റാഞ്ചി: ജംഷഡ്പൂര്‍ നിയോജക മണ്ഡലത്തില്‍ നിന്നും മുഖ്യമന്ത്രി രഘുബര്‍ദാസിനെതിരെ മത്സരിച്ച് വന്‍ വിജയം നേടിയതോടെ താരമായിരിക്കുകയാണ് വിമത ബി.ജെ.പി നേതാവായ സരയു റോയ്. ബി.ജെ.പി സര്‍ക്കാര്‍ സീറ്റ് നിഷേധിച്ചതോടെ മുഖ്യമന്ത്രിക്ക് എതിരെ തന്നെ സ്വതന്ത്രനായി മത്സരിച്ച് വന്‍ഭൂരിപക്ഷത്തില്‍ വിജയിക്കുകയായിരുന്നു സരയു.
എന്നാല്‍ ഹേമന്ത് സോറന്‍ നയിക്കുന്ന പുതിയ സര്‍ക്കാരില്‍ തനിക്ക് പ്രത്യേക റോള്‍ ഒന്നും ഉണ്ടായിരിക്കില്ലെന്നാണ് സരയു റോയ് ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്. സ്വതന്ത്രനായി തന്നെ തുടരുമെന്നും മെറിറ്റ് അനുസരിച്ച് അവരെ പിന്തുണയ്ക്കുമെന്നും സരയു പറയുന്നു.
ഇപ്പോള്‍, അവര്‍ക്ക് എന്റെ ധാര്‍മ്മിക പിന്തുണയുണ്ട്. ഈ സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താന്‍ ഞാന്‍ ഒരിക്കലും ആഗ്രഹിക്കുന്നില്ല. എന്തെങ്കിലും പ്രശ്‌നം ഉയര്‍ന്നു വന്നാല്‍ അത് അവരെ മനസ്സിലാക്കിക്കാന്‍ ഞാന്‍ ശ്രമിക്കും- എന്നായിരുന്നു സരയു റോയിയുടെ മറുപടി.
പ്രകടന പത്രികയില്‍ ജെ.എം.എം നിരവധി വാഗ്ദാനങ്ങള്‍ ജനങ്ങള്‍ക്ക് നല്‍കിയിരുന്നെന്നും ഇതില്‍ സര്‍ക്കാരിന്റെ മുന്‍ഗണന എന്തിനെല്ലാമായിരിക്കുമെന്ന ചോദ്യത്തിന് സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി പരിശോധിക്കാന്‍ അവര്‍ ആദ്യം ഒരു യോഗ്യതയുള്ള ടീമിനെ രൂപപ്പെടുത്തണമെന്നായിരുന്നു സരയു റോയിയുടെ മറുപടി.
സംസ്ഥാനത്തിന്റെ ബാധ്യതകളെക്കുറിച്ച് ഒരു വിലയിരുത്തല്‍ ഉണ്ടായിരിക്കണം. കേന്ദ്രത്തില്‍ ഇപ്പോള്‍ ശത്രുതാപരമായ ഒരു സര്‍ക്കാരാണ് ഉള്ളത്. കൂടാതെ നിരവധി കേന്ദ്ര പദ്ധതികള്‍ക്ക് പണം ആവശ്യമാണ്.
കോണ്‍ഗ്രസും സഖ്യത്തിന്റെ ഭാഗമായതിനാല്‍ തന്നെ ജാര്‍ഖണ്ഡ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത് ദല്‍ഹിയില്‍ നിന്നാണെന്ന രീതിയിലുള്ള ഒരു സംസാരം ഉണ്ടാവാന്‍ പാടില്ലെന്നും സരയു ചൂണ്ടിക്കാട്ടി.
തൊഴിലില്ലായ്മ പരിഹരിക്കുമെന്നായിരുന്നു താങ്കള്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ നല്‍കിയ വാഗ്ദാനം ഈ തൊഴില്‍ എവിടെ നിന്ന് വരുമെന്നാണ് താങ്കള്‍ കരുതുന്നത് എന്ന ചോദ്യത്തിന് , ജാര്‍ഖണ്ഡില്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നത് വളരെ ബുദ്ധിമുട്ടാണെന്നും സര്‍ക്കാര്‍ ജോലി നല്‍കാമെന്ന് തീരുമാനിച്ചാല്‍ തന്നെ അത് ഖജനാവിനെ ബാധിക്കുമെന്നുമായിരുന്നു റോയിയുടെ മറുപടി.
പുറത്തുനിന്ന് ചെയ്യിക്കുന്ന ജോലിയുടെ ബാധ്യതയും നേരിട്ട് ചെയ്യിക്കുമ്പോഴുണ്ടാകുന്ന ചിലവും തമ്മിലുള്ള വ്യത്യാസം കണക്കാക്കേണ്ടതുണ്ട്. ഇതിനെല്ലാം മികച്ച സാമ്പത്തിക ഉപദേഷ്ടാവ് ആവശ്യമാണ് എന്നും സരയു റോയ് പറയുന്നു.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
രഘുബര്‍ദാസിനെതിരായ മത്സരത്തില്‍ അനുകൂലമായ ഘടകങ്ങള്‍ എന്തെല്ലാമായിരുന്നെന്ന ചോദ്യത്തിന് ജനങ്ങള്‍ക്ക് രഘുബര്‍ ദാസിനോട് നീരസം ഉണ്ടായിരുന്നെന്നും അതുകൊണ്ട് തന്നെ ആളുകള്‍ തന്നോട് സഹതാപം പ്രകടിപ്പിച്ചെന്നും റോയ് പറഞ്ഞു.
