| Sunday, 3rd September 2023, 11:01 am

16 വര്‍ഷത്തിനിപ്പുറം ആദ്യം, വീണ്ടും ഇന്ത്യയെയും പാകിസ്ഥാനെയും കരയിച്ച് ലങ്ക; ചരിത്രമാവര്‍ത്തിച്ചാല്‍ ഇന്ത്യ ഫൈനലില്‍

സ്പോര്‍ട്സ് ഡെസ്‌ക്

ഏഷ്യാ കപ്പിലെ ഇന്ത്യ-പാകിസ്ഥാന്‍ മത്സരം മഴ മൂലം ഉപേക്ഷിച്ചിരുന്നു. കാന്‍ഡിയിലെ പല്ലേക്കലേ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഇന്ത്യന്‍ ഇന്നിങ്‌സിന് പിന്നാലെ മഴയെത്തുകയും പാകിസ്ഥാന് ബാറ്റിങ്ങിനിറങ്ങാന്‍ കഴിയാത്ത സാഹചര്യം ഉടലെടുക്കുകയും ചെയ്‌തോടെയാണ് മത്സരം ഉപേക്ഷിക്കേണ്ടി വന്നത്.

ഏഷ്യാ കപ്പില്‍ ഇത് ആദ്യമായല്ല ഒരു മത്സരം മഴ മൂലം ഉപേക്ഷിക്കേണ്ടി വന്നത്. നിര്‍ഭാഗ്യവശാല്‍ ഈ മത്സരം ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള പോരാട്ടവുമായിരുന്നു. ഈ മാച്ച് നടന്നത് ശ്രീലങ്കയിലായിരുന്നു എന്നതാണ് രസകരമായ മറ്റൊരു വസ്തുത.

1997ലെ പെപ്‌സി ഏഷ്യാ കപ്പിലായിരുന്നു ഇതിന് മുമ്പ് ടൂര്‍ണമെന്റില്‍ ഒരു മത്സരം മഴമൂലം ഉപേക്ഷിക്കപ്പെട്ടത്. ജൂലൈ 21ന് കൊളംബോയിലെ സിംഹളീസ് സ്‌പോര്‍ട്‌സ് ക്ലബ്ബില്‍ നടക്കേണ്ടിയിരുന്ന മത്‌സരമാണ് മഴ മൂലം ഒരു പന്ത് പോലും എറിയാന്‍ സാധിക്കാതെ ഉപേക്ഷിക്കപ്പെട്ടത്.

ഇതിന് പുറമെ ശ്രീലങ്ക വേദിയായ ഇന്ത്യ-പാകിസ്ഥാന്‍ പോരാട്ടങ്ങളില്‍ മറ്റ് ചില മത്സരങ്ങളും മഴയെടുത്തിരുന്നു. 1994ലെ സിങ്ങര്‍ വേള്‍ഡ് സീരീസിലെ ഇന്ത്യ-പാകിസ്ഥാന്‍ മത്സരവും ഒരു പന്ത് പോലും എറിയാതെ ഉപേക്ഷിക്കപ്പെട്ടിരുന്നു. അന്ന് കൊളംബോയിലെ ആര്‍. പ്രേമദാസ സ്റ്റേഡിയമാണ് ഇരു ടീമിന്റെയും ആരാധകരുടെ നിരാശക്ക് സാക്ഷിയാകേണ്ടി വന്നത്.

