| Monday, 25th November 2024, 10:19 pm

യു.കെയില്‍ ട്രെന്‍ഡിങ്ങായി 'കോള ഗസ'; ഓരോ സിപ്പും നിങ്ങളെ ഫലസ്തീന്റെ ദുരവസ്ഥയെ ഓര്‍മ്മിപ്പിക്കുമെന്ന് നിര്‍മാതാവ്‌

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലണ്ടന്‍: ഗസയില്‍ ഇസ്രഈല്‍ കൂട്ടക്കുരുതി തുടരുന്നതിനിടെ യു.കെയില്‍ ഫലസ്തീന്‍ ഐക്യദാര്‍ഢ്യത്തിന്റെ കുളിര്‍മ സമ്മാനിച്ച് ഹിറ്റ് അടിക്കുകയാണ് ‘കോള ഗസ’. ഫലസ്തീന്‍ വ്യവസായിയും ഇംഗ്ലണ്ടിലെ ആക്ടിവിസ്റ്റുമായ ഒസാമ ഖാഷൂ ആണ് ഈ കോളയുടെ സൃഷ്ടാവ്.

‘കുറ്റബോധമില്ലാത്ത, വംശഹത്യയില്ലാത്ത ഒരു രുചി കണ്ടെത്താന്‍. സ്വാതന്ത്ര്യത്തിന്റെ യഥാര്‍ത്ഥ രുചി’ എന്ന ടാഗ് ലൈനോടെ പുറത്തിറക്കിയ കോള ഗസയുടെ 500,000 ക്യാനുകളാണ് ഇതുവരെ വില്‍പ്പന നടത്തിയത്.

കോള ഗസയുടെ ഓരോ സിപ്പും ഫലസ്തീന്റെ ദുരവസ്ഥയെ ഓര്‍മ്മിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി നിര്‍മാതാവായ ഖാഷൂം പറയുന്നു. ‘ഓരോ സിപ്പും ഫലസ്തീന്റെ പോരാട്ടത്തെക്കുറിച്ച് ജനങ്ങളെ ഓര്‍മ്മിപ്പിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഗാസയില്‍ ഇസ്രാഈല്‍ ആക്രമണത്തില്‍ ജീവന്‍ നഷ്ടപ്പെട്ട പലസ്തീന്‍ കുട്ടികളുടെ സ്മരണയ്ക്കായാണ്‌ കോള ഗസ വികസിപ്പിച്ചത്,’ ഖാഷൂം പറഞ്ഞു.

കോള ഗസയില്‍ നിന്നുള്ള എല്ലാ വരുമാനവും ഗസ സിറ്റിക്കടുത്തുള്ള അല്‍-കരാമ ഹോസ്പിറ്റലിന്റെ പ്രസവ വാര്‍ഡിന്റെ പുനര്‍നിര്‍മാണത്തിനായി സംഭാവനയായി നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഗസ കോളയുടെ തുടക്കം

ഇസ്രഈലിനെതിരെയുള്ള പ്രതിഷേധ സൂചകമായും ഫലസ്തീനുള്ള ആദരസൂചകവുമായിട്ടാണ് ഇത്തരമൊരു ഉത്പ്പന്നം വിപണിയിലെത്തിച്ചത്.

കച്ചവടത്തിന്റെ തുടക്കത്തില്‍ ലണ്ടനിലെ വെറും മൂന്ന് റസ്റ്റോറന്റുകളില്‍ മാത്രമാണ് കോള ഗസ വില്‍പ്പനയ്ക്ക് വെച്ചത്. ഇവ മൂന്നും ഫലസ്തീനെ പിന്തുണയ്ക്കുന്ന സ്ഥാപനങ്ങളായിരുന്നു. എന്നാല്‍ നിലവിലെ മാഞ്ചസ്റ്ററിലെ പല കച്ചവടക്കാരും ഇത് വില്‍ക്കുന്നുണ്ട്.

കോള ഗസ പോളണ്ടില്‍ നിന്ന് ഉത്പ്പാദിപ്പിച്ച് ഇംഗ്ലണ്ടിലേക്ക് ഇറക്കുമതി ചെയ്യുന്നത്. പരമ്പരാഗത കോള ചേരുവകള്‍ ഉപയോഗിച്ചാണ് കോള നിര്‍മിക്കുന്നത്. ഇവയ്ക്ക് കൊക്കകോളയ്ക്ക് സമാനമായ മധുരവും പുളിയുമുള്ള രുചിയുമാണുള്ളത്.

കോള ഗസയുടെ വിജയത്തിലൂടെ ഗസയിലെ കൂട്ടക്കൊലയില്‍ ഇസ്രഈല്‍ സൈന്യത്തെ പിന്തുണയ്ക്കുന്ന കൊക്കകോള കമ്പനിക്ക് ഒരു വെല്ലുവിളി ഉയര്‍ത്താനും കോള ഗസ ലക്ഷ്യമിടുന്നതായും നിര്‍മാതാക്കള്‍ പറയുന്നു. കോള ഗാസയുടെ പരസ്യങ്ങളില്‍ ‘വംശഹത്യ രഹിത കോള’ എന്ന ടാഗ്‌ലൈന്‍ പ്രത്യേകം ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഗസയില്‍ ഇസ്രഈല്‍ അധിനിവേശം ആരംഭിച്ചത് മുതല്‍ അമേരിക്കന്‍ കമ്പനിയായ കോളയ്‌ക്കെതിരെ ബോയ്‌ക്കോട്ട് ഉയര്‍ന്നിരുന്നു.

ഇസ്രഈല്‍ അധിനിവേശ ജെറുസലേമിലെ കൊക്കക്കോള കമ്പനിയുടെ പ്രവര്‍ത്തനങ്ങള്‍ കാരണമാണ് കൊക്കകോളക്കെതിരെ ബഹിഷ്‌കരണ ആഹ്വാനം ഉയര്‍ന്നത്. കൊക്കകോള ഫ്രാഞ്ചൈസിയായ സെന്‍ട്രല്‍ ബോട്ടിലിംഗ് കമ്പനി ഇവിടെയാണ് പ്രവര്‍ത്തിക്കുന്നത്.

Content Highlight: This is non-genocide cola; Cola Gaza trending in UK; Every sip will remind you of the plight of Palestine says producers

We use cookies to give you the best possible experience. Learn more