ഇത് മോദി സര്‍ക്കാരാണ് രാജീവ് ഗാന്ധി സര്‍ക്കാരല്ല; മുത്തലാഖ് വിധിയില്‍ കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് മന്ത്രി രവിശങ്കര്‍ പ്രസാദ്
India
ഇത് മോദി സര്‍ക്കാരാണ് രാജീവ് ഗാന്ധി സര്‍ക്കാരല്ല; മുത്തലാഖ് വിധിയില്‍ കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് മന്ത്രി രവിശങ്കര്‍ പ്രസാദ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 23rd August 2017, 10:31 am

ന്യൂദല്‍ഹി: മുത്തലാഖ് വിഷയത്തില്‍ കോണ്‍ഗ്രസിനെ പരിഹസിച്ചും മോദി സര്‍ക്കാരിനെ പ്രകീര്‍ത്തിച്ചും മന്ത്രി രവിശങ്കര്‍ പ്രസാദ്. മുത്തലാഖ് ഇരകള്‍ക്കൊപ്പം നിന്ന മോദിയെ ഓര്‍ത്ത് തനിക്ക് അഭിമാനമുണ്ടെന്നായിരുന്നു മന്ത്രി പറഞ്ഞത്.

ഇത് മോദി സര്‍ക്കാരാണ് അല്ലാതെ രാജീവ് ഗാന്ധി സര്‍ക്കാരല്ല. ഇത് കോണ്‍ഗ്രസിനുള്ള തിരിച്ചടിയാണ്. 1985 ലെ ഷാ ബാനു കേസില്‍ സുപ്രീംകോടതിയുടെ ചരിത്രപരമായ വിധിയെ രാജീവ് ഗാന്ധി സര്‍ക്കാര്‍ അട്ടിമറിക്കുകയായിരുന്നെന്നും ഇതൊന്നും ആരും മറന്നിട്ടില്ലെന്നും രവിശങ്കര്‍ പ്രസാദ് പറഞ്ഞു.


Dont Miss ബലാത്സംഗത്തിനിരയായത് മാന്യമായി വസ്ത്രം ധരിക്കാത്തതിനാല്‍; മൊറോകോയില്‍ ഓടുന്ന ബസ്സില്‍ കൂട്ടബലാത്സംഗത്തിനിരയായ യുവതിയെ അപമാനിച്ച് മതമൗലികവാദികള്‍


വിവാഹമോചിതയായ, പരാശ്രയമില്ലാതെ ജീവിക്കാനാവാത്ത രാജ്യത്തെ ഏതൊരു സ്ത്രീക്കും ജാവനാംശം ലഭിക്കാന്‍ അര്‍ഹതയുണ്ടെന്നായിരുന്നു അന്നത്തെ വിധി.

എന്നാല്‍ ചില മുസ്‌ലീം മതനേതാക്കളുടെ സമ്മര്‍ദ്ദത്തിന് പിന്നാലെ രാജീവ് ഗാന്ധിയുടെ കോണ്‍ഗ്രസ് സര്‍ക്കാര്‍ പാര്‍ലമെന്റിലെ മൃഗീയ ഭൂരിപക്ഷം ഉപയോഗിച്ച് സുപ്രീം കോടതിവിധി ദുര്‍ബലപ്പെടുത്തിക്കൊണ്ട് മുസ്‌ലീം യാഥാസ്ഥിതിക നേതൃത്വത്തിന് ഹിതകരമായ മുസ്‌ലീം വിവാഹമോചന നിയമം 1986 ല്‍ പാസ്സാക്കുകയായിരുന്നു.

അനുകൂലമായ വിധി സമ്പാദിച്ചിട്ടും അന്ന് ഷാ ബാനുവിന് നീതി നിഷേധിക്കപ്പെട്ടു. ഇതൊന്നും ആരും മറക്കില്ലെന്നുമായിരുന്നു മന്ത്രിയുടെ വാക്കുകള്‍.

എന്നാല്‍ മന്ത്രിയുടെ പരാമര്‍ശത്തിനെതിരെ കോണ്‍ഗ്രസ് രംഗത്തെത്തിട്ടില്ല. മുത്തലാഖ് നിയമവിരുദ്ധമാക്കിയ സുപ്രീം കോടതി വിധിയെ പൂര്‍ണമായും സ്വാഗതം ചെയ്യുന്നുവെന്നാണ് ഈ വിഷയത്തില്‍ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി പ്രതികരിച്ചത്. നീതിക്കായി പോരാടിയ വനിതകളെ അഭിനന്ദിക്കുന്നതായും അദ്ദേഹം പറഞ്ഞു.