1994ലെ സിങ്ങര്‍ വേള്‍ഡ് സീരീസില്‍ ശ്രീലങ്കയെ ആറ് വിക്കറ്റിന് വീഴ്ത്തി ഇന്ത്യ കപ്പുയര്‍ത്തിയപ്പോള്‍ 1997ലെ ഏഷ്യാ കപ്പില്‍ ഇന്ത്യയെ എട്ട് വിക്കറ്റിന് പരാജയപ്പെടുത്തി ലങ്ക കപ്പുയര്‍ത്തിയിരുന്നു. ശ്രീലങ്കയില്‍ വെച്ച് നടന്ന ഇന്ത്യ – പാകിസ്ഥാന്‍ മത്സരങ്ങള്‍ ഉപേക്ഷിക്കപ്പെട്ടപ്പോഴെല്ലാം തന്നെ ഇന്ത്യയും ശ്രീലങ്കയും ഫൈനലില്‍ പ്രവേശിച്ചിരുന്നു എന്നതിനാല്‍ ഇത്തവണയും അത് ആവര്‍ത്തിക്കുമെന്നാണ് ആരാധകര്‍ ഉറച്ചുവിശ്വസിക്കുന്നത്.

അതേസമയം, കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. താളംകണ്ടെത്താന്‍ പാടുപെട്ട ഇന്ത്യന്‍ മുന്‍ നിരയായിരുന്നു കാന്‍ഡിയിലെ കാഴ്ച. ആദ്യ ഓവറുകളില്‍ മഴയെത്തിയതോടെ മത്സരം അല്‍പസമയം തടസ്സപ്പെട്ടിരുന്നു. മഴ മാറി മത്സരം പുനരാരംഭിച്ചെങ്കിലും ഓപ്പണര്‍മാര്‍ അടക്കമുള്ള ടോപ് ഓര്‍ഡറിന് താളം കണ്ടെത്താന്‍ സാധിച്ചില്ല.

രോഹിത് ശര്‍മ 22 പന്തില്‍ 11 റണ്‍സടിച്ചപ്പോള്‍ ശുഭ്മന്‍ ഗില്‍ 32 പന്തില്‍ നിന്നും പത്ത് റണ്‍സായിരുന്നു നേടിയത്. വിരാട് ഏഴ് പന്തില്‍ നാലും ശ്രേയസ് അയ്യര്‍ ഒമ്പത് പന്തില്‍ 14 റണ്‍സും നേടി പുറത്തായി.

എന്നാല്‍ മിഡില്‍ ഓര്‍ഡറില്‍ ഇഷാന്‍ കിഷനും ഹര്‍ദിക് പാണ്ഡ്യയും തകര്‍ത്തടിച്ചു. ഇഷാന്‍ 81 പന്തില്‍ നിന്നും ഒമ്പത് ബൗണ്ടറിയുടെയും രണ്ട് സിക്സറിന്റെയും അകമ്പടിയോടെ 82 റണ്‍സടിച്ചപ്പോള്‍ 90 പന്തില്‍ ഏഴ് ബൗണ്ടറിയും ഒരു സിക്സറുമായി 87 റണ്‍സായിരുന്നു പാണ്ഡ്യയുടെ സമ്പാദ്യം.

ഒടുവില്‍ 48.5 ഓവറില്‍ 266 റണ്‍സിന് ഇന്ത്യയുടെ പത്താം വിക്കറ്റും നഷ്ടമായി. പാകിസ്ഥാനായി ഷഹീന്‍ ഷാ അഫ്രിദി നാല് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ നസീം ഷാ, ഹാരിസ് റൗഫ് എന്നിവര്‍ മൂന്ന് വിക്കറ്റ് വീതവും സ്വന്തമാക്കി.

സെപ്റ്റംബര്‍ നാലിന് നേപ്പാളിനെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം. സൂപ്പര്‍ ഫോറിലെത്തണമെങ്കില്‍ നേപ്പാളിനെതിരെ ഇന്ത്യക്ക് വിജയം അനിവാര്യമാണ്. സെപ്റ്റംബര്‍ അഞ്ചിനാണ് ലങ്ക അടുത്ത മത്സരത്തിനിറങ്ങുന്നത്. പാകിസ്ഥാനിലെ ഗദ്ദാഫി സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ അഫ്ഗാനിസ്ഥാനാണ് എതിരാളികള്‍.

Content highlight: This is not the first time that the India-Pakistan clash in the Asia Cup has been abandoned due to rain

We use cookies to give you the best possible experience. Learn more