ഇസ്‌ലാമാബാദ്: പാകിസ്താന്‍ പൊലീസ് രാജ്യദ്രോഹക്കുറ്റം ചുമത്തിയ 23 പേരെ അറസ്റ്റ് ചെയ്ത കേസില്‍ വാദം കേള്‍ക്കവെ ഇന്ത്യയെക്കുറിച്ച് പരാമര്‍ശിച്ച് പാക് കോടതി ജഡ്ജ്. പാക് സര്‍ക്കാര്‍ പ്രതിഷേധക്കാരുടെ ഭരണഘടനാപരമായ അവകാശം ലംഘിച്ചുവെന്ന് പറഞ്ഞ ഇസ്‌ലാമാബാദ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് അത്തര്‍ മിനല്ലയാണ് ഇത് ഇന്ത്യയല്ല പാകിസ്താനാണെന്ന് പറഞ്ഞത്.
” എല്ലാവരുടെയും ഭരണഘടനാപരമായ അവകാശം സംരക്ഷിക്കപ്പെടണം. ഇത് പാകിസ്താനാണ്. അല്ലാതെ ഇന്ത്യയല്ല,” മിനല്ല കോടതിയില്‍ പറഞ്ഞു.
അവാമി വര്‍ക്കേഴ്‌സ് പാര്‍ട്ടിയുടെയും, പാഷ്ടൂണ്‍ തവാഫുസ് മൂവ്‌മെന്റിന്റെയും(പി.ടി.എം) 23 പ്രവര്‍ത്തകരുടെ ജാമ്യാപേക്ഷ പരിഗണിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
പി.ടി.എം അധ്യക്ഷനും മനുഷ്യാവകാശ പ്രവര്‍ത്തകനുമായ മന്‍സൂര്‍ പാഷ്ടീന്റെ അറസ്റ്റില്‍ പ്രതിഷേധിച്ച് പ്രകടനം നടത്തിയെന്ന കുറ്റത്തിനാണ് ഇവര്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി പാക് പൊലീസ് അറസ്റ്റ് ചെയ്തത്. തീവ്രവാദ നിരോധന നിയമപ്രകാരവും ഇവര്‍ക്കെതിരെ പൊലീസ് കേസെടുത്തിരുന്നു.
അതേസമയം കേസില്‍ വാദം കേള്‍ക്കവെ പാക് സര്‍ക്കാര്‍ ഇവര്‍ക്കെതിരെ ചുമത്തിയ കുറ്റങ്ങളെല്ലാം പിന്‍വലിച്ചുവെന്ന് പാക് ഡെപ്യൂട്ടി കമ്മീഷണര്‍ കോടതിയില്‍ അറിയിച്ചു.
ഒരു ജനാധിപത്യ സര്‍ക്കാര്‍ അഭിപ്രായ സ്വാതന്ത്ര്യം ഹനിക്കുമെന്ന് തങ്ങള്‍ കരുതുന്നില്ലെന്ന് ജസ്റ്റിസ് മിനല്ല പറഞ്ഞു. ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പട്ട ഒരു സര്‍ക്കാരിന് ഒരിക്കലും അങ്ങനെ ചെയ്യാന്‍ സാധിക്കില്ല. നമ്മള്‍ വിമര്‍ശനങ്ങളെ ഭയക്കാന്‍ പാടില്ല. എല്ലാവരുടെയും ഭരണഘടനാപരമായ അവകാശങ്ങള്‍ കോടതി സംരക്ഷിക്കും,” മിനല്ല പറഞ്ഞു.