| Thursday, 27th August 2020, 10:49 am

'ഇത് സാമ്പത്തിക സംവരണമല്ല, സവര്‍ണ്ണ സംവരണം, ഗുണംലഭിക്കുന്നത് പലനിലക്കും പ്രിവിലിജുകള്‍ അനുഭവിക്കുന്ന വിഭാഗക്കാര്‍ക്ക്': വി.ടി ബല്‍റാം

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: സര്‍ക്കാര്‍ ജോലികളില്‍ മുന്നോക്കക്കാരിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് പത്ത് ശതമാനം സംവരണം ഏര്‍പ്പെടുത്തിയ തീരുമാനത്തില്‍ പ്രതികരണവുമായി വി.ടി ബല്‍റാം എം.എല്‍.എ.

ഓപ്പണ്‍ ക്വാട്ടയിലുണ്ടാവേണ്ടിയിരുന്ന 10% സീറ്റ് ഇനി മുതല്‍ സവര്‍ണ്ണ സമുദായങ്ങള്‍ക്ക് മാത്രമായി നീക്കിവെച്ചിരിക്കുന്നെന്നും മെറിറ്റിന്റെ മാത്രം അടിസ്ഥാനത്തില്‍ എല്ലാവര്‍ക്കും ഒരുപോലെ ലഭിക്കുമായിരുന്ന പത്ത് ശതമാനം സീറ്റിലേക്കാണ് ചരിത്രത്തിലൊരു കാലത്തും സാമൂഹികമായ വിവേചനങ്ങളോ ഗുരുതരമായ എന്തെങ്കിലും അനീതികളോ നേരിടേണ്ടി വന്നിട്ടില്ലാത്ത, എന്നാല്‍ പലനിലക്കും പ്രിവിലിജുകള്‍ അനുഭവിക്കാന്‍ അവസരമുണ്ടായ ചില ജനവിഭാഗങ്ങള്‍ക്ക് നല്‍കുന്നതെന്നും വി.ടി ബല്‍റാം പ്രതികരിച്ചു.

കേരളത്തിലെ ദേവസ്വം ബോര്‍ഡുകളില്‍ പിണറായി വിജയന്‍ സര്‍ക്കാര്‍ തുടങ്ങിവച്ച് ദേശീയ തലത്തില്‍ നരേന്ദ്രമോദി ഏറ്റെടുത്ത ഈ സംവരണ തീരുമാനം യഥാര്‍ത്ഥത്തില്‍ സാമ്പത്തിക സംവരണമല്ല, സവര്‍ണ്ണ സംവരണമാണെന്നും ബല്‍റാം പറഞ്#ു.

എല്ലാ വിഭാഗങ്ങളിലേയും പാവപ്പെട്ടവരേക്കുറിച്ചല്ല സര്‍ക്കാരുകളുടെ വേദന, സവര്‍ണ്ണരിലെ പാവപ്പെട്ടവരേക്കുറിച്ച് മാത്രമാണ്. ഒരുകാലത്ത് സമ്പത്തും ഭൂമിയും അധികാരങ്ങളുമെല്ലാം കയ്യടക്കി വച്ചിരുന്നവരുടെ പിന്‍മുറയിലെ ചിലര്‍ക്ക് പില്‍ക്കാലത്ത് സ്വന്തം കാരണങ്ങളാല്‍ വന്നുചേര്‍ന്ന ‘സുകൃതക്ഷയം’ മാത്രമാണ് പരിഗണിക്കപ്പെടേണ്ടത് എന്നാണ് നമ്മുടെ ‘ജനപക്ഷ’ സര്‍ക്കാരുകള്‍ നമ്മോട് പറയുന്നതെന്നും വി.ടി ബല്‍റാം ഫേസ്ബുക്കില്‍ കുറിച്ചു.

കഴിഞ്ഞ ദിവസമായിരുന്നു മുന്നാക്കക്കാരിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് 10 ശതമാനം സംവരണം ഏര്‍പ്പെടുത്തുന്നതിനുള്ള നിര്‍ദേശം പി.എസ്.സി യോഗം അംഗീകരിച്ചത്. ഇത് സംബന്ധിച്ച നിര്‍ദേശം കഴിഞ്ഞ ദിവസം സര്‍ക്കാര്‍ പി.എസ്.സിക്ക് അയച്ചിരുന്നു.

