| Monday, 7th March 2022, 11:27 am

സി.പി.ഐ.എമ്മില്‍ നടക്കുന്നത് തലമുറ മാറ്റമല്ല; 11 വനിതകള്‍ ഉള്ളിടത്ത് ഇപ്പോള്‍ 13 വനിതകളുണ്ട്: എം. സ്വരാജ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: സി.പി.ഐ.എമ്മിലേത് തലമുറ മാറ്റമല്ലെന്ന് സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം എം. സ്വരാജ്. പരിചയസമ്പന്നരും പുതിയതലമുറയും ചേരുമ്പോഴാണ് പാര്‍ട്ടി ചടുലമാകുന്നതെന്ന് സ്വരാജ് പറഞ്ഞു. മാതൃഭൂമി ന്യൂസിനോടാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

ഓരോ സമയത്തും പാര്‍ട്ടിയിലേക്ക് പുതുതായി കുറച്ചുപേര്‍ കടന്നുവരുമെന്നും സ്വരാജ് പറഞ്ഞു.

‘നല്ല അനുഭവസമ്പത്തുള്ള പരിചയസമ്പന്നരായ ആളുകളും ഒപ്പം പുതുതലമുറയുടെ ഭാഗമായിട്ടുള്ളവരും ചേരുമ്പോഴാണ് യഥാര്‍ത്ഥത്തില്‍ ഏതൊരു പ്രസ്ഥാനവും കൂടുതല്‍ ചടുലമായി ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുത്ത് മുന്നോട്ട് പോവുക.

ഇപ്പോള്‍ സി.പി.ഐ.എം സംസ്ഥാന സെക്രട്ടേറിയേറ്റില്‍ താരതമ്യേന പ്രായം കുറവുള്ള ചിലര്‍ കൂടി വന്നിട്ടുണ്ട് എന്നുള്ളത് ഒരു പുതിയ കാര്യമാണ്. മുന്‍കാലത്തും ചിലപ്പോഴൊക്കെ ഇങ്ങനെ സംഭവിച്ചിട്ടുള്ളതാണ്. അതിനെ തലമുറമാറ്റമെന്ന് വിശേഷിപ്പിക്കേണ്ടതില്ലെന്നാണ് തോന്നുന്നത്.

സി.പി.ഐ.എം സംസ്ഥാന കമ്മിറ്റിയില്‍ 11 വനിതകളാണുണ്ടായിരുന്നത്. ഈ സമ്മേളനത്തില്‍ അത് 13 ആയി മാറിയിട്ടുണ്ട്. രണ്ടുപേര്‍ കൂടുകയാണ് ചെയ്തത്. സെക്രട്ടേറിയേറ്റില്‍ ഒരംഗം എന്ന് പറയുമ്പോഴും സെക്രട്ടേറിയേറ്റില്‍ പങ്കെടുക്കുന്നവരാണ് കേന്ദ്രകമ്മിറ്റി അംഗങ്ങള്‍. കേന്ദ്രകമ്മിറ്റിയില്‍ അംഗങ്ങളായ രണ്ട് വനിതാസഖാകള്‍ കൂടി കേരളത്തിലുണ്ട്.

അവര്‍ കൂടി വരുമ്പോള്‍ ഫലത്തില്‍ സെക്രട്ടേറിയേറ്റില്‍ വനിതാ പ്രാതിനിധ്യം മൂന്നായി മാറും,’ സ്വരാജ് പറഞ്ഞു.

സ്ത്രീകള്‍ക്കെതിരെയുള്ള മുസ്‌ലിം ലീഗ് വിദ്യാര്‍ത്ഥിനി സംഘടനയായ ഹരിത നല്‍കിയ പരാതിയെ കുറിച്ചും എം. സ്വരാജ് സംസാരിച്ചു.

‘വനിതകളുടെ പ്രത്യേകമായ ഒരു വേദിയെന്ന നിലയില്‍ എം.എസ്.എഫില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ഒരു കൂട്ടരാണ് ഇവര്‍. അവര്‍ക്ക് നേരിടേണ്ടി വന്ന അനുഭവം, അവര്‍ക്ക് അവരുടെ സംഘടനയില്‍ നിന്നും രാഷ്ട്രീയപാര്‍ട്ടിയുടെ നേതൃത്വത്തില്‍ നിന്നും നേരിടേണ്ടി വന്ന പീഡനങ്ങള്‍.

അത് സംബന്ധിച്ചുള്ള ചില പരാതികള്‍ ഇപ്പോഴുമുണ്ടെന്നാണ് എനിക്ക് തോന്നുന്നത്. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോടുള്ള തമാശ രൂപത്തില്‍ പറഞ്ഞ മറുപടിയാണ് കോടിയേരിയുടേത് എന്നാണ് കരുതുന്നത്. ഞാന്‍ ആ ഭാഗം കണ്ടിട്ടില്ല.

സ്വന്തം നേതൃത്വത്തില്‍ നിന്ന് ഏറ്റുവാങ്ങേണ്ടി വന്ന പീഡനങ്ങളോട് പൊരുതി ക്ഷീണിച്ചപ്പോള്‍ അവര്‍ അതിന് വേറൊരു മാനം നല്‍കാനോ മറ്റോ ചെയ്തതാകാം ഈ പരാതി എന്നാണ് കരുതുന്നത്. ആ പരാതിയില്‍ ഗൗരവമൊന്നും കാണുന്നില്ല,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കാര്യങ്ങള്‍ അറിയാതെയാണ് പരാതി ഉയര്‍ന്നിട്ടുള്ളതെന്നും താനൊരു കുസൃതി ചോദ്യത്തിന് മറുപടി പറഞ്ഞതാണ് ചര്‍ച്ചയായതെന്നും വിഷയത്തില്‍ നേരത്തെ കോടിയേരി ബാലകൃഷ്ണന്‍ പ്രതികരിച്ചിരുന്നു.

പ്രസ്തുത വിഷയത്തില്‍ വനിതാ കമ്മിഷന്‍ ആവശ്യപ്പെട്ടാല്‍ വിശദീകരണം നല്‍കുമെന്നും സ്ത്രീകള്‍ക്ക് വേണ്ട പ്രാധാന്യം പാര്‍ട്ടി നല്‍കിയിട്ടുണ്ടെന്നും കോടിയേരി വ്യക്തമാക്കി.

പാര്‍ട്ടി സംസ്ഥാന കമ്മിറ്റിയില്‍ വനിതാ പ്രാതിനിധ്യം വര്‍ധിപ്പിക്കുമോയെന്ന ചോദ്യത്തിന് എല്ലാ കമ്മിറ്റിയിലും പ്രാതിനിധ്യം വര്‍ധിപ്പിക്കുമെന്നായിരുന്നു കോടിയേരി പറഞ്ഞത്.

എന്നാല്‍ അമ്പത് ശതമാനം സ്ത്രീ സംവരണം കമ്മിറ്റിയിലുണ്ടാകുമോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന്, നിങ്ങള്‍ കമ്മറ്റിയെ തകര്‍ക്കാന്‍ വേണ്ടി നടക്കുന്നതാണോയെന്നാണ് തമാശരൂപത്തില്‍ കോടിയേരി ചോദിച്ചത്.

കോടിയേരിയുടെ പ്രസ്താവനയ്ക്ക് പിന്നാലെ നിരവധി വിമര്‍ശനങ്ങളും ഉയര്‍ന്നിരുന്നു.


Content Highlights: This is not generation change in CPIM says M Swaraj

We use cookies to give you the best possible experience. Learn more