരത്തിലും മുന്‍കൈയെടുക്കാത്ത മോദിയുടെ ഗുരുദ്വാര സന്ദര്‍ശനത്തിനും പിന്നാലെയുള്ള ട്വീറ്റിനും വലിയ രീതിയിലുള്ള വിമര്‍ശനം ഉയര്‍ന്നുവന്നിട്ടുണ്ട്.

തണുപ്പത്തുകിടന്ന് പ്രതിഷേധിക്കുന്ന കര്‍ഷകരെ കാണാന്‍ നേരമില്ലാത്ത മോദിയുടെ ഗുരുദ്വാര സന്ദര്‍ശനം വെറും നാടകമാണെന്നാണ് കര്‍ഷകരുടെ പ്രതികരണം. നാടകം കളിക്കുകയല്ല നിയമം പിന്‍വലിക്കുകയാണ് വേണ്ടതെന്നും കര്‍ഷകര്‍ പറഞ്ഞു.

കര്‍ഷക പ്രതിഷേധം കേന്ദ്രത്തിന്റെ കയ്യിലൊതുങ്ങില്ലെന്ന് മനസ്സിലായതോടെ പ്രതിഷേധിക്കുന്ന സിഖ് കര്‍ഷകരെ പ്രീതിപ്പെടുത്താനാണ് മോദിയുടെ ഈ നീക്കമെന്നാണ് വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നത്.

കാര്‍ഷിക നിയമം കര്‍ഷകര്‍ക്ക് ഗുണം ചെയ്യുമെന്നും പിന്‍വലിക്കേണ്ട ആവശ്യം ഇല്ലെന്നുമാണ് മോദി നിരന്തരം ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്.

കാര്‍ഷിക നിയമത്തിനെതിരെ പ്രതിഷേധം നടത്തുന്ന കര്‍ഷകര്‍ക്ക് മുന്നില്‍ വിനയത്തോടെ തല കുനിച്ച് ചര്‍ച്ചയ്ക്ക് തയ്യാറാണെന്നാണ് മോദി പറഞ്ഞിരുന്നെങ്കില്‍ അതിനുള്ള നീക്കങ്ങള്‍ ഇതുവരെ നടത്തിയിട്ടില്ല. മധ്യപ്രദേശിലെ കര്‍ഷകരെ വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് മോദി അഭിസംബോധന ചെയ്തത്.

എന്നാല്‍ നിയമം പിന്‍വലിക്കുന്നതുവരെ തങ്ങള്‍ പ്രതിഷേധം തുടരുമെന്ന ഉറച്ച തീരുമാനത്തിലാണ് കര്‍ഷകര്‍.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: This is the ‘answer’ that farmers are going to give to Modi in the upcoming Mann ki Baat

We use cookies to give you the best possible experience. Learn more