|

ഇത് തേജസ്വി യാദവാണ് സംസാരിക്കുന്നത് സാര്‍; ഒറ്റ ഫോണ്‍കോളില്‍ പ്രതിഷേധക്കാര്‍ക്കിടയില്‍ 'ഹീറോ' ആയി തേജസ്വി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ബീഹാര്‍ തെരഞ്ഞെടുപ്പിന് പിന്നാലെ ജനപ്രീതി ഇരട്ടിച്ച യുവ നേതാവാണ് തേജസ്വി യാദവ്.
തെരഞ്ഞെടുപ്പില്‍ മഹാസഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായിരുന്നു ആര്‍.ജെ.ഡി നേതാവായ തേജസ്വി. മഹാസഖ്യത്തിന് തെരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ സാധിച്ചില്ലെങ്കിലും ആര്‍.ജെ.ഡി മികച്ചപ്രകടനമാണ് കാഴ്ചവെച്ചത്. ഇപ്പോള്‍ തേജസ്വി യാദവ് ചെയ്ത ഒരു ഫോണ്‍കോളാണ് ബീഹാറില്‍ വൈറലായിരിക്കുന്നത്.

പട്നയിലെ പ്രതിഷേധിക്കുന്ന അധ്യാപകര്‍ക്ക് പിന്തുണ നല്‍കാന്‍ എത്തിയതായിരുന്നു തേജസ്വി. പ്രതിഷേധക്കാര്‍ക്ക് നേരത്തെ നിശ്ചയിച്ചുറപ്പിച്ച വേദിയില്‍ സമരം നടത്താന്‍ അനുമതിനിഷേധിച്ച സാഹചര്യത്തില്‍ വിഷയത്തില്‍ ഇടപ്പെട്ട തേജസ്വി കാര്യം അന്വേഷിക്കാനാണ് ചീഫ് സെക്രട്ടറി, പൊലീസ് മേധാവി, പട്‌ന ജില്ലാ മജിസ്ട്രേറ്റ് എന്നിവരുമായി സംസാരിച്ചത്.

സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വീഡിയോയില്‍ തേജസ്വി യാദവ് പട്ന ജില്ലാ മജിസ്ട്രേറ്റ് ചന്ദ്രശേഖര്‍ സിങ്ങുമായി സംഭവസ്ഥലത്ത് നിന്ന് സംസാരിക്കുന്നത് കാണാം.

”ധര്‍ണയില്‍ ഇരിക്കാന്‍ അനുവദിക്കുന്നില്ലെന്ന് ഇവര്‍ പറയുന്നു, എന്തുകൊണ്ടൊണത്?”
‘അവര്‍ ദിവസവും അനുവാദം ചോദിക്കേണ്ടതുണ്ടോ? ഒരു ലാത്തി ചാര്‍ജ് ഉണ്ടായിട്ടുണ്ട്, അവരുടെ ഭക്ഷണം വലിച്ചെറിഞ്ഞു, അവരെ ഓടിച്ചു … ഇപ്പോള്‍ എല്ലാവരും ചിതറിപ്പോയി. അവരില്‍ ചിലര്‍ എന്നോടൊപ്പം ഇക്കോ പാര്‍ക്കില്‍ ഉണ്ട്,” തേജസ്വി യാദവ് പറയുന്നതായി കേള്‍ക്കാം.

പ്രതിഷേധിക്കാനുള്ള ജനാധിപത്യപരമായ അവകാശം വിനിയോഗിക്കാന്‍ മാത്രമാണ് അധ്യാപകര്‍ക്ക് താല്‍പ്പര്യമെന്നും അദ്ദേഹം പറയുന്നുണ്ട്.

ഞാന്‍ അവരുടെ അപേക്ഷ വാട്‌സ്ആപ്പ് വഴി നിങ്ങള്‍ക്ക് അയയ്ക്കും. നിങ്ങള്‍ അവര്‍ക്ക് അനുവാദം നല്‍കകണം, അദ്ദേഹം ഉദ്യോഗസ്ഥനോട് പറഞ്ഞു. താന്‍ ഇത് പരിശോധിക്കുമെന്നാണ് സിംഗ് മറുപടി നല്‍കുന്നത്.

എപ്പോഴാണ് അത് ചെയ്യുക എന്ന് തേജസ്വി തിരിച്ചുചോദിക്കുകയും അദ്ദേഹത്തിന്റെ ചോദ്യത്തിന് നിങ്ങളെന്താ എന്നെ ചോദ്യം ചെയ്യുകയാണോ എന്നാണ് സിംഗ് ചോദിക്കുന്നത്.
ഈ ചോദ്യത്തിന്, ഇത് തേജസ്വി യാദവാണ് ഡി.എം സാര്‍ സംസാരിക്കുന്നത് എന്ന് മറുപടി നല്‍കുകയും ഇതിന് പിന്നാലെ കാര്യങ്ങള്‍ ശരിയാക്കാം സാര്‍ എന്ന് ജില്ലാ മജിസ്‌ട്രേറ്റ് മറുപടി പറയുകയും ചെയ്യുന്നു.

‘ഞാന്‍ നിങ്ങള്‍ക്ക് ഒരു വാട്‌സ്ആപ്പ് ടെസ്റ്റ് അയയ്ക്കും. വേഗത്തില്‍ പ്രതികരിക്കുക അല്ലെങ്കില്‍ രാത്രി മുഴുവന്‍ ഞങ്ങള്‍ ഇവിടെ ഇരിക്കേണ്ടിവരും,’ ഇത് പറഞ്ഞ് തേജസ്വി കോള്‍ കട്ടുചെയ്യുകയും ചെയ്തു.

ഈ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: “This Is Tejashwi Yadav Speaking”. A Phone Call In Bihar Is Going Viral