ഫ്രാൻസിനെ തകർത്ത് ഫിഫ ലോകകപ്പ് കിരീടം സ്വന്തമാക്കി കരിയർ സമ്പൂർണമാക്കിയിരിക്കുകയാണ് മെസി. ഇതോടെ ഫുട്ബോൾ ചരിത്രത്തിലെതന്നെ ഏറ്റവും വിജയകരമായ കരിയർ പൂർത്തിയാക്കിയ താരങ്ങളിലൊരാളായി മാറിയിരിക്കുകയാണ് അദ്ദേഹം.
ഏറെക്കാലം നീണ്ട കിരീട വരൾച്ചക്കും കിരീടമില്ലാത്ത രാജാവ് എന്ന പരിഹാസങ്ങൾക്കും ശേഷമാണ് കോപ്പാ അമേരിക്ക, ഫൈനലിസിമ, ലോകകപ്പ് മുതലായ കിരീടങ്ങൾ തുടർച്ചയായി നേടി മെസിയും സംഘവും വരവറിയിച്ചത്.
എന്നാലിപ്പോൾ മെസിയുടെ ലോകകപ്പിലെ മികച്ച ഫോമിനെ പ്രശംസിച്ച് രംഗത്ത് വന്നിരിക്കുകയാണ് ഉറുഗ്വേയുടെയും അത് ലറ്റിക്കോ മാഡ്രിഡിന്റെയും സൂപ്പർ താരമായ ഡീഗോ ഗോഡിൻ.
അർജന്റൈൻ മാധ്യമമായ ഓഡിന് നൽകിയ അഭിമുഖത്തിലാണ് മെസിയുടെ മിന്നും പ്രകടനത്തെക്കുറിച്ച് ഡീഗോ ഗോഡിൻ അഭിപ്രായം ഉന്നയിച്ചത്.
“മെസിയുടെ ഗംഭീര പ്രകടനമാണ് ലോകകപ്പിൽ നാം കണ്ടത്. മുമ്പൊരിക്കലും മെസി ഇങ്ങനെ കളിക്കുന്നത് ഞാൻ കണ്ടിരുന്നില്ല. ഒരു സംഘത്തെ എങ്ങനെ മുന്നിൽ നിന്നും നയിക്കണമെന്ന് അദ്ദേഹം നമുക്ക് കാണിച്ചു തന്നു. അദ്ദേഹത്തിന്റെ നേതൃപാടവം പ്രശംസനീയമാണ്.കളിയുടെ എല്ലാ മേഖലയിലും അദ്ദേഹത്തിന്റെ ആധിപത്യം കാണാമായിരുന്നു. മെസിയുടെ ഏറ്റവും മികച്ച വേർഷനാണ് നമ്മൾ ലോകകപ്പിൽ കണ്ടത്,’ ഡീഗോ ഗോഡിൻ പറഞ്ഞു.
അദ്ദേഹം ലോകകപ്പ് നേടിയതിൽ എനിക്ക് വലിയ സന്തോഷമുണ്ട്. ഉറുഗ്വേയിൽ ധാരാളം ഫുട്ബോൾ ആരാധകർ മെസിയുടെ ലോകകപ്പ് കിരീടധാരണം ആഗ്രഹിച്ചിരുന്നു. തീർച്ചയായും അർജന്റീന ഞങ്ങളുടെ മികച്ച എതിരാളികളാണ്. പക്ഷെ ഈ ടീം വ്യത്യസ്തമായിരുന്നു. അവർ അത്ഭുതങ്ങൾ സൃഷ്‌ടിച്ചു,’ ഡീഗോ ഗോഡിൻ കൂട്ടിച്ചേർത്തു.
ഉറുഗ്വേക്കൊപ്പം അർജന്റീനക്ക് എതിരെ കളിച്ചത് കൂടാതെ ക്ലബ്ബ് ഫുട്ബോളിൽ ബാഴ്സലോണയുടെ എതിരാളികളായ അത് ലറ്റിക്കോ മാഡ്രിഡിന് വേണ്ടിയാണ് ഗോഡിൻ കളിച്ചിരുന്നത്.
അതേസമയം ലോകകപ്പ് വിജയത്തിന് ശേഷം ക്ലബ്ബ് ഫുട്ബോളിലേക്ക് മടങ്ങിയെത്തിയ മെസി പി.എസ്.ജിക്കായി പഴയ ഫോമിൽ കളിക്കുന്നില്ലെന്ന് ആരാധകർ വിമർശനം ഉന്നയിക്കുന്നുണ്ട്.