| Saturday, 11th March 2023, 10:35 am

'ഇതല്ല സര്‍ക്കാരേ ഭരണഘടനയില്‍ പറഞ്ഞിട്ടുള്ള പൗരന്റെ അന്തസുള്ള ജീവിതം'; ബ്രഹ്‌മപുരത്തെ പ്രശ്‌നം പുക മാത്രമല്ല; വൈറലായി ഫേസ്ബുക്ക് കുറിപ്പ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: ബ്രഹ്‌മപുരം മാലിന്യപ്ലാന്റില്‍ തീപിടിത്തമുണ്ടായത് മൂലമുള്ള പുക മാത്രമല്ല കൊച്ചിയിലെ നിലവിലെ പ്രശ്‌നമെന്ന് കൊച്ചി നിവാസികള്‍. പുക മാത്രമല്ല, വീടുകളിലെ മാലിന്യം നീക്കം ചെയ്യാത്തതും അപകടത്തിന് ശേഷമുണ്ടായ വലിയ പ്രശ്‌നമാണെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

കൊച്ചി നിവാസിയായ ചിത്തിര കുസുമന്‍ എഴുതിയ കുറിപ്പ് ഇതിനോടകം സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയായിട്ടുണ്ട്.

തീപിടിത്തത്തിന് ശേഷം ഇതുവരെ കോര്‍പ്പറേഷന്‍ മാലിന്യം എടുക്കുന്നില്ലെന്നും ഭക്ഷണത്തിന്റെ അവശിഷ്ടങ്ങള്‍ കെട്ടിക്കിടന്ന് വീട് മുഴുവന്‍ ദുര്‍ഗന്ധം പരന്ന് തുടങ്ങിയെന്നും അവര്‍ പറഞ്ഞു.

ഇത് മൂലം കുട്ടികള്‍ അടക്കമുള്ളവര്‍ക്ക് അസുഖങ്ങള്‍ പരക്കുന്നുണ്ടെന്നും തുടര്‍ച്ചയായി പരാതി നല്‍കിയിട്ടുണ്ടെന്നും ചിത്തിര കൂട്ടിച്ചേര്‍ത്തു.

പരാതികള്‍ക്ക് പിന്നാലെ ശനിയാഴ്ച മാലിന്യം ശേഖരിക്കാന്‍ തെഴിലാളികളെത്തുമെന്ന് കോര്‍പ്പറേഷന്‍ അറിയിച്ചു. എന്നാല്‍ വെള്ളിയാഴ്ച രാത്രി തന്നെ അവര്‍ എത്തുകയായിരുന്നു.

മാലിന്യത്തിന്റെ മണം രാത്രിയിലും രൂക്ഷമായി പരക്കുകയാണെന്നും ആ മാലിന്യം എവിടെ സംസ്‌കരിക്കുമെന്ന് അറിയില്ലെന്നും കുറിപ്പില്‍ പറയുന്നു. ഭരണഘടനയില്‍ പറയുന്ന അന്തസുള്ള ജീവിതമല്ല, മറിച്ച് അഴുക്ക് ജീവിതമാണിതെന്നും പറഞ്ഞാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്.

കിന്‍ഫ്രാ ഇന്‍ഡസ്ട്രിയല്‍ പാര്‍ക്കിന് പിറക് വശത്തെ മാലിന്യ പ്ലാന്റില്‍ കഴിഞ്ഞയാഴ്ചയാണ് തീപിടിത്തമുണ്ടായത്. കാറ്റും വെയിലും ശക്തമായതോടെ സമീപപ്രദേശങ്ങളിലേക്ക് തീയും പുകയും വ്യാപിക്കുകയും ചെയ്തു.

ദിവസങ്ങളെടുത്താണ് ബ്രഹ്‌മപുരത്തെ തീ അണച്ചത്. എന്നാല്‍ പുക ഇനിയും അവസാനിച്ചിട്ടില്ല.

