| Tuesday, 27th August 2019, 8:35 am

മുംബൈ ഭീകരാക്രമണത്തിന്റെ തത്സമയ സംപ്രേഷണം മുതല്‍ ലാലുവിന്റെ സീരിയല്‍ വരെ; പ്രസ്സ് കൗണ്‍സില്‍ ചെയര്‍മാന്റെ 'നിലപാടുകള്‍' ഇതുവരെ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ജമ്മു കശ്മീരിലെ ആശയവിനിമയ സംവിധാനങ്ങള്‍ക്കു മേലുള്ള നിയന്ത്രണം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ടുള്ള ഹരജിയെ എതിര്‍ത്ത പ്രസ്സ് കൗണ്‍സില്‍ ഓഫ് ഇന്ത്യ ചെയര്‍മാന്‍ റിട്ട. ജസ്റ്റിസ് ചന്ദ്രമൗലി കുമാര്‍ പ്രസാദിനെതിരെ ഒരുകൂട്ടം മാധ്യമപ്രവര്‍ത്തകര്‍ രംഗത്തെത്തിക്കഴിഞ്ഞു. എന്നാല്‍ പ്രസാദ് ആദ്യമായല്ല ഇത്തരം നീക്കങ്ങളെ എതിര്‍ക്കുന്നതും അഭിപ്രായ സ്വാതന്ത്ര്യത്തിനെതിരെ നിലകൊള്ളുന്നതും. കശ്മീരിലും പുറത്തുമായി നിരവധി തവണ അദ്ദേഹം അതിനായി തന്റെ ജുഡീഷ്യല്‍ അധികാരം ഉപയോഗിച്ചിട്ടുണ്ട്.

1973-ലാണ് അഭിഭാഷകനായി പ്രസാദ് എന്റോള്‍ ചെയ്യുന്നത്. 1989-ല്‍ മുതിര്‍ന്ന അഭിഭാഷകനായി. 1994-ല്‍ പട്‌ന ഹൈക്കോടതിയില്‍ ജഡ്ജിയായി. അതേ കോടതിയില്‍ 2008-ല്‍ ആക്ടിങ് ചീഫ് ജസ്റ്റിസായിരുന്നു.

2010-ല്‍ സുപ്രീംകോടതി ജഡ്ജിയാകുന്നതിനു മുന്‍പുവരെ ഏകദേശം ഒരുവര്‍ഷത്തോളം അലഹബാദ് ഹൈക്കോടതി ചീഫ് ജസ്റ്റിസായിരുന്നു. 2014 ജൂലൈയില്‍ വിരമിച്ചതിനുശേഷമാണ് പ്രസ്സ് കൗണ്‍സില്‍ ഓഫ് ഇന്ത്യ ചെയര്‍മാനായി നിയമിതനായത്.

2012 ഓഗസ്റ്റില്‍, പ്രസാദും സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് അഫ്താബ് ആലവും 26/11 മുംബൈ ഭീകരാക്രമണത്തിന്റെ തത്സമയ സംപ്രേഷണത്തെ ശക്തമായി എതിര്‍ത്തിരുന്നു.

ദേശീയ താത്പര്യം മുന്‍നിര്‍ത്തി ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 19-ല്‍ പറഞ്ഞിരിക്കുന്ന സ്വാതന്ത്ര്യം ഉപയോഗിക്കരുതെന്നായിരുന്നു അവരുടെ നിലപാട്.

അഭിപ്രായ, ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ പേരില്‍ ടി.വി ചാനലുകള്‍ നടത്തിയ സംപ്രേഷണത്തെ ന്യായീകരിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും അതു തെറ്റാണെന്നുമാണ് അജ്മല്‍ കസബിന്റെ വധശിക്ഷ ശരിവെയ്ക്കുന്ന സമയത്ത് പ്രസാദ് അടങ്ങിയ ബെഞ്ച് നിരീക്ഷിച്ചത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

‘വാണിജ്യ താത്പര്യം മുന്‍നിര്‍ത്തിയാണ് ഇന്ത്യയിലെ ടി.വി ചാനലുകള്‍ പെരുമാറിയത്. ആവിഷ്‌കാര സ്വാതന്ത്ര്യവും ആര്‍ട്ടിക്കിള്‍ 19-ല്‍ പറഞ്ഞിരിക്കുന്ന മറ്റു സ്വാതന്ത്ര്യങ്ങള്‍ പോലെ തന്നെ വിഷയാധിഷ്ഠിതമായി മാറുന്നവയാണ്.

