ചെങ്ങന്നൂര്‍: പ്രളയക്കെടുതിയില്‍പെട്ട് ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവരെ ആശ്വസിപ്പിക്കാനും പരാതികള്‍ കേള്‍ക്കാനുമായി എത്തിയ മുഖ്യമന്ത്രി പിണറായി വിജയനെ സ്‌നേഹത്തോടെ വരവേറ്റ് സ്ത്രീകളും കുട്ടികളും.
രാവിലെ 8.45ന് ഹെലികോപ്റ്ററില്‍ ചെങ്ങന്നൂര്‍ ക്രിസ്ത്യന്‍ കോളജ് ഗ്രൗണ്ടില്‍ ഇറങ്ങിയ മുഖ്യമന്ത്രി കാര്‍ ഉപേക്ഷിച്ച് കാല്‍നടയായാണ് ദുരിതബാധിതരുടെ അടുത്തേക്കുപോയത്. മഴ പെയ്യുന്നുണ്ടായിരുന്നെങ്കിലും നടന്നു പോകാനായിരുന്നു മുഖ്യമന്ത്രിയുടെ തീരുമാനം.
മന്ത്രി ഇ.ചന്ദ്രശേഖരന്‍, സജി ചെറിയാന്‍ എം.എല്‍എ, കലക്ടര്‍ എസ്.സുഹാസ്, ജില്ലാ പൊലീസ് മേധാവി എസ്.സുരേന്ദ്രന്‍ തുടങ്ങിയവര്‍ മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നു. മുഖ്യമന്ത്രി ക്യാമ്പിലേക്ക് എത്തുമെന്ന് അറിഞ്ഞതിന്റെ ആവേശത്തിലായിരുന്നു ക്യാമ്പിലുള്ള ഓരോരുത്തരും
മുഖ്യമന്ത്രിയെ കണ്ട ഉടനെ തന്നെ ഫോണില്‍ ചിത്രം പകര്‍ത്താനായി അവരുടെ ശ്രമം. ഇതാ ഞങ്ങടെ നേതാവ് ഇതാ ഞങ്ങടെ മുഖ്യമന്ത്രി എന്ന് പറഞ്ഞായിരുന്നു അവര്‍ പിണറായിയെ സ്വീകരിച്ചത്.
മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ കുല്‍ദീപ് നയ്യാര്‍ അന്തരിച്ചു
“എല്ലായിടത്തും വെള്ളം കേറി സാറേ.. വീടും സാധനങ്ങളും എല്ലാം നഷ്ടമായി.സര്‍ക്കാര്‍ കൂടെയുള്ളതോണ്ടാ ഞങ്ങള്‍ക്ക് ഇങ്ങനെയെങ്കിലും നില്‍ക്കാന്‍ കഴിയുന്നത്”- എന്ന് സ്ത്രീകള്‍ ഒന്നടങ്കം പറഞ്ഞപ്പോള്‍ എല്ലാം നമുക്ക് നേരെയാക്കാമെന്നായിരുന്നു മുഖ്യമന്ത്രിയുടെ ഉറപ്പ്.
സര്‍ക്കാര്‍ കൂടെയുണ്ടെന്നും മുഖ്യമന്ത്രി നമുക്ക് വേണ്ടി എല്ലാകാര്യങ്ങളും ചെയ്യുമെന്നും സജി ചെറിയാനും ക്യാമ്പിലുള്ളര്‍ക്ക് ഉറപ്പു നല്‍കി.
എന്തെങ്കിലും പറയാനുണ്ടോ എന്ന് ചെങ്ങന്നൂരില്‍ മാധ്യമ പ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ ഒന്നുമില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. കേന്ദ്രം വെറും 500 കോടി മാത്രമാണല്ലോ അനുവദിച്ചത് അതില്‍ നിരാശയുണ്ടോയെന്ന് ദേശീയപത്രത്തിലെ മാധ്യമപ്രവര്‍ത്തകയുടെ ചോദ്യത്തോടും മുഖ്യമന്ത്രി പ്രതികരിച്ചില്ല.
മൂന്ന് ജില്ലകളിലെ പ്രളയബാധിത പ്രദേശങ്ങളാണു മുഖ്യമന്ത്രി സന്ദര്‍ശിക്കുന്നത്. കോഴഞ്ചേരിയില്‍നിന്ന് ആലപ്പുഴ ജില്ലയിലെ ക്യാംപുകളിലേക്കാണ് മുഖ്യമന്ത്രി പോവുക.
തുടര്‍ന്ന് എറണാകുളം നോര്‍ത്ത് പറവൂരിലെ ക്യാംപുകള്‍ സന്ദര്‍ശിക്കും. ശേഷം തൃശൂര്‍ ചാലക്കുടിയിലെ ക്യാംപുകളിലെത്തും. വൈകിട്ട് തിരുവനന്തപുരത്ത് തിരിച്ചെത്തി അവലോകന യോഗത്തില്‍ പങ്കെടുക്കും. ക്യാംപുകളിലും ബന്ധുവീടുകളിലുമായി വീട്ടിലേക്കു മടങ്ങാനാകാതെ 13.43 ലക്ഷം പേരുണ്ടെന്നാണു കണക്ക്.