കോഴിക്കോട്: ഇത് സംവാദത്തിനുള്ള സമയമല്ലെന്നും ഇപ്പോള്‍ നിപ പ്രതിരോധമാണ് പ്രധാനമെന്നും ആരോഗ്യ മന്ത്രി വീണ ജോര്‍ജ്. കോണ്‍ഗ്രസ് നേതാവ് ഡോ. എസ്.എസ്. ലാല്‍ കഴിഞ്ഞ ദിവസം ആരോഗ്യ മന്ത്രിയെ സംവാദത്തിന് വെല്ലുവിളിച്ചിരുന്നു. ഇതിനെ കുറിച്ചുള്ള ജേര്‍ണലിസ്റ്റിന്റെ ചോദ്യത്തിന് മറുപടിയായിട്ടാണ് ആരോഗ്യ മന്ത്രി ഇത് സംവാദത്തിനുള്ള സമയമല്ലെന്നും അത് പിന്നീടാകാമെന്നും മറുപടി പറഞ്ഞത്.
നിപ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ആരോഗ്യ മന്ത്രിയുടെ പ്രവര്‍ത്തനം മോശമാണെന്നും മന്ത്രി രാജിവെക്കണമെന്നും ഡോ.എസ്.എസ്. ലാല്‍ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് മന്ത്രിയെ സംവാദത്തിന് ക്ഷണിച്ച് കൊണ്ടും അദ്ദേഹം രംഗത്ത് വന്നത്.
‘ എന്ത് സംവാദം, ഇപ്പോഴാണോ സംവാദം, ഇത് സംവാദത്തിനുള്ള സമയമാണോ? സംവാദമൊക്കെ ആകാം. പക്ഷെ, ഇപ്പോള്‍ നിപ പ്രതിരോധപ്രവര്‍ത്തനങ്ങളാണ് പ്രധാനം. അത് കൃത്യമായി നടക്കുന്നുണ്ട്. ഇപ്പോ സംവാദത്തിനുള്ള സമയമല്ല,’ ജേര്‍ണലിസ്റ്റിന്റെ ചോദ്യത്തിന് മറുപടിയായി ആരോഗ്യ മന്ത്രി പറഞ്ഞു.
കേരളത്തില്‍ വീണ്ടും നിപ സ്ഥിരീകരിച്ചത് മുതല്‍ ആരോഗ്യമന്ത്രിയുള്‍പ്പെടെയുള്ള സംഘം കോഴിക്കോട് ക്യാംപ് ചെയ്ത് പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ആരോഗ്യ മന്ത്രി പരാജയമാണെന്നായിരുന്നു കോണ്‍ഗ്രസ് നേതാവായ ഡോ.എസ്.എസ്. ലാല്‍ പറഞ്ഞിരുന്നത്. ഒരു ഘട്ടത്തില്‍ മുഖ്യമന്ത്രി ആരോഗ്യമന്ത്രിയെ രാജിവെപ്പിക്കണമെന്നും പറഞ്ഞിരുന്നു.
ഇതിന് പിന്നാലെ നടന്ന സോഷ്യല്‍ മീഡിയ ചര്‍ച്ചകളിലാണ് ഡോ.എസ്.എസ്.ലാല്‍ ആരോഗ്യ മന്ത്രിയെ സംവാദത്തിന് വെല്ലുവിളിച്ചത്. ആഗോളതലത്തില്‍ പ്രവര്‍ത്തിക്കുന്ന ആരോഗ്യ പ്രവര്‍ത്തകന്‍ കൂടിയായ ഡോ. എസ്.എസ്. ലാല്‍ കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ കഴക്കൂട്ടത്ത് കടകംപള്ളി സുരേന്ദ്രനെതിരെ യു.ഡി.എഫ്. സ്ഥാനാര്‍ത്ഥിയായിരുന്നു.
അതേ സമയം കഴിഞ്ഞ രണ്ട് ദിവസമായി കേരളത്തില്‍ പുതിയ നിപ കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. അതിനാല്‍ തന്നെ നിയന്ത്രണങ്ങളില്‍ അടുത്ത ദിവസം മുതല്‍ കൂടുതല്‍ ഇളവുകളുണ്ടാകും. കണ്ടെയ്‌മെന്റ് സോണുകളിലെ കടകള്‍ തുറക്കുന്നതടക്കമുള്ള കാര്യങ്ങളിലായിരിക്കും ഇളവുകള്‍.
content highlights: This is no time for debate, Nipa prevention is the key; Health Minister to Congress leader Dr. SS Lal