| Saturday, 17th December 2022, 7:57 pm

അവളോട് വെറുപ്പുണ്ടാവാനുള്ള കാരണം കാവി ബിക്കിനിയല്ല; ദീപികയെ പേടിപ്പിച്ച് പിന്തിരിപ്പിക്കല്‍ ഇവിടെയും സാധ്യമാവില്ല

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഇത് ആദ്യമായിട്ടല്ല ദീപിക പദുക്കോണിനും ഷാരൂഖ് ഖാനും നേരെ ബോയ്‌കോട്ട് ആഹ്വാനങ്ങളും പ്രതിഷേധങ്ങളും ഉയരുന്നത്. ഇപ്പോള്‍ പത്താന്‍ സിനിമയിലെ കാവി നിറത്തിലുള്ള വസ്ത്രമാണ് ഇവര്‍ പ്രശ്‌നമായി ഉയര്‍ത്തി കാണിക്കുന്നതെങ്കിലും ദീപികക്കും ഷാരൂഖിനും നേരെ ഉയരുന്ന സഘപരിവാര്‍ വിദ്വേഷത്തിന്റെ യഥാര്‍ത്ഥ കാരണം ഈ ഒരു വസ്ത്രത്തില്‍ ഒതുങ്ങുന്നതല്ല.

ഷാരൂഖ് ഖാന് നേരെ പലപ്പോഴായി സംഘപരിവാറിന്റെ ഭീഷണി ഉയര്‍ന്നിട്ടുണ്ട്. രാജ്യത്ത് അതിതീവ്രമായ അസഹിഷ്ണുത വര്‍ധിച്ചു വരുന്നുണ്ടെന്ന് ഷാരൂഖ് ഖാന്‍ അഭിപ്രായപ്പെട്ടിരുന്നു. പ്രതീകാന്മക പ്രതിഷേധമെന്ന നിലയില്‍ തനിക്ക് ലഭിച്ച പുരസ്‌കാരങ്ങള്‍ തിരികെ നല്‍കാമെന്നും അമ്പതാം പിറന്നാള്‍ ദിനത്തില്‍ മാധ്യമങ്ങളോട് ഷാരൂഖ് പറഞ്ഞിരുന്നു.

അന്നുമുതല്‍ ഷാരൂഖാനെതിരെ തീവ്ര ഹിന്ദുത്വ പ്രൊഫൈലുകളില്‍ നിന്നും വിദ്വേഷപ്രചാരണങ്ങള്‍ വരാന്‍ തുടങ്ങി. പിന്നെ ഷാരൂഖ് ഖാന്‍ എന്ന പേരും അവര്‍ക്ക് ഒരു പ്രശ്‌നമാണ്. ഗായിക ലത മങ്കേഷ്‌കര്‍ മരിച്ചപ്പോള്‍ മൃതദേഹത്തിന് മുന്നില്‍ നിന്നും കൈകൂപ്പി ദുഅ ചെയ്യുന്ന ഷാരൂഖിന്റെ ചിത്രവും വലിയ രീതിയില്‍ വിദ്വേഷ പ്രചാരണങ്ങള്‍ക്ക് ഇക്കൂട്ടര്‍ ഉപയോഗിച്ചിരുന്നു. ഷാരൂഖ് ഖാന്‍ ലത മങ്കേഷ്‌കറിന്റെ മൃതദേഹത്തില്‍ തുപ്പിയെന്നാണ് അന്ന് ഇവര്‍ പ്രചരിപ്പിച്ചത്. അത്തരത്തില്‍ ഷാരൂഖിനോടുള്ള വെറുപ്പ് പ്രകടിപ്പിക്കാന്‍ എന്ത് അസത്യ പ്രചാരണവും ഇവര്‍ നടത്താറുണ്ട്.

അതുപോലെ തന്നെ ദീപികയുടെ ബിക്കിനിയുടെ കളറല്ല സംഘപരിവാര്‍ പ്രൊഫൈലുകളുടെ യഥാര്‍ത്ഥ പ്രശ്നം. ദീപികക്കെതിരെ ഭീഷണികളും ബോയ്‌കോട്ട് ആഹ്വാനങ്ങളും വരാന്‍ തുടങ്ങിയത് പൗരത്വ ഭേദഗതി സമരങ്ങളുടെ സമയം മുതലാണ്. ഭേദഗതിക്കെതിരെ വിദ്യാര്‍ത്ഥികള്‍ സംഘടിപ്പിച്ച സമരത്തില്‍ പങ്കെടുക്കുകയും വിദ്യാര്‍ത്ഥികളുടെ സമരത്തിന് ദീപിക പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ആ ദിവസം മുതല്‍ ദീപികക്ക് നേരെ ഭീഷണികളുണ്ട്. ഇതിനെല്ലാം മുമ്പ് പദ്മാവത് സിനിമയുടെ റിലീസ് സമയത്തും ഇതിലും വലിയ ബഹിഷ്‌കരണ ഭീഷണികള്‍ ദീപികക്ക് നേരെ ഉയര്‍ന്നിരുന്നു.