അപരന്റെ ജീവിക്കാനുള്ള അവകാശത്തെ ലംഘിക്കുന്ന, ദേശസുരക്ഷയെ ബാധിക്കുന്ന നീക്കവും ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ പരിധിയില്‍ വരുന്നതല്ല.’- ബെഞ്ച് നിരീക്ഷിച്ചു.

തുടര്‍ന്ന്, 2014-15 കാലയളവില്‍ പ്രസിദ്ധീകരിച്ച 10 ലേഖനങ്ങള്‍ക്ക് 2016 മാര്‍ച്ചില്‍ പ്രസ്സ് കൗണ്‍സില്‍ വിലക്കേര്‍പ്പെടുത്തിയിരുന്നു. റിപ്പോര്‍ട്ടേഴ്‌സ് വിത്തൗട്ട് ബോര്‍ഡേഴ്‌സ് (ആര്‍.ഡബ്ലു.ബി), പാരിസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സംഘടന എന്നിവരുടെ ലേഖനങ്ങളായിരുന്നു ഇവ.

വിലക്കപ്പെട്ട ലേഖനങ്ങളിലൊന്നില്‍ ആര്‍.ഡബ്ലു.ബി കശ്മീരിലെ ഇന്റര്‍നെറ്റ് വിച്ഛേദിക്കലിനെതിരെ നിലപാടെടുത്തിരുന്നു. ‘കശ്മീരിലെ മൂന്നു ദിവസത്തെ ഇന്റര്‍നെറ്റ് നിരോധനം മാധ്യമപ്രവര്‍ത്തകരുടെ ജോലി തടസ്സപ്പെടുത്തുന്നു’ എന്ന തലക്കെട്ടോടെയാണ് ഈ ലേഖനം പ്രസിദ്ധീകരിച്ചത്.

ദേശീയ താത്പര്യം പരിഗണിച്ചുകൊണ്ടാണ് സര്‍ക്കാര്‍ ഈ നടപടികള്‍ സ്വീകരിച്ചതെന്നായിരുന്നു വിലക്കേര്‍പ്പെടുത്തിക്കൊണ്ട് പ്രസ്സ് കൗണ്‍സില്‍ ചെയര്‍മാന്‍ പറഞ്ഞ ന്യായീകരണം.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഒരുവര്‍ഷത്തിനുശേഷം 2017-ല്‍ പ്രസാദാണ് സാമൂഹ്യമാധ്യമങ്ങളെ പ്രസ്സ് കൗണ്‍സിലിനു കീഴില്‍ കൊണ്ടുവരണമെന്ന നിര്‍ദേശം മുന്നോട്ടുവെച്ചത്. ഒഡിഷയിലെ ഭുവനേശ്വറില്‍ എഡിറ്റര്‍മാരുമായി നടത്തിയ യോഗത്തിലായിരുന്നു ഈ നിര്‍ദേശം വന്നത്.

പൊതു ഇടത്തില്‍ പോസ്റ്റ് ചെയ്യപ്പെടുന്ന അഭിപ്രായങ്ങള്‍ പരിശോധിക്കപ്പെടണമെന്നും അതു സന്തുലിതമായിരിക്കണമെന്നും ചൂണ്ടിക്കാട്ടിയായിരുന്നു നിര്‍ദേശം.

ആര്‍.ജെ.ഡി നേതാവ് ലാലു പ്രസാദ് യാദവിനെയും അദ്ദേഹത്തിന്റെ കുടുംബത്തിനെയും പരിഹസിക്കുന്ന സീരിയലിന് (റാം ഖിലാവന്‍ ആന്‍ഡ് ഫാമിലി) കീഴ്‌ക്കോടതി ഏര്‍പ്പെടുത്തിയ താത്കാലിക നിരോധനം പിന്‍വലിച്ചതും പ്രസാദ് ജഡ്ജിയായ പട്‌ന ഹൈക്കോടതിയിലെ ബെഞ്ചാണ്.

കലാകാരന് ഒരു രാഷ്ട്രീയ സംവിധാനത്തെ അദ്ദേഹം കാണുന്നതുപോലെ തന്നെ ചിത്രീകരിക്കാന്‍ ആര്‍ട്ടിക്കിള്‍ 19 പ്രകാരം കഴിയുമെന്നായിരുന്നു പ്രസാദ് അന്നതിനു ന്യായീകരണമായി പറഞ്ഞത്.

പൊതു സംവിധാനത്തെയോ സദാചാരത്തെയോ മര്യാദയെയോ കീര്‍ത്തിയെയോ ഒന്നും ബാധിക്കാത്ത വിഷയമാണതെന്നും അദ്ദേഹം അന്ന് വിധിന്യായത്തില്‍ പറഞ്ഞു.

We use cookies to give you the best possible experience. Learn more