നിരവധി കേസുകളില്‍ പ്രതികളായ ആളുകള്‍ക്കൊക്കെ ബി.ജെ.പി ടിക്കറ്റ് നല്‍കി. എന്നാല്‍ എനിക്ക് ടിക്കറ്റ് നിഷേധിച്ചു. രഘുബര്‍ദാസിന് അഹങ്കാരമായിരുന്നു. ഒരു പരാതിയുമായി ആളുകള്‍ ചെന്നാല്‍ അവരോട് വളരെ മോശമായിട്ടായിരുന്നു പെരുമാറിയിരുന്നത്. നിങ്ങളൊന്നും എന്റെ വോട്ട് ബാങ്ക് അല്ല എന്ന രീതിയിലായിരുന്നു പെരുമാറ്റം.
മാത്രമല്ല ഒരിക്കലും നിറവേറ്റാത്ത ഒരുപാട് കാര്യങ്ങള്‍ അദ്ദേഹം വാഗ്ദാനം ചെയ്യുകയും ചെയ്തു. മാത്രമല്ല മുഖ്യമന്ത്രിയുടെ ബന്ധുക്കളുടെ പെരുമാറ്റം പോലും ജനങ്ങളെ അസ്വസ്ഥപ്പെടുത്തിയിരുന്നു. മുഖ്യമന്ത്രിയുടെ മകന്‍ ഉള്‍പ്പെടെ അധികാരം പങ്കിട്ട അവസരം വരെ ഉണ്ടായി.
എന്റെ നിയോജകമണ്ഡലത്തില്‍ തന്നെ കച്ചവടക്കാര്‍ ഉള്‍പ്പെടെ നിരവധി പേര്‍ മുഖ്യമന്ത്രിയുടെ ബന്ധുക്കളാല്‍ ഉപദ്രവിക്കപ്പെട്ടിട്ടുണ്ട്. – സരയു റോയ് പറഞ്ഞു.
തെരഞ്ഞെടുപ്പ് ഫലങ്ങളുടെ പശ്ചാത്തലത്തില്‍ ബി.ജെ.പി കേന്ദ്ര നേതൃത്വത്തിന് എന്തെങ്കിലും സന്ദേശം നല്‍കാനുണ്ടോ എന്ന ചോദ്യത്തിന്
താന്‍ ഇപ്പോള്‍ പാര്‍ട്ടിയില്‍ ഇല്ലാത്തതിനാല്‍ തന്നെ അത്തരത്തില്‍ ഒരു നിര്‍ദേശവും പാര്‍ട്ടിക്ക് നല്‍കാന്‍ ഇല്ലെന്നായിരുന്നു സരയു റോയിയുടെ പ്രതികരണം. എന്നാല്‍ സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദേശം പോലും ബി.ജെ.പി കേന്ദ്രം നേതൃത്വം ചെവിക്കൊള്ളാറില്ലെന്നും സരയു പറഞ്ഞു.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
രഘുബര്‍ദാസിനെ മോദിയും അമിത് ഷായും സംരക്ഷിച്ചപ്പോള്‍ നിരവധി ബി.ജെ.പി എം.എല്‍.എമാര്‍ അപമാനിക്കപ്പെട്ടെന്നും ബി.ജെ.പി നേതാക്കള്‍ ഉയര്‍ത്തിയ പല പ്രശ്‌നങ്ങളോടും കേന്ദ്രനേതൃത്വം മുഖം തിരിച്ചെന്നും സരയു പറഞ്ഞു.
രഘുബര്‍ ദാസ് സര്‍ക്കാരില്‍ ഭക്ഷ്യമന്ത്രിയായിരിക്കെ ആധാറിനെ പി.ഡി.എസുമായി ബന്ധിപ്പിച്ചു, അതിന്റെ ഫലമായി റേഷന്‍ വിതരണം ചെയ്യുന്നതുമായി ബന്ധപ്പെട്ട് പല പ്രശ്‌നങ്ങളം ഉണ്ടായി. പലര്‍ക്കും റേഷന്‍ നേടാനായില്ല. ഇത് ഒരു തെറ്റായ തീരുമാനമായിരുന്നെന്ന് താങ്കള്‍ക്ക് ഇപ്പോള്‍ തോന്നുന്നുണ്ടോ എന്ന ചോദ്യത്തിന്, ആധാര്‍ പി.ഡി.എസുമായി ബന്ധിപ്പിക്കുന്നതില്‍ ഒരു പ്രശ്നമുണ്ടെന്ന് ഞാന്‍ ഇപ്പോഴും കരുതുന്നില്ലെന്നും എന്നാല്‍ ഈ സാങ്കേതിക വിദ്യകളൊക്കെ ആളുകള്‍ക്ക് പ്രാപ്യമാകുന്നതാണെന്ന് ആദ്യം നമ്മള്‍ ഉറപ്പുവരുത്തണമെന്നുമായിരുന്നു സരയു റോയിയുടെ മറുപടി.
സിഗ്നല്‍ പോലും ലഭിക്കാത്തിടത്ത് നിരവധി കടകളുണ്ട്. അത് പരിഹരിക്കേണ്ടത് തന്നെയാണ്. അടിസ്ഥാന കാര്യങ്ങളില്‍ പരിഹാരമുണ്ടാക്കിയ ശേഷം മാത്രമേ മുന്നോട്ട്‌പോകാന്‍ പാടുള്ളൂവെന്ന് ഞാന്‍ ഇപ്പോള്‍ മനസിലാക്കുന്നു- എന്നുമായിരുന്നു അദ്ദേഹത്തിന്റെ മറുപടി.