| Sunday, 6th September 2020, 5:38 pm

ഇന്ത്യ ഇപ്പോള്‍ നെഹ്‌റുവിന്റെയല്ല, ഇത് മോദിയുടെ ഇന്ത്യയാണ്; ബി.ജെ.പി എം.പി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഇന്ത്യ ഇപ്പോള്‍ നെഹ്‌റുവിന്റെയല്ല നരേന്ദ്രമോദിയുടെതാണെന്ന് ബി.ജെ.പി എം.പി ഹര്‍നാഥ് സിംഗ് ജാദവ്. ചൈനീസ് സംഘര്‍ഷവുമായി ബന്ധപ്പെട്ട് മോസ്‌കോയില്‍ നടക്കുന്ന ഉഭയകക്ഷി ചര്‍ച്ചയിലാണ് ഹര്‍നാഥിന്റെ ഈ പരാമര്‍ശം.

1962 ലെ രാഷ്ട്രീയ സാഹചര്യങ്ങളല്ല ഇന്ത്യയില്‍ ഇപ്പോഴുള്ളതെന്നും ഇത് 2020 ആണെന്ന് ഓര്‍ക്കണമെന്നും പ്രതിരോധമന്ത്രി രാജ് നാഥ് സിംഗ് പറഞ്ഞതിനു പിന്നാലെയാണ് ഹര്‍നാഥിന്റെ ഈ പ്രസ്താവന.

ഒരിഞ്ച് പ്രദേശം പോലും ഇനി അയല്‍രാജ്യങ്ങള്‍ക്ക് വിട്ടുകൊടുക്കില്ലെന്ന് യാദവ് നേരത്തേ പറഞ്ഞിരുന്നതാണ്.

‘ചൈന ഒരു കാര്യം മനസ്സിലാക്കണം. ഇത് 1962ലെ ഇന്ത്യ അല്ല. 2020 ആയി. ഇന്ത്യയില്‍ മാറ്റങ്ങളുണ്ടായിക്കൊണ്ടിരിക്കുന്നു. നെഹ്‌റുവിന്റെ ഇന്ത്യയല്ലിത്. ഇന്ത്യ ഇപ്പോള്‍ നരേന്ദ്ര മോദിയുടേതാണ്. എന്ത് അധിനിവേശം കാണിച്ചാലും അതിന് ഇരട്ടിയായി മറുപടി നല്‍കാന്‍ തക്ക വണ്ണം ഇന്ത്യ മാറിയിരിക്കുന്നുവെന്ന് ചൈനീസ് ഭരണകൂടം മനസ്സിലാക്കണം’- ഹര്‍നാഥ് എഎന്‍ഐ യോട് പറഞ്ഞു.

ഉഭയകക്ഷി ചര്‍ച്ചയില്‍ പ്രതിരോധമന്ത്രി രാജ് നാഥ് സിംഗിന്റെ നിലപാടിനെപ്പറ്റിയും ഹര്‍നാഥ് പ്രതികരിച്ചു. ഇനി ഒരിഞ്ച് സ്ഥലം പോലും ഇന്ത്യയില്‍ നിന്ന് വിട്ടുതരില്ലെന്ന് അദ്ദേഹം ചൈനയുടെ പ്രതിരോധ മന്ത്രിയോട് വ്യക്തമാക്കിയെന്നും ഹര്‍നാഥ് പറഞ്ഞു. ഇത് നിങ്ങള്‍ കണ്ട പഴയ ഇന്ത്യയല്ലെന്നും കരുത്താര്‍ജിച്ച ഇന്ത്യയാണെന്നും രാജ്‌നാഥ് സിംഗ് പറഞ്ഞിരുന്നു.

അയല്‍രാജ്യങ്ങളെ കീഴടക്കി രാജ്യവികസനം നടത്തുക എന്നതാണ് ചരിത്രാതീത കാലംമുതല്‍ക്കേ ചൈന ചെയ്യുന്നതെന്നും രാജ്‌നാഥ് സിംഗ് ചൂണ്ടിക്കാട്ടി. ടിബറ്റില്‍ അവര്‍ അധിനിവേശം നടത്തി. അതുപോലെ ഇന്ത്യയിലേക്കും നുഴഞ്ഞുകയറാന്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍ അവരുടെ ഈ അജണ്ട ഇത്തവണ ഇന്ത്യയില്‍ നടപ്പാകില്ലെന്നും മന്ത്രി പറഞ്ഞു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


content highlights: this is not nehrus india says bjp mp

We use cookies to give you the best possible experience. Learn more