ഇന്ത്യക്ക് വേണ്ടി നിരവധി വേദികളില്‍ ഒരുപാട് അവാര്‍ഡുകള്‍ നേടി അഭിമാനമായ ബാഡ്മിന്റണ്‍ താരം പ്രകാശ് പദുക്കോണിന്റെ മകളാണ് ദീപിക. എന്നാല്‍ അച്ഛന്റെ നിഴലിനെ പോലും തണലാക്കാതെ തന്റെ കഴിവ് കൊണ്ട് നേടിയെടുത്ത പേരും പ്രശസ്തിയുമാണ് ദീപിക പദുക്കോണിനെ ഇത്രയും കാലം മുന്നോട്ട് നയിച്ചത്. ഇന്ത്യയുടെ മുഖമായി പലയിടത്തും ദീപിക പ്രത്യക്ഷപ്പെട്ടു. ഒന്നരപതിറ്റാണ്ടോളമായി ബോളിവുഡില്‍ നിറഞ്ഞു നില്‍ക്കുന്നു. നേട്ടങ്ങള്‍ ദീപികക്കും ഒരുപാടുണ്ട്.

ദീപികയോട് വെറുപ്പുണ്ടാവാനുള്ള ഒരു കാരണം ജെ.എന്‍.യൂവിലെ വിദ്യാര്‍ത്ഥികള്‍ക്കൊപ്പം നിന്നതാണെന്നതില്‍ സംശയമില്ല. ഇത്തരം ഭീഷണികള്‍ക്കും ബോയ്‌കോട്ട് ആഹ്വാനത്തിനും ദീപിക പദുക്കോണിനെ ഭയപ്പെടുത്താന്‍ കഴിയില്ല. അഭിപ്രായം പറയാന്‍ ഭയപ്പെട്ട് ഇ.ഡിയെ പേടിച്ച് വാ അടച്ചിരുന്ന താരങ്ങള്‍ക്കിടയില്‍ നിന്നും ഉയര്‍ന്ന നടുവിരല്‍ ദീപികയുടേതായിരുന്നു. അവരെ പേടിപ്പിച്ച് പിന്തിരിപ്പിക്കുക എന്ന ലക്ഷ്യം പരാജയപ്പെടുമെന്നത് ഉറപ്പാണ്.

അതേസമയം, സിനിമാമേഖലയില്‍ നിന്നും നടന്‍ പ്രകാശ് രാജും സംഘപരിവാറിനെതിരെ രൂക്ഷമായി പ്രതികരിച്ച് രംഗത്തുവന്നിരുന്നു. ബില്‍ക്കീസ് ബാനു കേസ് പ്രതികളെ വിട്ടയച്ചതു പരാമര്‍ശിച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ ട്വീറ്റ്.

‘കാവി വസ്ത്രം ധരിച്ചവര്‍ റേപ്പിസ്റ്റുകളെ പൂമാലയിട്ട് സ്വീകരിക്കുന്നതില്‍ പ്രശ്നമൊന്നുമില്ലല്ലേ. എം.എല്‍.എമാരെ പണമെറിഞ്ഞു വീഴ്ത്തുന്നതിലോ, വിദ്വേഷപ്രസംഗം നടത്തുന്നതിലോ, പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ കാവിവസ്ത്രധാരികളായ സ്വാമിമാര്‍ പീഡിപ്പിച്ചാലോ ഒന്നും പ്രശ്നമില്ല.

പക്ഷെ സിനിമയില്‍ ആ നിറത്തില്‍ ഒരു ഡ്രസ് വന്നതോടെ ആകെ പ്രശ്നമായി. ഇന്‍ഡോറില്‍ എസ്.ആര്‍.കെയുടെ കോലം കത്തിക്കുകയാണ്. അവരുടെ ആവശ്യമോ ‘പത്താന്‍’ നിരോധിക്കണം എന്നതും,’ എന്നായിരുന്നു പ്രകാശ് രാജിന്റെ ട്വീറ്റ്.

ഈ വിവാദങ്ങള്‍ക്കിടയില്‍ സംഭവത്തെ നേരിട്ട് പരാമര്‍ശിക്കാതെ ഷാരൂഖ് ഖാനും പ്രതികരിച്ചിരുന്നു. സമൂഹ മാധ്യമ ഇടങ്ങള്‍ പോസിറ്റീവ് ആയി ഉപയോഗിക്കുന്നതിനു പകരം ഭിന്നിപ്പിക്കലിനായി ഉപയോഗപ്പെടുത്തുകയാണെന്നാണ് അദ്ദേഹം പറഞ്ഞത്. കൊല്‍ക്കത്ത അന്തര്‍ദേശീയ ചലച്ചിത്രോത്സവം ഉദ്ഘാടനവേദിയില്‍ വെച്ചായിരുന്നു ഷാരൂഖ് ഇത് പറഞ്ഞത്.

പത്താന്‍ സിനിമയിലെ ദീപികയുടെ വസ്ത്രധാരണം ഹിന്ദു വികാരം വൃണപ്പെടുത്തുന്ന രീതിയിലാണെന്ന് ആരോപിച്ച് നല്‍കിയ പരാതിയില്‍ സിനിമക്കെതിരെ കേസെടുത്തിരിക്കുകയാണ്.

content highlight: This is not the first time that there have been boycott calls and protests against Deepika Padukone and Shah Rukh Khan.

We use cookies to give you the best possible experience. Learn more