സംവരണം നടപ്പാക്കണമെങ്കില്‍ കേരള സര്‍വീസ് ചട്ടങ്ങള്‍ ഭേദഗതി ചെയ്യണം. അതിനുള്ള നിര്‍ദേശങ്ങള്‍ക്കാണ് പി.എസ്.സി അംഗീകാരം നല്‍കിയത്. ഇത് സര്‍ക്കാരിലേക്ക് തിരിച്ചയച്ചിട്ടുണ്ട്. സര്‍ക്കാര്‍ കൂടി ഭേദഗതി അംഗീകരിക്കുന്നതോടെ സര്‍ക്കാര്‍ ജോലിക്കും സാമ്പത്തിക സംവരണം നിലവില്‍ വരും.

ഓപ്പണ്‍ ക്വാട്ടയിലെ ഒഴിവില്‍ നിന്ന് 10 ശതമാനമാണ് സാമ്പത്തിക സംവരണത്തിന് നീക്കി വെച്ചിരിക്കുന്നത്. മുന്നാക്ക വിഭാഗങ്ങളിലെ നാലു ലക്ഷം രൂപ വരെ വാര്‍ഷിക വരുമാനമുള്ളവര്‍ക്ക് സംവരണത്തിന് അര്‍ഹത ഉണ്ടാകും.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

ഓപ്പണ്‍ ക്വാട്ടയിലുണ്ടാവേണ്ടിയിരുന്ന 10% സീറ്റ് ഇനി മുതല്‍ സവര്‍ണ്ണ സമുദായങ്ങള്‍ക്ക് മാത്രം. മെറിറ്റിന്റെ മാത്രം അടിസ്ഥാനത്തില്‍ എല്ലാവര്‍ക്കും ഒരുപോലെ ലഭിക്കുമായിരുന്ന പത്ത് ശതമാനം സീറ്റിലേക്ക് ഇതാ, ചരിത്രത്തിലൊരു കാലത്തും സാമൂഹികമായ വിവേചനങ്ങളോ ഗുരുതരമായ എന്തെങ്കിലും അനീതികളോ നേരിടേണ്ടി വന്നിട്ടില്ലാത്ത, എന്നാല്‍ പലനിലക്കും പ്രിവിലിജുകള്‍ അനുഭവിക്കാന്‍ അവസരമുണ്ടായ ചില ജനവിഭാഗങ്ങള്‍ക്ക് സംവരണം നടപ്പിലാവുന്നു.

കേരളത്തിലെ ദേവസ്വം ബോര്‍ഡുകളില്‍ പിണറായി വിജയന്‍ സര്‍ക്കാര്‍ തുടങ്ങിവച്ച് ദേശീയ തലത്തില്‍ നരേന്ദ്രമോദി ഏറ്റെടുത്ത ഈ സംവരണ തീരുമാനം യഥാര്‍ത്ഥത്തില്‍ സാമ്പത്തിക സംവരണമല്ല, സവര്‍ണ്ണ സംവരണമാണ്. എല്ലാ വിഭാഗങ്ങളിലേയും പാവപ്പെട്ടവരേക്കുറിച്ചല്ല സര്‍ക്കാരുകളുടെ വേദന, സവര്‍ണ്ണരിലെ പാവപ്പെട്ടവരേക്കുറിച്ച് മാത്രമാണ്. ഒരുകാലത്ത് സമ്പത്തും ഭൂമിയും അധികാരങ്ങളുമെല്ലാം കയ്യടക്കി വച്ചിരുന്നവരുടെ പിന്‍മുറയിലെ ചിലര്‍ക്ക് പില്‍ക്കാലത്ത് സ്വന്തം കാരണങ്ങളാല്‍ വന്നുചേര്‍ന്ന ‘സുകൃതക്ഷയം’ മാത്രമാണ് പരിഗണിക്കപ്പെടേണ്ടത് എന്നാണ് നമ്മുടെ ‘ജനപക്ഷ’ സര്‍ക്കാരുകള്‍ നമ്മോട് പറയുന്നത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more