| Thursday, 18th May 2023, 7:26 pm

ഇതൊരു അപ്രതീക്ഷിത സംഭവമല്ല; ആനക്കട്ടിയില്‍ കാട്ടാന ആക്രമണത്തെ തുടര്‍ന്നുണ്ടായ മരണത്തില്‍ സമരവുമായി ഗവേഷക വിദ്യാര്‍ത്ഥികള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോയമ്പത്തൂര്‍: ആനക്കട്ടിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട ഗവേഷണ വിദ്യാര്‍ത്ഥി വിശാല്‍ ശര്‍മയുടെ മരണത്തിന് പിന്നാലെ ഗവേഷണ കേന്ദ്രത്തിലെ സുരക്ഷാ വീഴ്ചയില്‍ സമരവുമായി വിദ്യാര്‍ത്ഥികള്‍. സാലിം അലി സെന്റര്‍ ഫോര്‍ ഓര്‍ണിതോളജി ആന്റ് നാച്ചുറല്‍ ഹിസ്റ്ററി, കോയമ്പത്തൂര്‍ എന്ന വൈല്‍ഡ് ലൈഫ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ ദക്ഷിണേന്ത്യയിലെ റീജിയണല്‍ കേന്ദ്രത്തിലെ വിശാല്‍ ശ്രീമലാണ് കഴിഞ്ഞ ദിവസം കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.

എന്നാല്‍ സ്ഥാപനത്തില്‍ ലഭ്യമായ സുരക്ഷാ സംവിധാനങ്ങളുടെയും സൗകര്യങ്ങളുടെയും നിജസ്ഥിതി വിലയിരുത്തുമ്പോള്‍ ഇതൊരു അപ്രതീക്ഷിത സംഭവമല്ലെന്ന് ഗവേഷണ വിദ്യാര്‍ത്ഥികള്‍ ആരോപിച്ചു.

രാത്രികാല ലൈറ്റുകളും, വഴിയോര ലൈറ്റുകളും, ടോര്‍ച്ചുകളും, ആവശ്യമായ സെക്യൂരിറ്റിയും, താമസസ്ഥലത്തെ ഭക്ഷണം, വെള്ളം തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളും അവയുടെ ലഭ്യതയും ഈയൊരു സാഹചര്യത്തില്‍ ചര്‍ച്ച ചെയ്യേണ്ടതാണെന്നും ആരോപിച്ചാണ് വിദ്യാര്‍ത്ഥികള്‍ സമരം ചെയ്യുന്നത്.

‘പതിറ്റാണ്ടുകളായി നിലനില്‍ക്കുന്ന ഈ സ്ഥാപനത്തില്‍ സൗകര്യങ്ങള്‍ ലഭ്യമാക്കുന്നതില്‍ അധികാരികള്‍ വീഴ്ചവരുത്തിയെങ്കില്‍ ബന്ധപ്പെട്ടവര്‍ക്ക് അതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കേണ്ട ബാധ്യതയുണ്ട്.

മാത്രമല്ല, എന്തുകൊണ്ട് ഇത്രകാലമായി ഇതൊന്നും നടപ്പാക്കിയില്ലെന്ന ചോദ്യവും അധികാരികളുടെ അനാസ്ഥയും ഉയര്‍ത്തികൊണ്ട് ഗവേഷണ വിദ്യാര്‍ത്ഥികള്‍ സമരം ചെയുകയാണ്,’ സമരക്കാര്‍ അറിയിച്ചു.

ചൊവ്വാഴ്ച രാത്രി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് പുറത്തിറങ്ങി നടക്കവേ വിശാല്‍ കാട്ടാനയുടെ മുന്നില്‍ അകപ്പെടുകയായിരുന്നു. കാട്ടാന തുമ്പികൈ കൊണ്ട് തട്ടിയെറിഞ്ഞതിനെ തുടര്‍ന്നുണ്ടായ ഗുരുതര പരിക്കാണ് മരണത്തിലേക്ക് നയിച്ചത്.

ആദ്യം വിശാലിനെ കോട്ടത്തറ ട്രൈബല്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയിലും തുടര്‍ന്ന് കൊയമ്പത്തൂര്‍ മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിക്കുകയായിരുന്നു. ചികിത്സയിലിരിക്കേ ബുധനാഴ്ച മരണം സംഭവിക്കുകയായിരുന്നു.

content highlight: This is not an unexpected event; Research students protest over the death of a wildebeest attack in Anakatti

We use cookies to give you the best possible experience. Learn more