| Tuesday, 26th November 2013, 12:54 pm

തരുണിന്റെ ആവര്‍ത്തിച്ചുള്ള ബലാത്സംഗങ്ങള്‍: അരുന്ധതി റോയി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഇത്രയും നാള്‍ തെഹല്‍ക്കയുടെ പ്രവര്‍ത്തനങ്ങളെ പിന്തുണക്കുകയും പ്രതീക്ഷയോടെ നോക്കുകയും ചെയ്തവരെ അപമാനിക്കലാണിത്. രാഷ്ട്രീയവും ധാര്‍മികവുമായി നേരത്തേയുണ്ടായിരുന്ന അവശേഷിപ്പുകളുടെ കടയ്ക്കല്‍ തന്നെ കത്തി വെക്കുന്ന പ്രവര്‍ത്തിയാണിത്. സ്വാതന്ത്ര്യം, നീതി, നിര്‍ഭയം എന്നാണ് തെഹല്‍ക്കയുടെ അടയാളവാക്യം. അതിലെ ആ ധൈര്യം ഇന്നെവിടെ പോയി?


എസ്സേയ്‌സ്/ അരുന്ധതി റോയി
മൊഴിമാറ്റം/ നസീബ ഹംസ

എന്റെ “ഗോഡ് ഓഫ് സ്‌മോള്‍ തിങ്‌സ്” ആദ്യം പ്രസിദ്ധീകരിച്ച ഇന്ത്യന്‍ ഇങ്കിന്റെ ഭാഗമായിരുന്നു തരുണ്‍ തേജ്പാല്‍. ഇപ്പോള്‍ പുറത്ത് വന്നുകൊണ്ടിരിക്കുന്ന വാര്‍ത്തകളോടുള്ള പ്രതികരണം ആരാഞ്ഞ് പല മാധ്യമപ്രവര്‍ത്തകരും എന്നെ വിളിക്കുന്നുണ്ട്.

എന്നാല്‍ ഈ മീഡിയ സര്‍ക്കസിന്റെ ഭാഗമാകാന്‍ താത്പര്യമില്ലാത്തതിനാല്‍ ഞാന്‍ മൗനം പാലിക്കുകയാണ് ചെയ്തത്. വീണുകിടക്കുന്ന ഒരാളെ വീണ്ടും ചവിട്ടി മെതിക്കേണ്ടതില്ലെന്ന് തോന്നിയതിനാലാണത്.

സ്വന്തം തെറ്റില്‍ നിന്നും പെട്ടന്നൊന്നും അയാള്‍ക്ക് രക്ഷപ്പെടാന്‍ കഴിയില്ലെന്ന സാഹചര്യത്തില്‍ പ്രത്യേകിച്ചും എന്റെ അഭിപ്രായം പറയേണ്ടതില്ലെന്ന് തോന്നി. എന്നാല്‍ ഇപ്പോള്‍, തരുണിന് വേണ്ടി അഭിഭാഷകര്‍ എത്തിയിരിക്കുന്നു. വലിയ രാഷ്ട്രീയ കളികളും ആരംഭിച്ചിരിക്കുന്നു. ഇനിയും എന്റെ മൗനം തുടര്‍ന്നാല്‍ അതിന് പല അര്‍ത്ഥങ്ങളും ഉണ്ടെന്ന്  ആരോപിക്കപ്പെട്ടേക്കാം.

വര്‍ഷങ്ങളായി തരുണ്‍ എന്റെ നല്ല സുഹൃത്താണ്. എന്നെ എല്ലായ്‌പ്പോഴും അദ്ദേഹം പിന്തുണക്കുകയും എന്നോട് സഹകരിക്കുകയും ചെയ്യാറുണ്ടായിരുന്നു. പല വിഷയങ്ങളിലും തെഹല്‍ക്കയുടെ ഇടപെടലുകള്‍ വളരെ ആവേശത്തോടെയാണ് ഞാന്‍ നോക്കിക്കണ്ടത്.

പ്രത്യേകിച്ച് 2002 ഗുജറാത്ത് കലാപത്തെ കുറിച്ച് ആഷിഷ് ഖേതന്‍ നടത്തിയ സ്റ്റിങ് ഓപ്പറേഷനും സിമി വിചാരണകളെ കുറിച്ച് അജിത് സാഹി നടത്തിയ അന്വേഷണവുമൊക്കെ. അതെന്തായാലും തരുണും ഞാനും രാഷ്ട്രീയത്തിലായാലും  സാഹിത്യത്തിലായാലും രണ്ട് വ്യത്യസ്ത ലോകങ്ങളില്‍ നില്‍ക്കുന്നവരായതിനാല്‍ ഞങ്ങള്‍ പതുക്കെ അകന്ന് പോയി.

ഇപ്പോള്‍ പുറത്ത് വന്ന വാര്‍ത്തകള്‍ എന്നെ ഞെട്ടിക്കുകയല്ല ചെയ്തത്. മറിച്ച് എന്റെ ഹൃദയത്തെ തകര്‍ക്കുകയാണുണ്ടായത്. തെഹല്‍ക്കയുടെ “തിങ്ക് ഫെസ്റ്റ്”നിടെ സഹപ്രവര്‍ത്തകയെ തരുണ്‍ ലൈംഗികമായി ആക്രമിച്ചു എന്നാണ് തെളിവുകള്‍ ചൂണ്ടിക്കാട്ടുന്നത്.

[]ഗോവയില്‍ തരുണ്‍ നടത്തുന്ന “ബുദ്ധിജീവി ഉത്സവമാണ്” തിങ്ക് ഫെസ്റ്റ്. മൈനിങ്് കോര്‍പ്പറേറ്റുകളുടെ കൂട്ടായ്മാണ് ഈ ഉത്സവത്തിന്റെ സ്‌പോണ്‍സര്‍മാര്‍. ഭീമമായ അഴിമതികളുടെ പേരില്‍ കുപ്രസിദ്ധരായവരാണ് ഇവരില്‍ പലരും.