അതിനിടയിലാണ് പുക മാത്രമല്ല മാലിന്യവും കൊച്ചിയെ അലട്ടുന്ന വിഷയമാണെന്ന ചര്‍ച്ചകള്‍ സമൂഹമാധ്യമങ്ങളിലുണ്ടാകുന്നത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

പുക മാത്രമാണ് പ്രശ്‌നം എന്നാണോ കരുതിയത്?അല്ല. പ്ലാന്റ് കത്തിയത് മുതല്‍ കോര്‍പ്പറേഷന്‍ വെയ്സ്റ്റ് എടുക്കുന്നില്ല. ഞാന്‍ താമസിക്കുന്ന ഇടത്ത് ഒന്നര സെന്റ് ഭൂമിയില്‍ നൂറ്റി അമ്പതോളം വീടുകള്‍ ഉണ്ട് . എന്റെ വീട്ടില്‍ മൂന്ന് അംഗങ്ങള്‍ മാത്രം ഉണ്ടായിട്ടും, ഫുഡ് വെയ്‌സ്റ്റ് സൂക്ഷിച്ചിട്ട് അകം മുഴുവന്‍ നാറി തുടങ്ങി.

ഇവിടെ മിക്കവാറും വീടുകളില്‍ അഞ്ചോ അതില്‍ അധികമോ ആളുകള്‍ ഉണ്ട്. അത്രയും ആളുകള്‍ ഉണ്ടാക്കുന്ന ഫുഡ് വേസ്റ്റ് എറിഞ്ഞു കളയാന്‍ ഞങ്ങള്‍ക്ക് നേരെ മുന്നില്‍ റോഡ് മാത്രമേ ഉള്ളു എന്നതുകൊണ്ട് അടുക്കളപ്പുറങ്ങള്‍ നാറട്ടെ അത് ഉമ്മറത്തേക്ക് പരക്കട്ടെ എന്ന് കരുതുകയല്ലാതെ വേറെ മാര്‍ഗമില്ല.

കുട്ടികള്‍ക്ക് അസുഖങ്ങള്‍ പരക്കുന്നുണ്ട്. തുടര്‍ച്ചയായ പരാതികള്‍ക്ക് ഒടുവില്‍ നാളെ വേസ്റ്റ് എടുക്കും എന്ന് അറിയിപ്പ് വന്നിരുന്നു. നാളെ ചെയ്യേണ്ട പണി തീരാത്ത ഒന്നാണ് എന്ന് അറിയാവുന്നതുകൊണ്ട്, ‘നാളെ’ തുടങ്ങാന്‍ അഞ്ചു മിനിട്ട് മുന്‍പേ എത്തിയിരിക്കുകയാണ് വേസ്റ്റ് കളക്ട്ട്് ചെയ്യുന്ന ചേച്ചിയും ചേട്ടനും.

റോഡില്‍ അവരെടുക്കുന്ന, ഇത്രയും വീട്ടുകാര്‍ മണ്ണെണ്ണ ഒഴിച്ചും അല്ലാതെയും സൂക്ഷിച്ച, പുഴു അരിക്കുന്ന, വെള്ളം ഒലിക്കുന്ന വേസ്റ്റിന്റെ അഴുക്കുമണം ഇതെഴുതുന്ന സമയത്ത് ഇവിടെ ആകെ പരക്കുന്നുണ്ട്. അവരത് ചെയ്യുന്നത് കണ്ടിരിക്കേണ്ടി വരുന്ന ഗതികേടോര്‍ത്ത് എനിക്ക് സ്വയം പുച്ഛം തോന്നുന്നുണ്ട്.

ഇത് കൊണ്ടിടാന്‍ സ്ഥലം കണ്ടെത്തിയിട്ടുണ്ടോ, ഇത് കുഴിച്ച് മൂടാന്‍ ആണോ അതോ വല്ലയിടത്തും കൊണ്ടുപോയി തള്ളാന്‍ ആണോ എന്നൊന്നും അറിഞ്ഞുകൂടാ. അന്വേഷിക്കാന്‍ തോന്നുന്നുമില്ല. എന്തിനാണ്?

ഇതല്ല സര്‍ക്കാരേ ഭരണഘടനയില്‍ പറഞ്ഞിട്ടുള്ള പൗരന്റെ അവകാശമായ അന്തസ്സുള്ള ജീവിതം. ഇത് വെറും കൃമിജീവിതമാണ്, ഏത് രാഷ്ട്രീയക്കാരന്‍ വേണമെന്ന് വെച്ചാലും ചവിട്ടി അരച്ചുകളയാന്‍ പാകത്തിലാണ് എന്ന് നിങ്ങള്‍ ഉറപ്പു വരുത്തിയിട്ടുള്ള അഴുക്കുജീവിതം .

CONTENT HIGHLIGHT: ‘This is not the dignified life of the citizen as stated in the constitution by the government’; The problem in Brahmapuram is not just smoke; Facebook post goes viral

We use cookies to give you the best possible experience. Learn more