ഇതിലെ വിരോധാഭാസം പല ആദിവാസി സ്ത്രീകളെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയവരും നിരവധി നിരപരാധികളെ കൊന്നുതള്ളിയവരുമാണ് ഈ സ്‌പോണ്‍സര്‍മാരില്‍ പലരും എന്നതാണ്.

പുതിയ നിയമമനുസരിച്ച് തരുണ്‍ ചെയ്ത കുറ്റം ബലാത്സംഗത്തിന് തുല്യമാണെന്നാണ് പല അഭിഭാഷകരും ചൂണ്ടിക്കാണിക്കുന്നത്. തരുണ്‍ തന്നെ ഇരക്കയച്ച ഇമെയിലിലും ടെക്സ്റ്റ് മെസേജുകളിലും താന്‍ പെണ്‍കുട്ടിയെ ലൈംഗികമായി ആക്രമിക്കാന്‍ ശ്രമിച്ചെന്ന് സമ്മതിക്കുന്നുണ്ട്.

പിന്നീട് “മുതലാളി” എന്ന ചോദ്യം ചെയ്യാനാകാത്ത പദവി ഉപയോഗിച്ച് “ഗൗരവത്തോടെ” ക്ഷമാപണം നടത്തുകയും മണ്ടത്തരം എന്ന് മാത്രം വിശേഷിപ്പിക്കാവുന്ന തരത്തില്‍ തന്റെ ശിക്ഷ സ്വയം വിധിച്ച് ആറ് മാസം അവധിയെടുക്കുകയും ചെയ്തിരിക്കുന്നു.

ഇപ്പോഴിത് പോലീസ് കേസായിരിക്കുന്നു. അതോടെ സമ്പന്നര്‍ക്ക്് മാത്രം താങ്ങാന്‍ കഴിയുന്ന “ചീര്‍ത്ത” അഭിഭാഷകരുടെ ഉപദേശപ്രകാരം ബലാത്സംഗകേസുകളില്‍ എല്ലാ പ്രതികളും കളിക്കുന്ന നീചമായ കളി തന്നെ തരുണും കളിച്ചു.

താന്‍ ആക്രമിച്ച പെണ്‍കുട്ടി ഇപ്പോള്‍ നുണ പ്രചരണം നടത്തുന്നുവെന്നാണ് തരുണിന്റെ ആരോപണം. കൂടാതെ ഹിന്ദുത്വ അജണ്ടയുള്ള സ്ഥലത്ത് തന്റെ പ്രശ്‌നം രാഷ്ട്രീയവത്കരിക്കാന്‍ ശ്രമിക്കുന്നതായും അദ്ദേഹം ആരോപിക്കുന്നു.

അങ്ങനെയാണെങ്കില്‍ വളരെയടുത്ത കാലത്ത് മാത്രം ജോലിയില്‍ പ്രവേശിച്ച പെണ്‍കുട്ടി ഫാസിസ്റ്റ് ശക്തികളുടെ ഏജന്‍ാണെന്നാണോ പറഞ്ഞു വരുന്നത്?  ഇതും ഒരു തരത്തില്‍ ബലാത്സംഗം തന്നെയാണ്.

ഇത് ബലാത്സംഗത്തിന്റെ രണ്ടാംവട്ടമാണ്, തെഹല്‍ക്ക ഉയര്‍ത്തിയ മൂല്യങ്ങളെ ബലാത്സംഗം ചെയ്യുകയാണ് ഇവിടെ തരുണ്‍  ചെയ്യുന്നത്.

ഇത്രയും നാള്‍ തെഹല്‍ക്കയുടെ പ്രവര്‍ത്തനങ്ങളെ പിന്തുണക്കുകയും പ്രതീക്ഷയോടെ നോക്കുകയും ചെയ്തവരെ അപമാനിക്കലാണിത്. രാഷ്ട്രീയവും ധാര്‍മികവുമായി നേരത്തേയുണ്ടായിരുന്ന അവശേഷിപ്പുകളുടെ കടയ്ക്കല്‍ തന്നെ കത്തി വെക്കുന്ന പ്രവര്‍ത്തിയാണിത്.

സ്വാതന്ത്ര്യം, നീതി, നിര്‍ഭയം എന്നാണ് തെഹല്‍ക്കയുടെ അടയാളവാക്യം. അതിലെ ആ ധൈര്യം ഇന്നെവിടെ പോയി?

കടപ്പാട്: ഔട്ട്‌ലുക്ക്

അധികവായനക്ക്:

നമ്മുടെ തകരുന്ന വിശ്വാസങ്ങള്‍:  ബാബുഭരദ്വാജ്

‘ഇത് തെഹല്‍ക്കയുടെ തകര്‍ച്ചയുടെ തുടര്‍ച്ച മാത്രം…’ ഒരു മുന്‍ തെഹല്‍ക്ക ജേണലിസ്റ്റ് തുറന്നു പറയുന്നു

തരുണ്‍ തേജ്പാലിനെതിരെ ആരോപണമുന്നയിച്ച പെണ്‍കുട്ടിയുടെ രാജിക്കത്ത്

തെഹല്‍കയുടെ ചീഫ്-എഡിറ്റര്‍ സ്ഥാനം രാജി വെച്ച തരുണ്‍ തേജ്പാലിന്റെ രാജിക്കത്തിന്റെ പൂര്‍ണ്ണ രൂപം

We use cookies to give you the best possible experience. Learn more